Tue. Sep 17th, 2024
കനൌജ്:

ഉത്തര്‍പ്രദേശിലെ ഏഴ് സീറ്റുകളില്‍ എസ്.പി., ബി.എസ്.പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കുന്ന കനൗജ് എന്നിവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ബി.എസ്.പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ കോണ്‍ഗ്രസ് എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല.

രാഷ്ട്രീയലോക് ദള്‍ നേതാക്കളായ അജിത് സിംഗ്, ജയന്ത് ചൗധുരി എന്നിവര്‍ക്കും കോണ്‍ഗ്രസില്‍ നിന്ന് ഒരു എതിരാളിയുണ്ടാകില്ല. അങ്ങനെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷവും സഖ്യസാധ്യത നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ തള്ളി എസ്.പി.യും ബി.എസ്.പിയും സഖ്യം രൂപീകരിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. ആകെയുള്ള 80 സീറ്റുകളില്‍ 38 സീറ്റുകളില്‍ ബി.എസ്.പിയും 37 സീറ്റുകളില്‍ എസ്.പി.യും മത്സരിക്കാനാണ് സഖ്യധാരണ. എന്നാല്‍ റായ്ബറേലിയിലും അമേഠിയിലും എസ്.പി., ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല. ഇതിന് പകരം നന്ദിസൂചകമെന്ന നിലയിലാണ് ഇരുപാര്‍ട്ടികളിലെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *