ന്യൂഡല്‍ഹി:
തിരുവിതാംകൂറിലെ നാടാർ സ്ത്രീകളുടെ ‘മാറുമറയ്ക്കല്‍ സമര’വുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ എൻ.സി. ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. ഇന്ത്യയും സമകാലിക ലോകവും എന്ന ചരിത്ര പാഠപുസ്തകത്തിൽ നിന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ നിർദ്ദേശപ്രകാരം എഴുപതോളം പേജുകൾ വരുന്ന മൂന്നു അദ്ധ്യായങ്ങൾ നീക്കിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കാൻ ഉദ്ദേശിച്ചിട്ടാണ് ഈ നടപടി എന്നാണു എൻ.സി. ഇ.ആർ.ടി. ഇതിനു നൽകുന്ന വിശദീകരണം.
ഒഴിവാക്കപ്പെട്ട മൂന്ന് അദ്ധ്യായങ്ങളിൽ “വസ്ത്രധാരണരീതിയുടെ സാമൂഹിക ചരിത്രം” എന്ന അദ്ധ്യായത്തിൽ നവോത്ഥാന മുന്നേറ്റങ്ങൾ എങ്ങനെ ജനങ്ങളുടെ വസ്ത്രധാരണരീതികളെ സ്വാധീനിച്ചു എന്നും, ക്രിക്കറ്റിന്റെ ചരിത്രം പറയുന്ന അദ്ധ്യായത്തിൽ ക്രിക്കറ്റിന് സാമൂഹിക, പ്രാദേശിക, ജാതി രാഷ്ട്രീയത്തിൽ ഒക്കെയുള്ള ബന്ധത്തെ കുറിച്ചും, ഗ്രാമീണരും കർഷകരും” എന്നീ അദ്ധ്യായത്തിൽ ബ്രിട്ടീഷ് അധിനിവേശം എങ്ങനെ ഗ്രാമീണ കർഷകരുടെ ജീവിതം മാറ്റിമറിച്ചു എന്നും പ്രതിപാദിക്കുന്നു.
“വസ്ത്രധാരണരീതിയുടെ സാമൂഹിക ചരിത്രം” എന്ന അധ്യായത്തിലാണ് “ചാന്നാർ ലഹള” എന്നറിയപ്പെടുന്ന തിരുവിതാംകൂറിലെ മാറുമറയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഉൾപ്പെട്ടിരുന്നത്. “ചാന്നാർ ” വിഭാഗമാണ് പിന്നീട് “നാടാർ” എന്ന പേരിൽ അറിയപ്പെടുന്നത്. 19ാം നൂറ്റാണ്ടില്‍ അന്നത്തെ തിരുവിതാംകൂര്‍ സ്റ്റേറ്റില്‍ താഴ്ന്നവിഭാഗത്തില്‍ പെട്ട ചാന്നാര്‍ ജാതിയിലെ സ്ത്രീ – പുരുഷന്മാര്‍ക്ക് മാറു മറയ്ക്കാനോ, കുട ചൂടാനോ, ആഭരണങ്ങൾ ധരിക്കാനോ അനുമതിയുണ്ടായിരുന്നില്ല.
മാറുമറയ്ക്കാനുള്ള അവകാശം ആവശ്യപ്പെട്ട് രംഗത്തുവന്ന ഒരു സംഘം ചാന്നാര്‍ സ്ത്രീകള്‍ വിലക്ക് ലംഘിച്ച് മാറുമറച്ച് നിരത്തിലിറങ്ങിയതിന്റെ പേരില്‍ 1822 മെയ് ൽ, നായർ ഉൾപ്പെടെയുള്ള സവർണ്ണ ജാതിക്കാരാൽ ആക്രമിക്കപ്പെട്ടു. എങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പലപ്പോഴായി ചാന്നാര്‍ സ്ത്രീകള്‍ വിലക്ക് ലംഘിച്ച് മാറുമറയ്ക്കാന്‍ ധൈര്യം കാണിച്ചു രംഗത്തുവന്നു. ഒടുവില്‍ 1859 ല്‍ അന്നത്തെ ഭരണകൂടം ചാന്നാര്‍ ജാതിയിലെ സ്ത്രീപുരുഷന്മാര്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം നല്‍കി ഉത്തരവിറക്കി. താഴ്ന്ന ജാതിക്കാരുടെ വിപ്ലവകരമായ ഈ അവകാശ പോരാട്ടത്തെക്കുറിച്ചായിരുന്നു പാഠപുസ്തകഭാഗത്തുണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ ബി.ജെ.പി. സർക്കാർ ഇടപെട്ടു നീക്കിയിട്ടുള്ളത്. എന്നാൽ പാഠപുസ്തകത്തില്‍ പറയുന്ന ഇത്രയും സംഭവം ചരിത്രപരമായി ശരിയായ ഒന്നാണെന്ന് പുസ്തകത്തിന്റെ കോർഡിനേറ്റർ പ്രഫ. കിരണ്‍ ദേവേന്ദ്ര പറഞ്ഞു.
മാറുമറക്കൽ സമരത്തോടൊപ്പം തന്നെ ഗാന്ധിജിയുടെ പ്രശസ്തമായ “സ്വദേശി പ്രസ്ഥാനത്തെക്കുറിച്ചും” പ്രാധാന്യത്തോടെയുള്ള വിവരണം നീക്കം ചെയ്ത പാഠഭാഗത്തു ഉണ്ടായിരുന്നു. ഗാന്ധിജി ചർക്ക ഉപയോഗിച്ച് കൈത്തറി വസ്ത്രങ്ങൾ നിർമ്മിക്കുന്നതും, വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും രാഷ്ട്രീയത്തിനും എങ്ങനെ മുതൽക്കൂട്ടായി എന്നൊക്കെയുള്ള വിവരണങ്ങളും വിദ്യാർത്ഥികൾ ഇനി പഠിക്കേണ്ടെന്നാണ് എൻ.സി. ഇ.ആർ.ടി. തീരുമാനം. ഈ സർക്കാർ വന്നതിനു ശേഷം ഗാന്ധിജിയുടെ പ്രസക്തി കുറച്ചു കൊണ്ടുവരാൻ കാണിക്കുന്ന ബോധപൂർവ്വമായ ശ്രമങ്ങളും ഇതോടൊപ്പം ചേർത്തു വായിക്കാം.
ഇത്തരത്തിൽ എൻ.സി. ഇ.ആർ.ടി. യുടെ വിവിധ ക്‌ളാസ്സുകളിലെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര സംഭവങ്ങളുടെ വ്യാപകമായ വെട്ടിച്ചുരുക്കലിനാണ് മന്ത്രി പ്രകാശ് ജാവദേക്കർ നിർദ്ദേശം നല്കിയിട്ടുള്ളതെന്നറിയുന്നു. എല്ലാ വിഭാഗങ്ങളിലും കൂടി അമ്പത് ശതമാനം കുറയ്ക്കാനും എന്നാൽ സയൻസ്, ഗണിതം എന്നിവയിൽ നാമമാത്രമായി ചുരുക്കാനും ചരിത്ര പുസ്തകങ്ങളിൽ നിന്നും 20% ചുരുക്കാനുമാണ് നിർദ്ദേശം. പഠനഭാരം അധികമാകുന്നു എന്ന വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും ലക്ഷക്കണക്കിന് പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി എന്നാണു സർക്കാർ ഇതിനു പറയുന്ന ന്യായം.
പക്ഷെ നവോത്ഥാന മുന്നേറ്റങ്ങളും, ഗാന്ധിജിയും ഒക്കെ പാഠപുസ്തകങ്ങളിൽ നിന്നും അപ്രത്യക്ഷമാകുമ്പോളും “അടൽ ബിഹാരി വാജ്‌പേയിയുടെ” കവിത എട്ടാം ക്‌ളാസ് ഹിന്ദി പാഠപുസ്തകത്തിൽ പുതിയതായി ഉൾപ്പെടുത്താൻ ബി.ജെ.പി. സർക്കാർ മടിക്കുന്നില്ല.