Wed. Nov 6th, 2024
തലശ്ശേരി:

വടകരമണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ആര്‍.എം.പി നേതാക്കള്‍ക്കെതിരെ വടകരമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു. സ്ഥാനാര്‍ത്ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കെ.കെ രമ, എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

കോഴിക്കോട് ആര്‍.എം.പി. യോഗത്തിനു ശേഷം, ഞായറാഴ്ച പത്ര-ദൃശ്യമാധ്യമങ്ങളോടാണ് പി. ജയരാജനെ കൊലയാളിയെന്ന്, കെ. കെ. രമ അധിക്ഷേപിച്ചത്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കാനുള്ള കളവായ പ്രസ്താവനയാണിതെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഒരു അന്വേഷണ ഏജന്‍സിയും പി. ജയരാജനെതിരെ അത്തരമൊരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. ടി.പി.ചന്ദ്രശേഖരന്‍ കേസില്‍ പ്രതിയാണെന്ന നിലയിലുള്ള പ്രസ്താവനയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കും.

കോണ്‍ഗ്രസ്, ലീഗ്, ആര്‍.എസ്.എസ്-ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങളെ പ്രീതിപ്പെടുത്തുന്നതിനും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും ഉദ്ദേശിച്ചാണ് ഇത്തരത്തിലുള്ള പ്രസ്താവന. ആരോപണം പിന്‍വലിച്ച് അഞ്ചു ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടിസ്വീകരിക്കുമെന്നും വക്കീല്‍നോട്ടീസില്‍ വ്യക്തമാക്കി.

നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും, കോഴിക്കോട് സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്കും ചൊവ്വാഴ്ച പരാതി നല്‍കും. അപകീര്‍ത്തികരവും കെട്ടിച്ചമച്ചതുമായ ആക്ഷേപത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *