ന്യൂഡല്‍ഹി:
തര്‍ക്കവും പ്രതിസന്ധിയും വയനാട്ടില്‍നിന്നു വടകരയിലേക്കു മാറിയതോടെ നീണ്ടു പോയ കോണ്‍ഗ്രസ്സിന്റെ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിടും. വടകരയില്‍ സി.പി.എം. സ്ഥാനാര്‍ഥി പി. ജയരാജനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ്സിന്റെ തലയെടുപ്പുള്ള ഒരു നേതാവു തന്നെ കളത്തിലിറങ്ങണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതുകൊണ്ടുതന്നെ മത്സരരംഗത്തേക്കിറങ്ങാന്‍ കെ.പി..സിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമേല്‍ സമ്മര്‍ദമേറുകയാണ്.
എന്നാല്‍, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ അറിയിച്ചു. ടി. സിദ്ദിക്ക് വയനാടും, ഷാനിമോള്‍ ഉസ്മാന് ആലപ്പുഴയിലും, അടൂര്‍ പ്രകാശ് ആറ്റിങ്ങലും മത്സരിക്കും എന്ന കാര്യം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ശനിയാഴ്ച രാത്രി ആദ്യം പതിമൂന്നു പേരെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടിക, വടകരയിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് പന്ത്രണ്ട് പേരുകളില്‍ ഒതുങ്ങിയത്. പിന്നീട് ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ വയനാട് സീറ്റിലായിരുന്നു കൃത്യമായ ഉറപ്പു കണ്ടെത്താനാകാതെ തീരുമാനം നീണ്ടത്.
വയനാട്ടിലെ സീറ്റില്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി നേരിട്ടു ചര്‍ച്ച ചെയ്തിട്ടു മാത്രം തീരുമാനം എടുക്കാമെന്ന നിലപാടായിരുന്നു കെ.പി.സി.സി നേതൃത്വത്തിന്. ഇന്നലെ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തിയതോടെ, വയനാട് സംബന്ധിച്ച് ഏകദേശ ധാരണ ആയി. എന്നാല്‍, അനിശ്ചിതത്വം വടകരയിലേക്കു നീങ്ങുകയായിരുന്നു. വടകരയില്‍ ശക്തനായ ഒരാള്‍ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ പാടേ തകരും എന്ന നിലയിലുള്ള സന്ദേശങ്ങള്‍ ഹൈക്കമാന്‍ഡിലേക്കും എത്തി. വടകരയിലേക്കു മൂന്നു പേരുകള്‍ ഉള്‍പ്പെട്ട ഒരു പട്ടിക കെ.പി.സി.സി അധ്യക്ഷന്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുടെ പരിഗണനയ്ക്കു നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാവും പുതുമുഖങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.