വടകരയില്‍ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍

Reading Time: < 1 minute
വടകര:

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിൽ നിന്ന് പി. ജയരാജനെതിരെ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍. എതിരാളിക്ക് കീഴടങ്ങുന്ന നയം നേതൃത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ നാലു സീറ്റുകളിലാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണനെ വടകരയിലേക്ക് മത്സരിപ്പിക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

അതേസമയം വടകരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നതിലും അണികള്‍ നിരാശരാണ്. സാമൂഹിക മാധ്യമങ്ങളില്‍ പലരും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് തര്‍ക്കത്തിനിടയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വം മറന്നു പോകരുത് എന്നാണ് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. മുല്ലപ്പള്ളിയില്ലെങ്കില്‍, വടകരയില്‍ ജയരാജന്‍ ജയിക്കുമെന്നാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പങ്കു വെക്കുന്ന പൊതുവികാരം.

അതിനിടെ വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ജയരാജനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. വി.ടി. ബല്‍റാംരംഗത്ത് വന്നു. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം പങ്കുവച്ചാണ് ബല്‍റാം രംഗത്ത് വന്നത്. പി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലില്‍ പതിപ്പിച്ച പോസ്റ്ററാണു ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററിനു മുകളില്‍ ജയരാജനു വോട്ട് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചപ്പോള്‍ സിനിമയുടെ പേരു മറഞ്ഞു. എന്നാല്‍ പോസ്റ്ററിലെ ‘പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫണ്‍ ഫാമിലി ത്രില്ലര്‍’ എന്ന വരികള്‍ മറഞ്ഞില്ല. ഇതു പങ്കുവച്ചാണ് ബല്‍റാമിന്റെ ട്രോള്‍.

പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നു രാത്രി ഇന്നോവ തിരിയും എന്നായിരുന്നു ചിത്രം പങ്കുവച്ച്‌ ബല്‍റാം നല്‍കിയ കുറിപ്പ്. ചിത്രം എവിടെ പതിപ്പിച്ച പോസ്റ്ററിന്റെയാണെന്നു വ്യക്തമല്ല. വടകരയില്‍ പി. ജയരാജന്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായതു മുതല്‍ ബല്‍റാമും അദ്ദേഹത്തിനെതിരെ സജീവമായി രംഗത്തുണ്ട്.

Advertisement

Leave a Reply

avatar
  Subscribe  
Notify of