തിരുവനന്തപുരം:
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്.
പൊതുഇടങ്ങളില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വെക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഇത്തരമൊരു നടപടി. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് ഫ്‌ളക്‌സുകള്‍ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജീർണ്ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സമാന രീതിയില്‍ സംസ്ഥാനത്തെങ്ങും വൈദ്യുതിത്തൂണുകളില്‍ പാര്‍ട്ടി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും പതിക്കുന്നതു വ്യാപകമായ സാഹചര്യത്തിലാണ് നടപടി. വൈദ്യുതിത്തൂണുകളിലെ ചുവരെഴുത്തുകള്‍ കരിഓയിലടിച്ചു മായ്ക്കാന്‍ സംസ്ഥാനം മുഴുവന്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു നിര്‍ദേശമുണ്ട്. കരിയോയില്‍ അടിച്ച തൂണുകളില്‍ കയറാന്‍ സാധിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നു. പകരം വെള്ളയടിച്ചു മായ്ച്ചാല്‍ മതിയെന്ന് ഇവര്‍ പറഞ്ഞു.