തിരുവനന്തപുരം:
കേരളത്തിലെ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. മറ്റു 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഒരു ദിവസം കഴിഞ്ഞും ഈ സീറ്റുകളിലെ തര്‍ക്കം തുടരുകയായിരുന്നു.
എന്നാല്‍, തര്‍ക്കമൊന്നും നിലവിലില്ലെന്നും, തിങ്കളാഴ്ചതന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വയനാട്ടിലാരെന്നു നിശ്ചയിക്കാനാവാത്തതിനാലാണ് നാലിടത്തെയും തീരുമാനം വൈകുന്നത്. വയനാട് ടി. സിദ്ദിഖിന് നല്‍കണമെന്നാണ് എ. ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. ഷാനിമോള്‍ ഉസ്മാന്‍, കെ.പി. അബ്ദുള്‍ മജീദ്, പി.എം. നിയാസ് എന്നിവരിലാരെയെങ്കിലും നിര്‍ത്തണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇതേത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് രാഹുല്‍, ഉമ്മന്‍ ചാണ്ടിയെ കാണും. തീരുമാനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ വിളിച്ചത്. തിങ്കളാഴ്ച കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മൂന്നു നേതാക്കളുമായും ചര്‍ച്ചനടത്തും. തുടര്‍ന്നാണ് രാഹുലിനെ കാണുക.