വെസ്റ്റ് നൈല്‍ വൈറസ്; നിരീക്ഷിക്കാന്‍ കേന്ദ്ര സംഘം മലപ്പുറത്ത്

Reading Time: < 1 minute
മലപ്പുറം:

മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് രോഗ വ്യാപനം നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദ്യ സംഘം എത്തി. രോഗം സ്ഥിരീകരിച്ചിട്ടുള്ള തിരൂരങ്ങാടി എ.ആര്‍ നഗറിലെ 6 വയസ്സുകാരന്റെ വീട്ടിലും ബന്ധുവീടുകളിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെയും സന്ദര്‍ശിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി അധികൃതര്‍ പറഞ്ഞു.

വൈറസ് വ്യാപനം നിരീക്ഷിക്കാന്‍ പ്രദേശത്തെ പക്ഷികളില്‍നിന്നും വളര്‍ത്തു മൃഗങ്ങളില്‍നിന്നും കേന്ദ്രസംഘം രക്ത സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്. രോഗം ബാധിച്ച കുട്ടിയുടെ വീട്ടില്‍ വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്കു പകര്‍ത്തുന്ന ക്യുലക്‌സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തി. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇവിടെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും.

പക്ഷികളില്‍നിന്നു കൊതുക് വഴിയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്കു പകരുന്നത്. എന്നാല്‍ വൈറസ് ബാധയുള്ള പക്ഷികളില്‍ രോഗലക്ഷണങ്ങള്‍ കാണാനാകില്ലെന്നതാണ് ആരോഗ്യ വിഭാഗത്തിനു മുന്‍പിലുള്ള വലിയ വെല്ലുവിളി. കേന്ദ്ര സാംക്രമിക രോഗ നിയന്ത്രണ വിഭാഗത്തിന്റെ തിരുവനന്തപുരം റീജനല്‍ സെന്റര്‍ മേധാവി ഡോ. രുചി ജയ്ന്‍, എന്റമോളജിസ്റ്റ് ഡോ. ഇ.രാജേന്ദ്രന്‍ എന്നിവരാണ് ഇന്നലെ പരിശോധന നടത്തിയത്. ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു സംഘം ഇന്നെത്തും.

Advertisement

Leave a Reply

avatar
  Subscribe  
Notify of