Sun. Jan 12th, 2025
ജിദ്ദ:

ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ നിലത്തിറക്കിയതിനു ശേഷം വിമാനങ്ങളുടെ ദൗർലഭ്യം മൂലം പല സർവ്വീസുകളുടെയും താളം തെറ്റുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഒടുവിൽ എയർ ഇന്ത്യയുടെ ജിദ്ദയിൽ നിന്നുള്ള മുംബൈ, കൊച്ചി സർവീസുകൾ അനിശ്ചിതമായി നീണ്ടതാണ് യാത്രക്കാരെ കുഴക്കിയത്. ഇന്നലെ രാത്രി 9.15 ന് പുറപ്പെടേണ്ട മുംബൈ സർവീസും രാത്രി 11 നു പോകേണ്ട കൊച്ചി സർവീസുമാണ് വിമാനം എത്താത്തതിനെത്തുടർന്ന് വൈകിയത്. യാത്രക്കാരെ ഇക്കാര്യം മുൻകൂട്ടി അറിയിക്കാൻ എയർ ഇന്ത്യ തയാറായില്ലെന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ പരാതിപ്പെട്ടു.

മുംബൈക്കു പോകേണ്ട വിമാനം പുലർച്ചെ 3.30 നും കൊച്ചി വിമാനം ഇന്നു രാവിലെ എട്ടു മണിക്കും പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനോ വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് നിർദേശങ്ങൾ നൽകുന്നതിനോ ആരും ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. മുംബൈക്കുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകേണ്ട കണക്ഷൻ യാത്രക്കാരുമുണ്ട്. ഇവർക്ക് കണക്ഷൻ ഫ്‌ളൈറ്റ് കിട്ടാൻ സാധ്യതയില്ലെന്നതും യാത്രക്കാരെ വിഷമിപ്പിച്ചു.

അതിനിടെ അബുദാബി വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവെയ്സ് നിർത്തിവച്ചു. സാങ്കേതിക കാരണങ്ങളാൽ തിങ്കൾ മുതൽ അനിശ്ചിതകാലത്തേക്കാണ് സേവനം അവസാനിപ്പിക്കുന്നത്. ജെറ്റിന്റെ രണ്ടു രാജ്യാന്തര ഹബ്ബുകളിലൊന്നാണ് അബുദാബി.

അബുദാബി ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവെയ്സിന് ഓഹരി പങ്കാളിത്തമുള്ള ജെറ്റ് എയർവെയ്സ് സർവീസുകൾ നിർത്തുന്നത് ഒട്ടേറെ യാത്രക്കാരെ ബാധിക്കും. ഇത്തിഹാദുമായി കോഡ്ഷെയറിംഗ് അടിസ്ഥാനത്തിലാണു പ്രവർത്തിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് സർവീസ് നിർത്തുന്നതെന്നും ഇത്തിഹാദ് യാത്രക്കാർ ഓഫീസുമായി ബന്ധപ്പെടണമെന്നും ഇത്തിഹാദ് എയർവെയ്സ് അറിയിച്ചു.

ഏപ്രില്‍ മുതല്‍ ജൂലൈ ആദ്യവാരം വരെ നീളുന്ന തിരക്കേറിയ വേനല്‍ക്കാല സീസണ്‍ ആരംഭിക്കാനിരിക്കെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികള്‍ നേരത്തെ തന്നെ സർവ്വീസുകൾ വെട്ടിച്ചുരുക്കിയത് ടിക്കറ്റു വില കൂടാൻ കാരണമായിട്ടുണ്ട്. ഇത് വിമാന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് നിരക്ക് വര്‍ധന നിയന്ത്രിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ചൊവ്വാഴ്ച വിമാന കമ്പനികളുടെ യോഗം വിളിച്ചു.

തുടര്‍ച്ചയായ വിമാന ദുരന്തങ്ങളില്‍പ്പെട്ട ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയതോടെ ഈ വിമാനങ്ങൾ ഉപയോഗിച്ച് സര്‍വീസ് നടത്തിയിരുന്ന കമ്പനികള്‍ക്ക് നിരവധി സര്‍വീസുകളാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. സ്‌പൈസ് ജെറ്റാണ് ഈ ശ്രേണിയിലുള്ള ഏറ്റവും കൂടുതല്‍ എണ്ണം വിമാനം ഓപറേറ്റ് ചെയ്തിരുന്നത്. 12 ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളാണ് സ്‌പൈസ് ജെറ്റ് നിര്‍ത്തിയത്. അഞ്ചു മാസത്തിനിടെ 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് വിമാന ദുരന്തങ്ങള്‍ കാരണം വിലക്കിയതിനെ തുടര്‍ന്ന് ലോകത്തൊട്ടാകെ 371 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തി നിലത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *