#ദിനസരികള് 701
കേരളത്തില്‍, ശ്രീ പിണറായി വിജയന്റെ സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുകയാണ്. ഈ കാലഘട്ടത്തില്‍ നാളിതുവരെ മറ്റൊരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വലിയ വിപത്തുകളെയാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. പ്രകൃതി ദുരന്തമായും, പകര്‍ച്ച വ്യാധിയായും, ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചു കൊണ്ട്, കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ, സംഘപരിവാരവും കോണ്‍ഗ്രസും നടത്തിയ രാഷ്ട്രീയ മുതലെടുപ്പു ശ്രമങ്ങളേയുമൊക്കെ സമര്‍ത്ഥമായി മുഖത്തോടു മുഖം നേരിട്ട പിണറായി വിജയന്‍, എല്ലുറപ്പുകൊണ്ട് ഒരു പുതിയ സമരചരിത്രം രചിക്കുകയായിരുന്നു. മനുഷ്യ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ട് പിണറായി സ്വീകരിച്ച ചരിത്രബോധമുള്ള നിലപാടുകളും വികസന മുന്നേറ്റങ്ങളും കാരണം രാജ്യത്തെ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി കേരളത്തെ പബ്ലിക് അഫയേഴ്സ് സെന്റര്‍, ബാംഗ്ലൂര്‍ വിലയിരുത്തി.
പ്രളയാനന്തര കേരളത്തിന്റെ വികസനത്തനു വേണ്ടി അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. അമ്പേ തകര്‍ന്നു പോയ പല മേഖലകളും പുതിയതായി നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. വ്യവസായ – കാര്‍ഷിക രംഗങ്ങളെയെല്ലാം ഒന്നുപോലെ കേരളം കണ്ട ഏറ്റവും വലിയ പ്രളയം കടപുഴക്കിയെറിഞ്ഞു. ആ കുത്തൊഴുക്കില്‍ അടിപറിഞ്ഞ ജീവിതങ്ങളെ, അതിന്റെ എല്ലാ ഹരിതാഭയോടും കൂടി പുനര്‍ജനിപ്പിക്കുക എന്നു പറഞ്ഞാല്‍ കേരളം പോലെയൊരു സംസ്ഥാനത്ത് ക്ഷിപ്ര സാധ്യമല്ല. എന്നു മാത്രവുമല്ല, ഇത്തരമൊരു വലിയ അപകടത്തില്‍ കൈപിടിച്ച് കൂടെ നില്ക്കുവാന്‍ നിയമപരമായും ധാര്‍മികമായും കടപ്പെട്ട കേന്ദ്രസര്‍ക്കാറാകട്ടെ ആവശ്യത്തിന് സഹായിച്ചില്ലെന്നു മാത്രവുമല്ല, സഹായിക്കാന്‍ തയ്യാറായവരെക്കൂടി നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ഫെഡറല്‍ സംവിധാനത്തിന്റെ എല്ലാവിധ ജനാധിപത്യ സാധ്യതകളേയും അവര്‍ കേരളത്തിന് നിഷേധിച്ചു.
പ്രളയം നമ്മുടെ എല്ലാ സങ്കല്പങ്ങളേയും തകിടം മറിക്കുകയായിരുന്നു. ചരിത്രത്തില്‍ ഇന്നുവരെ കേരളത്തിലുണ്ടാകാത്ത തരത്തിലുള്ള മഴയാണ് നമ്മുടെ ഈ കൊച്ചുനാട്ടിലേക്ക് ആര്‍ത്തലച്ച് പെയ്തത്. നാനൂറില്‍പ്പരം ഉരുള്‍ പൊട്ടലുകളില്‍ കൃഷി പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴുകിപ്പോയി. വീടുകള്‍ നിലനിന്നിരുന്ന ഇടങ്ങളില്‍ മണ്‍കൂനകള്‍ മാത്രം അവശേഷിച്ചു. പലയിടങ്ങളിലും അടയാളങ്ങള്‍ പോലുമില്ലാതെ കല്ലിന്മേല്‍ കല്ലവശേഷിക്കാതെ ഒഴുകിപ്പോയി. പുഴകള്‍ ഗതിമാറി. റോഡുകള്‍ ഇടിഞ്ഞു തൂര്‍ന്നു. പാലങ്ങള്‍ പൊളിഞ്ഞു വീണു. കേരളത്തിലെ മുപ്പത്തിയഞ്ചോളം അണക്കെട്ടുകള്‍ തുറന്നു വിടേണ്ടിവന്നു. 1253 വില്ലേജുകളിലെ 12253 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1.4 ദശലക്ഷം മനുഷ്യര്‍ ഒഴുകിയെത്തി.
ഏകദേശം നാല്പതിനായിരം കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായ കേരളത്തെ പുതിക്കിപ്പണിയുക തന്നെ വേണമായിരുന്നു. ഇത്രയും ഭീമമായ തുക കണ്ടെത്താന്‍, കര്‍മനിരതമായ സര്‍ക്കാര്‍ സാലറി ചലഞ്ചടക്കമുള്ളവ സംഘടിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരോട് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, വിദേശ സഹായം സ്വീകരിക്കുന്നതിനെ അനുകൂലിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍, അതിജീവിക്കുവാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഭീമമായ തുക തേടി സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍, ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഇതുവരെ അനുവദിച്ചത് അയ്യായിരം കോടി രൂപ മാത്രമാണ്.
നിപ കേരളത്തെ ഭീതിയിലാഴ്ത്തിയ മറ്റൊരു ദുരിതമായിരുന്നു. ഇരുപത്തിയൊന്നു പേര്‍ നിപ വൈറസ് ബാധിച്ചു മരിച്ചുവെങ്കിലും, ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപടലുകളിലൂടെ നിപയെ കൃത്യമായി കണ്ടെത്തുവാനും, നിയന്ത്രിക്കുവാനും കഴിഞ്ഞു. മന്ത്രി ഷൈലജ കരുതലും സ്നേഹവും കൊണ്ട് കേരളത്തിന്റെ അമ്മയായി മാറുന്നതിന് നാം സാക്ഷ്യം വഹിച്ചു. ഭീതി പരക്കുന്ന ഓരോ ഇടങ്ങളിലും അവര്‍ നേരിട്ടെത്തി ആശ്വാസമായി. നിപ കാരണം ഇന്ത്യയിലെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിതമായി. ലോകോത്തര നിലവാരത്തിലുള്ള ആ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്.
കേരളത്തിലെ തീരപ്രദേശങ്ങളെ പ്രത്യേകമായും, തെക്കന്‍ തീരങ്ങളെ മുച്ചൂടും നശിപ്പിച്ച ഓഖി മറ്റൊരു ആഘാതമായിരുന്നു. ധാരാളം വീടുകളും മത്സ്യബന്ധനോപകരണങ്ങളും മറ്റ് ജീവനോപാധികളും നശിച്ചു. കാണാതെയായവരും മരിച്ചവരുമായ നൂറില്‍പരം ആളുകള്‍ക്ക് ഇരുപതു ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്കിയത്, സൌജന്യ റേഷന്‍, പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപ, ദുരന്ത ബാധിതരുടെ മക്കള്‍ക്ക് 2037 വരെ സൌജന്യമായി പഠിക്കാനുള്ള ചെലവ്, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി എന്നിങ്ങനെ ഫലപ്രദമായ ഇടപെടലുകളുണ്ടായി. ചുഴലിക്കാറ്റുകളെ നേരിട്ട് യാതൊരു പരിചയവുമില്ലാതിരുന്ന ഒരു ജനതയ്ക്ക്, സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കൃത്യമായ പ്ലാംനിംഗിലൂടെ അതിനേയും അതിജീവിക്കാന്‍ കഴിഞ്ഞു.
പ്രകൃതി ദുരന്തവും പകര്‍ച്ച വ്യാധിയും തകര്‍ത്ത ജനതയെ, ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം തമ്മില്‍ തല്ലിക്കാനുള്ള ശ്രമങ്ങളാണ്, ശബരിമലയില്‍ യുവതി പ്രവേശനമാകാം എന്ന കോടതി ഉത്തരവിനെത്തുടര്‍ന്ന് ഉണ്ടായത്. സംഘപരിവാരവും, ഐക്യജനാധിപത്യ മുന്നണിയും കൈകോര്‍ത്തു പിടിച്ച്, വിധി പറഞ്ഞത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറാണ് എന്ന നിലയില്‍ പ്രചണ്ഡമായ പ്രചാരണം നടത്തി. നിലപാടുകളുടെ അചഞ്ചലത്വം കൊണ്ടും, നീതിബോധം കൊണ്ടും ആ കെടുതികളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിലെ ജനതയ്ക്കും, ഇടതുപക്ഷ സര്‍ക്കാറിനും കഴിഞ്ഞത് വലിയ ഭാഗ്യമായി. അല്ലായിരുന്നുവെങ്കില്‍, കേരളം നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു.
ആയിരം ദിവസങ്ങളായി സര്‍ക്കാര്‍ ഇവിടെ എന്തൊക്കെയാണ് ചെയ്തതെന്ന് മനസ്സിലാക്കുന്നത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‌മെന്റുകള്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രീതി മനസിലാക്കാന്‍ സഹായിക്കും.
(പ്രളയത്തിലുണ്ടായ കെടുതികള്‍ മനസ്സിലാക്കാന്‍ കേരളത്തിലെ വെള്ളപ്പൊക്കം (2018) എന്ന വിക്കിലേഖനത്തില്‍ നിന്നും ഒരു ഭാഗം പകര്‍ത്തുന്നു.)
മഴക്കെടുതികൾ
പക്ഷി മൃഗങ്ങൾ
മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും രക്ഷാപ്രവർത്തനത്തിനിടയിൽ കണ്ടുമുട്ടുന്ന ഏത് മൃഗത്തെയും രക്ഷിക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
പ്രളയത്തെത്തുടർന്ന് ആഗസ്റ്റ് 28 വരെ നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങൾ സംസ്കരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
വ്യവസായ മേഖല
പ്രളയം സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകൾക്ക് ഏൽപിച്ച വലിയ ആഘാതമാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇവ ഏകദേശം 10,000 കോടി രൂപയോളം വരുമെന്നാണ് പ്രാഥമിക നിഗമനം. വ്യാപാര സ്തംഭനം, സ്റ്റോക്കിനുണ്ടായ നാശം, കെട്ടിടങ്ങൾക്കും യന്ത്രസാമഗ്രികൾക്കുണ്ടായ കേടുപാടുകൾ എന്നിവയ്ക്കു പുറമെ അവസര നഷ്ടത്തിന്റെ മൂല്യവും ഇതിൽ ഉൾപ്പെടുന്നു. അതിവർഷത്തിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുന്നതു തോട്ടം വ്യവസായത്തിനാണ്. ഈ മേഖലയുടെ നഷ്ടം 1000 കോടി രൂപയ്ക്കു മുകളിലായിരിക്കുമെന്നു കണക്കാക്കുന്നു.
പറവൂർ ചേന്ദമംഗലം കൈത്തറി ഉൽപാദന മേഖല പാടേ തകർന്നത് ഉൾപ്പെടെ ടെക്സ്റ്റൈൽ വ്യവസായത്തിനു കനത്ത ആഘാതമാണുണ്ടായത്. ഓണത്തിനു മുന്നോടിയായി നടക്കേണ്ടിയിരുന്ന വസ്ത്ര വിപണനം 1000 കോടി രൂപയുടേതെങ്കിലുമാണ്. അതിന്റെ നാലിലൊന്നുപോലും ഈ പ്രാവശ്യം നടന്നിട്ടില്ല. കേരളത്തിൽനിന്നുള്ള 500 കോടി രൂപയുടെയെങ്കിലും ഓർഡർ റദ്ദാക്കപ്പെട്ടിട്ടുണ്ടെന്നാണു സൂറത്തിലെ ടെക്സ്റ്റൈൽ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നത്.[40]
ഗതാഗത മേഖല
തോരാതെ പെയ്ത മഴയും വിവിധ അണക്കെട്ടുകളിൽ നിന്നുള്ള കുത്തൊഴുക്കും മണ്ണിടിച്ചിലും കേരളത്തിന്റെ വിവിധ പ്രദേൾങ്ങൾ വെള്ളത്തിനടിയിലാക്കി. ഇത് കേരളത്തിലെ റോഡ്, ട്രെയിൻ ഗതാഗതത്തെയും അതുപോലെ വിമാന സർവീസുകളെയും സാരമായി ബാധിച്ചു. നിരവധി റോഡുകൾ വെള്ളത്തിനടിയിലാവുകയും ഒലിച്ചുപോവുകയും ചെയ്തു. അതു പോലെ നിരവധി പാലങ്ങൾ തകരുകയും ചെയ്തു. തിരുവനന്തപുരം-ഷൊർണൂർ റൂട്ടിലും, കോഴിക്കോട്-ഷൊർണ്ണുർ റൂട്ടിലും ട്രെയിൻ സർവിസ് നിർത്തി വെക്കേണ്ടി വന്നു. അതു പോലെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വരികയും മറ്റു വിമാനത്താവളത്തിലേക്കുള്ള സർവ്വീസുകൾ ഒഴിവാക്കേണ്ടിയും വരികയും സംസ്ഥാനം തീർത്തും ഒറ്റപ്പെട്ട ഒരു അവസ്ഥയും സംജാതമായി. വെള്ളപ്പൊക്കത്തെത്തുടർന്ന് ഏകദേശം രണ്ട് ആഴ്ചയോളം അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് 29 ബുധനാഴ്ചയോടെ പ്രവർത്തനസജ്ജമാകുകയും ഒരു ആഭ്യന്തര വിമാനം 2 മണിയോടെ പറന്നിറങ്ങുകയും ചെയ്തു. സിയാലിന്റെ ആകെ നഷ്ടം 300 കോടിയാണെന്നു കണക്കാക്കിയിരിക്കുന്നു.
ടൂറിസം മേഖല
സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ 10% നേടിക്കൊടുക്കുന്ന വ്യവസായമാണ് ടൂറിസം മേഖല. വെള്ളപ്പൊക്കം കാരണമായി കേരളത്തിലെ ടൂറിസം വ്യവസായത്തിന്റെ നഷ്ടം കണക്കാക്കിയിരിക്കുന്നത് ഏകദേശം 20 ബില്യൺ രൂപയാണ്. ഇത് കഴിഞ്ഞ രണ്ടു മാസങ്ങളിലേയും വരുന്ന രണ്ടുമൂന്നു മാസങ്ങളിലേയും അവസര നഷ്ടമായ 15 ബില്ല്യൺ ഉൾപ്പെടെയുള്ള കണക്കാണ്. റോഡ് ഗതാഗതം സ്തംഭിച്ചതും കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയതും മൂലം വൻതോതിലാണു ഹോട്ടൽ മുറികളുടെ ബുക്കിങ് റദ്ദാക്കപ്പെട്ടത്. ദിവസം ആയിരത്തിലേറെ ടൂറിസ്റ്റ് വാഹനങ്ങൾ എത്തിയിരുന്ന മൂന്നാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്തും നിർജ്ജീവമായി. കേരള ടൂറിസത്തിന്റെ വിപണനത്തിൽ വലിയ പങ്കുള്ള ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി പോലും നടന്നില്ല. ഹൈറേഞ്ച് ടൂറിസത്തിനു 100 കോടി രൂപയുടെ വരുമാനം നഷടമായപ്പോൾ ഹൗസ് ബോട്ട് ടൂറിസത്തിനു നഷ്ടം 10 കോടിയോളം രൂപയാണ് നഷ്ടമായി കണക്കാക്കുന്നത്.
പ്രളയം മൂലം പുറത്തിറങ്ങാൻ തിയ്യതി നിശ്ചയിച്ച നിരവധി ചിത്രങ്ങളാണ് റിലീസിങ്ങ് മാറ്റി വെച്ചത്. ഇതു മൂലം മലയാള സിനിമാ വ്യവസായത്തിന് 30 കോടിയുടെ നഷ്ടമാണുണ്ടാവുക എന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി.
കാർഷിക മേഖല
സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തിനുമേൽ ദുരന്തം കരിനിഴൽവീഴ്ത്തിയ വർഷമാണ് 2018 എന്നു പറയാം. അതിവർഷത്തിന് അകമ്പടിയായെത്തിയ ശക്തമായ കാറ്റും ഉരുൾപൊട്ടലും മണ്ണിടിച്ചിലും അനേകം കർഷകരുടെ ജീവനെടുക്കുകയും അവരുടെ ജീവനോപാധികൾ പൂർണ്ണമായി ഇല്ലാതാക്കുകയും ഭാവി ജീവിതം ചോദ്യചിഹ്നമാക്കുകയും ചെയ്തു. പച്ചക്കറി, വാഴ, നെല്ല്, കപ്പ, നാണ്യവിളകൾ തുടങ്ങി അതിവർഷത്തിൽ നശിക്കാത്ത യാതൊരു വിളകളും സംസ്ഥാനത്തില്ല. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് നെല്ല്, വാഴ തുടങ്ങിയ വിളകൾക്കായിരുന്നു.
കതിരണിഞ്ഞ ഏക്കർകണക്കിനു വയലേലകൾ കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിൽ മുങ്ങിപ്പോയി. കുട്ടനാട്ടിലും അപ്പർ കുട്ടനാടൻ മേഖലയിലും മാത്രം ഏകദേശം 10,495 ഹെക്ടർ പ്രദേശത്തെ നെൽകൃഷി നശിച്ചതായി കണക്കാക്കപ്പെടുന്നു. വെള്ളം വറ്റിക്കാനുപയോഗിച്ചിരുന്ന പമ്പുസെറ്റുകൾപോലും വെള്ളത്തിൽ മുങ്ങിപ്പോയി. കുട്ടനാട‌്, അപ്പർകുട്ടനാട‌് മേഖലകളിലെ സകല പാടശേഖരങ്ങളും പ്രളയജലത്തിന്റെ പ്രഹരമേറ്റുവാങ്ങി. ഇവിടുത്തെ ആകെയുള്ള 28 പഞ്ചായത്തുകളിൽ ഒറ്റ വയലിൽപ്പോലും നെൽകൃഷി അവശേഷിക്കുന്നില്ല.
വെള്ളപ്പൊക്കത്തിൽ കുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിൽ മാത്രം ഏകദേശം 150 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നു കണക്കാക്കിയിരിക്കുന്നു.വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ പല മേഖലകളിലും ഉരുൾപ്പൊട്ടൽ ഉണ്ടായതിനെത്തുടർന്ന് പാടങ്ങളിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ അടുത്ത സീസണിലെ കൃഷി അസാദ്ധ്യമായിരിക്കുന്നു. നാളികേരം, കുരുമുളക്, കൊക്കോ, ജാതിക്ക എന്നവയുടെയെല്ലാം ഉത്പാദനത്തെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. വിലയിടിവുകൊണ്ടു നട്ടംതിരിഞ്ഞിരുന്ന കർഷകരുടെ തലയിൽ ഇടിത്തീ വീണതുപോലെയായി ദ്രുതഗതിയിലെത്തിയ അതിവൃഷ്ടി.
തെങ്ങിൻ തോപ്പുകളിലും റബ്ബർ തോട്ടങ്ങളിലും ഇടവിളയായി കൃഷിചെയ്യാറുള്ള കൊക്കോയുടെ ഉത്പാദനം ഏകദേശം 50 ശതമാനമെങ്കിലും കുറയുമെന്നു വിലയിരുത്തപ്പെടുന്നു. കാപ്പി, തേയില എന്നിവയുടെ ഉത്പാദനവും വെള്ളപ്പൊക്കത്തിനു ശേഷം 50 ശതമാനമെങ്കിലും കുറയുമെന്നാണ് നിഗമനം. ഈ പ്രളയകാലത്ത് ഭീമമായ നാശം നേരിട്ട ഒരു വിളയാണ് ഏലം. ഏലത്തോട്ടങ്ങളിൽ പലതും വിളവെടുപ്പ് അടുത്തു വരുന്ന സമയത്താണ് അതിവൃഷ്ടി ആരംഭിച്ചത്. ഇത് സുഗന്ധവ്യഞ്ജന വിപണിയിൽ വിപരീതഫലം ഉളവാക്കിയേക്കും.
പലയിടത്തും ഭൂമി അപ്പാടെ ഒലിച്ചു പോകുകയും കൃഷിയ്ക്കു യോജിച്ചതല്ലാതായിത്തീരുകയും ചെയ്തു. തോട്ടം മേഖലയിലെ ആകെ നഷ്ടം 800 കോടിയിലധികമായി കണക്കാക്കിയിരിക്കുന്നു. സംസ്ഥാനത്ത് ഏകദേശം 48,000 ഹെക്ടർ തോട്ടങ്ങളെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. റബ്ബർ തോട്ടങ്ങൾക്കു മാത്രം ഏകദേശം 500 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. റബ്ബറിന്റെ വിലയിടിവിൽനിന്നു കരകയറാൻ കർഷകർക്കു സാധിക്കാതെയിരുന്ന സമയത്താണ് തുടർച്ചയായ മഴയും കാറ്റും എത്തുന്നത്. ഇത് റബ്ബർ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഏലം, കുരുമുളക് എന്നിവയും കനത്ത നാശം നേരിട്ടവയിൽ ഉൾപ്പെടുന്നു. തേയിലത്തോട്ടങ്ങളിൽ ഉൽപാദനം 50 ശതമാനത്തോളമാണ് കുറഞ്ഞത്.
വൈദ്യുതി മേഖല
പേമാരിയിലും പ്രളയത്തിലും സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായി. 25 ലക്ഷം ആളുകളുടെ വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടു. അതോടൊപ്പം 28 സബ്.സ്റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവർത്തനം നിർത്തി വെയ്ക്കേണ്ടി വന്നു. പുറമെ 5 ചെറുകിട വൈദ്യുതി നിലയങ്ങൾ വെള്ളം കയറി തകരുകയും ചെയ്തു. വൈദ്യുതി പ്രതിഷ്ടാവനങ്ങൾക്ക് ഉണ്ടായ 350 കോടി രൂപയുടെ നഷ്ടത്തിനു പുറമെ വൈദ്യുതി ബോർഡിന് ഏകദേശം 470 കോടി രൂപയുടെ വരുമാന നഷ്ടവും ഉണ്ടായതായി കണക്കാക്കുന്നു.
വൈദ്യുതി വിതരണ മേഖലയിൽ പതിനായിരം ട്രാൻസ്ഫോർമറുകൾ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്ത് വെയ്ക്കേണ്ടി വന്നിട്ടുണ്ട്. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളിൽ ഇതുവരെയായി 4500-ഓളം എണ്ണം ചാർജ്ജ് ചെയ്തു. ബാക്കിയുള്ളവയിൽ ഏകദേശം 1200-ഓളം ട്രാൻസ്ഫോർമറുകൾ ഇപ്പോളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അവയെല്ലാം പ്രവർത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
വൈദ്യുതി വിതരണ സംവിധാനം തകർന്ന പ്രദേശങ്ങളിൽ അവ പുതരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകൾ പുന:സ്ഥാപിക്കാൻ നടപടി.
തകർന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി ഏകീകരിച്ച് നടപ്പിലാക്കാൻ ‘മിഷൻ റീകണക്റ്റ്’ എന്ന പേരിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വിതരണവിഭാഗം ഡയറക്ടറുടെ മേൽ നോട്ടത്തിൽ തിരുവനന്തപുരം വൈദ്യുതി ഭവനിൽ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവർത്തിക്കും. കൂടാത കല്പറ്റ, തൃശ്ശൂർ, ഇരിഞ്ഞാലക്കുട, പെരുമ്പാവൂർ, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്ട്രിക്കൽ സർക്കിളുകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലും, പ്രശ്ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികൾ പുനരുദ്ധാരണ പ്രവർത്തികൾക്ക് മേൽനോട്ടം നൽകും. എല്ലാ ജില്ലയിലും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ചീഫ് എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്.
സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനവും ലഭ്യമാക്കും. അതോടൊപ്പം തമിഴ്‌നാട്, കർണ്ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ജീവനക്കാരെയും ട്രാൻസ്ഫോർമറുകൾ അടക്കമുള്ള സാധനങ്ങളും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. പവർഗ്രിഡ്, എൻ.ടി.പി.സി, റ്റാറ്റാ പവർ, എൽ & ടി, സീമൻസ് തുടങ്ങിയ സ്ഥാപനങ്ങളും സഹായം നൽകി.
കണക്ഷൻ പുന:സ്ഥാപിക്കുന്നതിന് മുമ്പായി വയറിംഗ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ ഉറപ്പാക്കാതെ കണക്ഷൻ പുന:സ്ഥാപിക്കുന്നത് വൈദ്യുതി അപകടത്തിന് ഇടയാക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഇലക്ട്രീഷ്യൻമാരുടെ സേവനവും, സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കി.
കണക്ഷൻ പുന:സ്ഥാപിക്കാൻ താമസം നേരിടുന്ന വീടുകളിൽ എർത്ത് ലീക്കേജ് സർക്ക്യൂട്ട് ബ്രേക്കർ ഉൾപ്പടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താൽക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നൽകാൻ ബോർഡ് തീരുമാനിച്ചിരുന്നു.
തെരുവ് വിളക്കുകൾ കേടായ ഇടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാധനങ്ങൾ നൽകുന്ന മുറയ്ക്ക് സൌജന്യമായി അവ സ്ഥാപിച്ച് നൽകും. കൂടാതെ സെക്ഷൻ ഓഫീസുകൾ, റിലീഫ് ക്യാമ്പുകൾ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് സൌജന്യമായി മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തി.
വെള്ളപ്പൊക്കത്തിൽ തകരാറിലായ ട്രാൻസ്ഫോർ സ്റ്റേഷനുകൾ പുനരുദ്ധരിക്കുന്ന ജോലികൾക്കാവും പ്രഥമ പരിഗണന. തെരുവ് വിളക്കുകൾ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകൾ, ആശുപത്രികൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷൻ പുന:സ്ഥാപിക്കുകയും ചെയ്യുക എന്ന മുൻഗണനയിലാണ് പ്രവർത്തനങ്ങൾ ആസുത്രണം ചെയ്ത് നടപ്പാക്കിയത്.
വൈദ്യുതി വിതരണം പൂർവ്വ സ്ഥിതിയിലാക്കാൻ വൈദ്യുതി ബോർഡും ജീവനക്കാരും ഓണാവധി ദിവസങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാണ് ജോലികൾ പൂർത്തീകരിച്ചത്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.