Sat. Apr 27th, 2024
ന്യൂഡൽഹി:

മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു. പലപേരുകള്‍ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് കെ.മുരളീധരനിലേക്ക് ചര്‍ച്ചയെത്തിയത്. കെ.പി.സി.സി. മുൻ അധ്യക്ഷനും നിലവിൽ വട്ടിയൂർക്കാവ് എം.എൽ.എയുമാണ് കെ. മുരളീധരൻ. വടകരയിൽ പ്രവീൺ കുമാർ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ പി.ജയരാജനെതിരെ ശക്തമായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് ചർച്ചകൾ വീണ്ടും വഴിമാറി കെ. മുരളീധരനില്‍ ചെന്നു നിന്നത്.

വലിയ തർക്കങ്ങൾക്കു ശേഷമാണ് വടകരയിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ തീരുമാനത്തിലേക്ക് എത്തുന്നത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ വടകരയിൽ മത്സരിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അതിനാൽ തന്നെ തന്റെ നിലപാടിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയെങ്കിലും മുല്ലപ്പള്ളി തീരുമാനത്തിൽ നിന്ന് മാറിയില്ല. ഇതിനിടയിൽ, കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരന്‍റെ പേരും വടകരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടു. എന്നാൽ, 2009ൽ തന്നെ താൻ പാർലമെന്ററി മത്സരരംഗത്തു നിന്ന് പിൻമാറിയതാണെന്നും അതുകൊണ്ട് മത്സരിക്കാനില്ലെന്നും വി.എം സുധീരനും അറിയിച്ചു.

പിന്നീട്, ബിന്ദു കൃഷ്ണയെ പരിഗണിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് അവരും വ്യക്തമാക്കുകയായിരുന്നു.
യുവനേതാവായ വിദ്യ ബാലകൃഷ്ണന്റെ പേര് ആദ്യം മുതൽക്കേ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ജയരാജനെ പോലുള്ള ഒരു സ്ഥാനാർത്ഥിക്ക് ശക്തനായ എതിരാളി തന്നെ വേണമെന്ന് പ്രവർത്തകരിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ശക്തനായ സ്ഥാനാർത്ഥിയെ വടകരയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് സന്ദേശപ്രവാഹമായിരുന്നു. എല്ലാത്തിനും ഒടുവിലാണ് പ്രവീൺ കുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനനേതൃത്വം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ജയരാജനെ പരാജയപ്പെടുത്താനായി ആര്‍.എം.പി. പോലും യു.ഡി.എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെ നേതൃത്വത്തിന് സമ്മര്‍ദമേറി. കൂടാതെ ലീഗ് ഉള്‍പ്പടെയുള്ളവര്‍ മികച്ച സ്ഥാനാർത്ഥി എന്ന ആവശ്യം ഉന്നയിച്ചു. അങ്ങനെയാണ് വിഷയത്തില്‍  ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ വരുന്നത്. അദ്ദേഹം 11 മണിയോടെ കെ.മുരളീധരനെ ബന്ധപ്പെട്ടു. ആ ചര്‍ച്ചയാണ് കാര്യങ്ങള്‍ അപ്രതീക്ഷിത തീരുമാനത്തിലെത്തിച്ചത്.

മുന്‍ കോഴിക്കോട് എം.പി. കൂടിയാണ്‌ മുരളീധരന്‍. വടകര മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങള്‍ കോഴിക്കോട് ജില്ലയിലാണ് എന്നതും അദ്ദേഹത്തിന്റെ പേരിന് പ്രാമുഖ്യം കിട്ടാന്‍ കാരണമായി. ഉറപ്പ് കിട്ടിയതോടെ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളിയെ വിളിച്ച് മുരളീധരന്‍ സമ്മതം അറിയിച്ചതായി ധരിപ്പിച്ചു. അതോടെ ചര്‍ച്ചപോലുമില്ലാതെ മുരളീധരന്റെ പേര് നിശ്ചയിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *