കണ്ണൂർ:
പരിസ്ഥിതി പ്രവർത്തകരുടെ ശബ്ദമായി വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ‘പരിസ്ഥിതി പോരാട്ടത്തിന് ഒരു വോട്ട്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സൂരേഷിന് പരിസ്ഥിതി സംഘടനകളുടെ പിന്തുണയുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ രാഷ്ട്രീയമായി ചർച്ച ചെയ്യുക എന്ന ഉദേശത്തോടെയാണ് തിരഞ്ഞെടുപ്പിന് മത്സരിക്കാനൊരുങ്ങുന്നതെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. ജയവും തോൽവിയും ആലോചിച്ച് താൻ ആകുലപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ കണ്ണൂർ കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസ നിർമ്മാണത്തിനായി വയൽ നികത്തുന്നതിനെതിരെ ‘വയൽക്കിളി’ കർഷക കൂട്ടായ്മ രൂപീകരിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ഒരു പോലെ ശ്രദ്ധ നേടിയ സമരമായിരുന്നു ഇത്. കീഴാറ്റൂർ എന്ന ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിനെതിരേ ഗ്രാമവാസികൾ ഒന്നടങ്കം സുരേഷിനൊപ്പം രംഗത്ത് വന്നിരുന്നു. സർവേ നടപടികൾ അടക്കം സ്ഥലമേറ്റെടുക്കാനുള്ള നീക്കങ്ങളെ വയൽക്കിളികൾ ശക്തമായി പ്രതിരോധിച്ചു. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ സജീവമായി ഇടപെട്ട ബി.ജെ.പി സുരേഷ് കീഴാറ്റൂരുമായി ദില്ലിയിലെത്തുകയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച് നടത്തുകയും ചെയ്തു. ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ നിവേദനം മന്ത്രിക്ക് നൽകിയെങ്കിലും ആഴ്ചകൾക്കുള്ളിൽ തന്നെ ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവന്നു. സമരത്തെ ആദ്യഘട്ടത്തിൽ ശക്തമായി പിന്തുണച്ച യു.ഡി.എഫും, ബി.ജെ.പിയും ഇതോടെ പിൻവലിഞ്ഞിരുന്നു. ബഹുജനസംഘടനകളുടെ പിന്തുണ കുറഞ്ഞതോടെ സമരത്തിന്റെ ശക്തിയും കുറഞ്ഞു. കഴിഞ്ഞ മാസം സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ളവർ ഭൂമി വിട്ടു നല്കുന്നതിനായുള്ള രേഖകൾ കൈമാറി പ്രത്യക്ഷ സമരത്തിൽ നിന്നും പിൻമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കീഴാറ്റൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വയൽക്കിളികൾ ഒരുങ്ങുന്നത്.
കണ്ണൂരിൽ എൽ. .എഫ് സ്ഥാനാർത്ഥിയായി പി.കെ ശ്രീമതിയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.സുധാകരനും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികയുടെ പിന്തുണയോടെയാണോ മത്സരരംഗത്തേക്കിറങ്ങുന്നതെന്ന വ്യക്തമായിട്ടില്ല. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടെയാണ് സുരേഷ്.