Fri. Nov 22nd, 2024
ന്യൂസീലാൻഡ്:

ന്യൂസീലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിംഗപ്പൂരുകാരനായ കെയ്ത്ത് ലീ വരച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഫാൻ പേജിലൂടെ പങ്കു വെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.

നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ ഔദ്യോഗിക  ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ (വെള്ളി പുല്‍ച്ചെടി) ഫ്‌ളാഗിൽ ചിത്രീകരിക്കുന്നതാണ് ചിത്രം. കഴിഞ്ഞ മാര്‍ച്ച് 16ന് അദ്ദേഹം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ന്യൂസീലാന്‍റില്‍ വീണുപോയ നിരപരാധികള്‍ക്ക് വേണ്ടി, നീചമായ രീതികള്‍ക്കെതിരെ ഒന്നിക്കൂ എന്ന ആഹ്വാനത്തോടെയാണ് ഇദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് വൈറലാകുകയായിരുന്നു. സ്റ്റാന്റിങ്ങ് ഇന്‍ സോളിഡാരിറ്റി എന്നെഴുതിയ പോസ്റ്ററില്‍ തോക്കുധാരി പള്ളിക്കുള്ളിലേക്ക് കടന്നുകയറിയപ്പോള്‍ നിര്‍ഭയനായി ‘ഹലോ ബ്രദര്‍’ എന്നു പറഞ്ഞ വിശ്വാസിയായ വൃദ്ധനോടുള്ള ആദര സൂചകമായി ആ വാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“ന്യൂസിലന്റിലെ മറ്റെല്ലാവരേയും പോലെ ഇന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ താന്‍ ബുദ്ധിമുട്ടുകയാണ്. ഇത്രത്തോളം സ്‌നേഹം ആവശ്യമുള്ള ഒരു ഘട്ടത്തിലൂടെ രാജ്യം കടന്നു പോയിട്ടുണ്ടാകില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അതുപോലെ ഹൃദയം തകര്‍ന്നിരിക്കുന്ന ഓരോ ന്യൂസിലന്റുകാരനോടും താന്‍ എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. നമുക്കൊന്നിച്ച് നില്‍ക്കാം” എന്ന കുറിപ്പും കെയ്ന്‍ വില്ല്യംസണ്‍ ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ന്യൂസിലാൻഡ്‌ ടീം മുൻ ക്യാപ്‌റ്റൻ ബ്രണ്ടൺ മക്കെല്ലവും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പോസ്‌റ്റ്‌ ഇട്ടിരുന്നു. “നമ്മുടെ രാജ്യത്തെ കറുത്ത ദിനങ്ങളിൽ ഒന്നാണിത്‌. എന്റെ കുടുംബവും രാജ്യവും മുസ്ലിം സഹോദരങ്ങൾക്കൊപ്പമുണ്ട്‌,” മക്കെല്ലം ഫേസ്‌ബുക്കിൽ കുറിച്ചു.

നേരത്തെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനിന്റെ നിലപാട് ഏറെ പ്രശംസ നേടിയിരുന്നു. വലതുപക്ഷ ഭീകരന്‍ ബ്രെണ്ടന്‍ ടെറന്റിനെ തള്ളിപ്പറഞ്ഞ്, ഹിജാബ് ധരിച്ചെത്തി കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചാണ് ജസീന്ത ലോകശ്രദ്ധയാകര്‍ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *