യുട്രെക്റ്റ്:
നെതർലൻഡിലെ യുട്രെക്റ്റിൽ തോക്കുധാരി നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചു പേരുടെ നില ഗുരുതരമാണ്. ട്രാമിലെ യാത്രക്കാർക്കു നേരെ തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം.
അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. 37 വയസ്സുകാരനായ തുർക്കിഷ് വംശജൻ ഗോക്മെൻ ടാനിസിനെ പോലീസ് തെരയുന്നുണ്ട്. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ട്രാം സർവീസ് പൂർണമായും നിർത്തിവച്ചു. പ്രദേശത്തെ സ്കൂളുകൾ അടച്ചു. തീവ്രവാദ ആക്രമണം തന്നെയെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ യോഗങ്ങളെല്ലാം റദ്ദാക്കി. പരിക്കേറ്റവരെ ചികിത്സിക്കാനായി പ്രധാന മെഡിക്കൽ സെന്ററിൽ പ്രത്യേക എമർജൻസി വാർഡ് തുറന്നിട്ടുണ്ട്. അക്രമിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാണ്.