Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഇന്നലെ മാറ്റിവച്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ചേരും.

തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ അവകാശം ഉന്നയിച്ച മണ്ഡലമാണ് പത്തനംതിട്ട. അഭ്യൂഹങ്ങള്‍ പലതും പ്രചരിക്കുന്നുണ്ടെങ്കിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കളാരും മനസു തുറക്കുന്നില്ല. ഡല്‍ഹിയില്‍ പ്രഖ്യാപിക്കും എന്നേ പറയുന്നുളളൂ. ദില്ലി സന്ദര്‍ശനത്തിനിടെ മണ്ഡലം ശ്രീധരന്‍ പിള്ള കൈക്കലാക്കിയതായി സൂചന ഉണ്ടായിരുന്നു. എന്നാല്‍ പിള്ളയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ രോഷം പുകയുകയുമാണ്. അമിത് ഷായുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ എത്തി പിള്ളയ്ക്ക് പകരം സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യമാണ് അണികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെയാണ് സ്ഥാനാര്‍ത്ഥി പട്ടിക വീണ്ടും മാറി മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് പത്തനംതിട്ട സീറ്റിനായി വടംവലി രൂക്ഷമാക്കിയത്. ശബരിമല കേസില്‍ ജയിലില്‍ കിടന്നതും കോടതി വിലക്ക് കല്‍പ്പിച്ചതുമൊക്കെ അനുകൂലമാകുമെന്നാണ് സുരേന്ദ്രന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ പത്തനംതിട്ടയില്‍ സുരേന്ദ്രനെ പോലുള്ള തീവ്രനിലപാടുകാര്‍ മത്സരിച്ചാല്‍ ഗുണം ചെയ്യില്ലെന്നും എല്ലാവര്‍ക്കും സ്വീകാര്യനായ ശ്രീധരന്‍പിള്ളയെപ്പോലുള്ളവര്‍ വേണമെന്നുമാണ് മറുഭാഗത്തിന്റെ വാദം. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച ആര്‍.എസ്.എസ് നേതൃത്വം വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം വേണമെന്ന് നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്.

സംസ്ഥാനം കൈമാറിയ പട്ടികയില്‍ അന്തിമ തീരുമാനം യോഗമെടുക്കുമെന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. കുമ്മനം രാജശേഖരന് തിരുവനന്തപുരവും ബി.ഡി.ജെ.എസിന് തൃശൂരും നല്‍കിയതോടെയാണ് ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ടയില്‍ തര്‍ക്കമുണ്ടായത്. തൃശൂര്‍ സീറ്റില്‍ മത്സരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. കണ്ണന്താനത്തെ കൊല്ലത്തും കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കനെ എറണാകുളത്തുമാണ് പരിഗണിക്കുന്നത്.

തൃശൂര്‍ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. കോട്ടയം കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിനാണ്. പി.സി. തോമസ് തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ പട്ടികയിലില്ലെന്നാണ് സൂചന.

സംസ്ഥാനത്തെ ബി.ജെ.പിയുടെ ബൂത്ത് സമ്മേളനങ്ങള്‍ 25ന് അവസാനിക്കും. പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായ ശേഷമാണ് ബൂത്ത് സമ്മേളനങ്ങള്‍ നടക്കുന്നത്. ചുവരുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഇനി വെളള പൂശി സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും എഴുതിയാല്‍ മതി. ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *