കോഴിക്കോട് :
ജില്ലയുടെ വിവിധഭാഗങ്ങളില്‍ വലിയ അളവില്‍ നിയമവിരുദ്ധമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ 15 കിലോ കഞ്ചാവുമായി ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും കസബ പോലീസും ചേര്‍ന്ന പിടികൂടി. കോഴിക്കോട് മോഡേണ്‍ ബസാര്‍ കൊളത്തറ എരഞ്ഞിക്കല്‍ കല്ലുവെട്ടു കുഴി യാസർ അറാഫത്ത് (26 വയസ്സ്) ആണ് അറസ്റ്റിലായത്. ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് കോഴിക്കോടെത്തിച്ച് രണ്ടു കിലോ വീതം ചില്ലറ വില്‍പനക്കാര്‍ക്ക് വിതരണം ചെയ്യുന്ന ആളാണ് അറാഫത്ത്.
നല്ലളം, ഫറോക്ക് ഭാഗങ്ങളില്‍ ഇയാള്‍ വലിയ അളവില്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് യാസര്‍ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവുമായി തിങ്കളാഴ്ച ഉച്ചക്ക് ശേഷം പാളയം എം.എം അലി റോഡില്‍ എത്തിയതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസബ എസ്.ഐ സ്മിതേഷിന്റെ നേതൃത്വത്തില്‍ ഡന്‍സാഫും കസബ പോലീസും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് 15 കിലോയോളം കഞ്ചാവുമായി യാസിര്‍ അറഫാത്ത് പോലീസിന്റെ പിടിയിലാവുന്നത്.
ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കസബ ഇന്‍സ്‌പെക്ടര്‍ വി.ബാബുരാജ് അറിയിച്ചു. കസബ പോലീസ് സ്റ്റേഷന്‍ എസ്.ഐ കെ.വി. സ്മിതേഷ്, പോലീസുകാരായ ഷിറില്‍ ദാസ്, ഷിജു, ഷാജു ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബ്ദുള്‍ മുനീര്‍, എം. മുഹമ്മദ് ഷാഫി, എം.സജി, കെ. അഖിലേഷ്, കെ.എ ജോമോന്‍, എന്‍. നവീന്‍, പി. സോജി തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്.