Sun. Dec 22nd, 2024
വിശാഖപട്ടണം:

തെലുങ്ക് -തമിഴ് നടി രശ്മി ഗൗതം സഞ്ചരിച്ചിരുന്ന കാർ വഴിയാത്രക്കാരന്റെ മേൽ ഇടിച്ചതായി റിപ്പോർട്ട്. അഗ്നമ്പുടി ഹൈവേ മുറിച്ചു കടക്കുകയായിരുന്നു സയ്യദ് അബ്ദുൽ എന്ന ട്രക്ക് ഡ്രൈവറെയാണ് വാഹനം ഇടിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സയ്യദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒരു വെബ് പരമ്പരയുടെ ഷൂട്ട് കഴിഞ്ഞ്, നിർമ്മാണ കമ്പനി നൽകിയ കാറിൽ വിശാഖപട്ടണത്തെ ഗജുവാക്കയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു രശ്മി. അതിവേഗത്തിൽ വന്ന കാർ, റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന വഴിയാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

അപകടത്തെത്തുടർന്ന് കാൽനടയാത്രക്കാരനെ ആദ്യം ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിശാഖപട്ടണത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രശ്മിയുടെ കാർ ഓടിച്ചിരുന്ന ഡ്രൈവർ എം.എ ഗൗതമിനെയും, ഒപ്പം ഇടിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം രശ്മിയും നേരിടേണ്ടി വരും. അപകടത്തിൽ രശ്മിക്കും ചെറുതായി പരിക്കു പറ്റിയിട്ടുണ്ട്.

വീട്ടിലേക്ക് എത്താൻ ഏതാണ്ട് പത്തു പതിനഞ്ച് മിനിറ്റ് മാത്രം ഉള്ളപ്പോഴാണ് അപകടം നടന്നതെന്നും, അപകടം നടന്ന സ്ഥലത്ത് വെട്ടം കുറവായിരുന്നെന്നും, അപകടം പറ്റിയ ആൾ റോഡിന് കുറുകെ ഓടുമ്പോഴാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്നുമാണ് രശ്മി മാധ്യമങ്ങളോട് പറഞ്ഞത്.

അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അപകടം ഉണ്ടായപ്പോൾ വാഹനം നിർത്തി പ്രൊഡക്ഷൻ ടീമിനെ വിളിച്ചെന്നും തുടർന്ന് ആംബുലെൻസ് വിളിച്ചെങ്കിലും വരാൻ ഏറെ സമയം എടുക്കും എന്നതിനാൽ തങ്ങളുടെ കാറിൽ തന്നെ ഡ്രൈവറും താനും അപകടം പറ്റിയ ആളെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു എന്നും രശ്മി പറഞ്ഞു. ചുറ്റും നൂറുകണക്കിന് പേർ തടിച്ച് കൂടിയെങ്കിലും ആരും തങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നും രശ്മി കൂട്ടിച്ചേർത്തു.

2002 ൽ ‘ഹോളി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് . തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ വേണ്ടത്ര ശോഭിക്കാൻ രശ്മിക്ക് സാധിച്ചില്ലെങ്കിലും, ഒരു ടെലിവിഷൻ അവതാരക എന്ന നിലയിൽ അവർ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷനിൽ 10നോട് അടുപ്പിച്ച് റിയാലിറ്റി ഷോകൾ രശ്മി അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *