Thu. Apr 25th, 2024
#ദിനസരികള് 700

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിലേയും, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയിലേയും നേതാക്കന്മാര്‍ തമ്മില്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ വെച്ച് കഴിഞ്ഞ ദിവസം വളരെ രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നുവല്ലോ. ആ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ ചര്‍ച്ചയില്‍‌ പങ്കെടുത്ത ഇ. ടി. മുഹമ്മദ് ബഷീര്‍ വളരെ ശക്തമായി നിഷേധിക്കുയാണ് ഉണ്ടായത്. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതിനിടയില്‍ അവിടെയുണ്ടായിരുന്ന എസ്.ഡി.പി.ഐ. നേതാക്കന്മാരെ അവിചാരിതമായി കണ്ടുമുട്ടുകയായിരുന്നുവെന്നും അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നുമായിരുന്നു ഇ.ടി. പ്രതികരിച്ചത്. എന്നാല്‍ എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ചര്‍ച്ചകള്‍ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍, മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി, പൊന്നാനി സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീര്‍, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, നസറുദ്ദിന്‍ എളമരം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

രണ്ടു മതന്യൂനപക്ഷ സംഘടനകളുടെ ഈ കൂടിക്കാഴ്ചയും, അവര്‍ പരസ്പരം പങ്കുവെച്ച ആശങ്കകളും എന്തായിരിക്കുമെന്ന് വര്‍ത്തമാന കാല രാഷ്ട്രീയത്തെക്കുറിച്ച് ധാരണകളുള്ള ഏതൊരാള്‍ക്കും ഊഹിക്കാവുന്നതേയുള്ളു. അതിനുമപ്പുറം വ്യക്തമായി കാണാവുന്ന തരത്തിലുള്ള അതിര്‍വരമ്പുകള്‍ ഏറെയൊന്നുമില്ലാത്ത ഈ രണ്ടു പാര്‍ട്ടികളും, യോജിപ്പുകളിലെത്തിയില്ലെങ്കിലേ നമുക്ക് അത്ഭുതത്തിന് അവകാശമുള്ളു. പുറമേ എത്രയൊക്കെ വിയോജിപ്പുകള്‍ പറഞ്ഞാലും ഈ കക്ഷികളെല്ലാംതന്നെ പരസ്പര സഹായ സഹകരണ സംഘങ്ങളായിട്ടാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് രാഷ്ട്രീയ കേരളത്തിന് വ്യക്തമായും അറിയാവുന്നതാണ്. എന്നാല്‍, പൊതു മധ്യത്തില്‍ പരസ്യമായി ചര്‍ച്ച നടത്താനും, നടത്തിയെങ്കില്‍, അതു നടത്തിയെന്ന് തുറന്നു സമ്മതിക്കാനും മടിയുള്ളവരോട് എന്തിന് ചര്‍ച്ചകള്‍ നടത്തിയെന്നും അത്രയും മോശക്കാരാണോ നമ്മള്‍ എന്നുമുള്ള അണികളുടെ ചോദ്യത്തിന് എസ്.ഡി.പി.ഐയുടെ നേതാക്കന്മാര്‍ മറുപടി പറയേണ്ടിവരും എന്നതാണ് മറ്റൊരു കാര്യം.

അതെന്തു തന്നെയായാലും മതതീവ്രവാദത്തിനെതിരെ തങ്ങള്‍ കര്‍ശനമായ നിലപാടെടുക്കുന്നതുകൊണ്ടാണ് എസ്.ഡി.പി.ഐ. കേരളത്തില്‍ ചുവടുറപ്പിക്കാത്തതെന്ന് നാഴികയ്ക്ക് നാല്പതുവട്ടം വീമ്പിളക്കുന്ന മുസ്ലിംലീഗിലെ നേതാക്കന്മാരുടെ ഉടുതുണിയാണ് നഗരമധ്യത്തില്‍ അഴിഞ്ഞു വീണത്. ഇനിയെങ്ങനെയാണ് ലീഗിനൊപ്പം ചേര്‍ന്ന് യു.ഡി.എഫിലെ ഇതര ഘടകകക്ഷികള്‍ മതേതരത്വത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക? എസ്.ഡി.പി.ഐയുമായി രഹസ്യ ബാന്ധവമുണ്ടാക്കിയ ലീഗിനെ ഒപ്പമിരുത്തി ഹിന്ദുത്വ തീവ്രവാദത്തിനെതിരെ എന്തു പ്രവര്‍ത്തനമായിരിക്കും യു ഡി എഫിന് നടത്താന്‍ കഴിയുക? യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന, മതേതരത്വത്തിന്റെ കാവല്‍ മാലഖമാരാണെന്ന് നിരന്തരം ഉദ്ഘോഷിക്കുന്ന കോണ്‍ഗ്രസ് ഇതിനെല്ലാം മറുപടി പറയേണ്ടതുണ്ട്.

യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന, മതേതരത്വത്തിന്റെ കാവല്‍ മാലഖമാരാണെന്ന് നിരന്തരം ഉദ്ഘോഷിക്കുന്ന കോണ്‍ഗ്രസ് ഇതിനെല്ലാം മറുപടി പറയേണ്ടതുണ്ട്. – എന്തൊരു ഫലിതമാണിത്? ബി ജെ പിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പുകളില്‍ കാലങ്ങളായി മത്സരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് മതേതരത്വത്തിന്റേതായ ഒരു മുഖമുണ്ടെന്ന് പറയേണ്ടി വരുന്നത്ര ഫലിതം മറ്റെന്താണുള്ളത്? ഇടതുപക്ഷത്തിനെതിരെ പ്രത്യേകിച്ചും സി.പി. ഐ.എമ്മിനെതിരെ എല്ലാക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചു വന്നത് ഇതേ നയം തന്നെയാണ്. ഇപ്പോഴും ആ ബന്ധം സുദൃഢമായി നിലനില്ക്കുന്നുമുണ്ട്. അത്തരത്തിലുള്ള കോണ്‍ഗ്രസിന് ലീഗിനെ ചോദ്യം ചെയ്യാനോ വര്‍ഗ്ഗീയ കക്ഷികളുമായി അവരുണ്ടാക്കുന്ന കൂട്ടുകെട്ടിനെ നിഷേധിക്കുവാനോ കഴിയില്ല. മറിച്ചു ചിന്തിക്കുന്നത് രാഷ്ട്രീയ ബോധത്തിന്റെ അഭാവമാണ്.

കോണ്‍ഗ്രസിലെ പല നേതാക്കന്മാരും ബി.ജെ.പിയുടെ ചൊല്പടിക്കു നില്ക്കുന്നവരാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ പ്രതിധ്വനി മാത്രമായി കോണ്‍‌ഗ്രസ് മാറിയത് അത്തരം നേതാക്കന്മാരുടെ ശ്രമഫലമായാണ്. ഉള്ളില്‍ ബി.ജെ.പിയോളം തന്നെ ഹിന്ദു തീവ്രവാദം പേറുന്നവര്‍ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഇതര മതന്യൂനപക്ഷങ്ങളെ ശമിപ്പിക്കാനുള്ള മുഖംമൂടി മാത്രമാണ് അവരുടെ മതേതരത്വം. അതുകൊണ്ടുതന്നെ ലീഗിന്റെ എസ്.ഡി.പി.ഐ ബാന്ധവങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചക്ക് വഴി തുറക്കില്ല.

ഒരു പക്ഷേ, ബി.ജെ.പിയുമായി ബന്ധപ്പെട്ട് ഹൈന്ദവ വോട്ടുകള്‍ തങ്ങളിലേക്ക് എത്തിക്കുന്നതുപോലെ എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട മുസ്ലിം വോട്ടുകള്‍ ലീഗിലേക്ക് എത്തിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചതുതന്നെ കോണ്‍ഗ്രസ് ആയിരിക്കാനും സാധ്യതയുമുണ്ട്. ഇടതുപക്ഷത്തെ ഏതു കൂട്ടുകെട്ടിലൂടെയും പരാജയപ്പെടുത്തുക എന്നതുമാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതുതന്നെ.

എന്നാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതും എതിര്‍ക്കപ്പെടേണ്ടതുതന്നെ എന്നു ചിന്തിക്കുന്ന പൊതു സമൂഹം ഈ കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കും എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഹിന്ദുക്കളുടെ ഭൂരിപക്ഷം വോട്ടുകളും ഇപ്പോഴും ബി.ജെ.പിയുടെ ഹിന്ദുത്വ വാദത്തിന് അടിയറ വെച്ചിട്ടില്ലെന്നതുകൂടി പരിഗണിക്കുമ്പോള്‍ പ്രസ്തുത വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.എസ് ഡി പി ഐ യെപ്പോലുള്ള വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ച് ലീഗിനും അതുവഴി യു.ഡി.എഫിനും നേട്ടമുണ്ടാക്കാനുള്ള ശ്രമം ഹൈന്ദവ ഏകീകരണത്തെ സഹായിക്കുകയാണ് ചെയ്യുക.

അതുകൊണ്ട് എല്ലാ വിധ മത തീവ്രവാദകക്ഷികളേയും ഒറ്റപ്പെടുത്തുകയും അകത്തി നിറുത്തുകയും ചെയ്യുകയെന്നതാണ് ജനാധിപത്യ മതേതര കക്ഷികള്‍ നിര്‍വഹിക്കേണ്ട പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഒരു വര്‍ഗ്ഗീയതയെ പരാജയപ്പെടുത്താന്‍ മറ്റൊരു വര്‍ഗ്ഗീയത കൂട്ടുപിടിക്കുകയെന്നത് അശ്ലീലമാണ്. മതസമൂഹമായി പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുവാനല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റൊന്നിനും സഹായിക്കുകയില്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *