കോഴിക്കോട്:
കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തൊഴിലാളി സമര സഹായ സമിതി രണ്ടാം ഘട്ട സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി 20-ന് ഉച്ചക്ക് രണ്ടിന് കോംട്രസ്റ്റ് പരിസരത്ത് യോഗം ചേരും.
2009-ല്‍ അടച്ചു പൂട്ടിയ കോംട്രസ്റ്റ്, സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നറിയിച്ച് 2012-ല്‍ കേരള നിയമ സഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിന് 2018-ല്‍ രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരുന്നു. അന്നു മുതല്‍, ഫാക്ടറി, സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. തൊഴിലാളികളുടെ ദീര്‍ഘകാലത്തെ പോരാട്ടത്തിന്റെ ഫലമായാണ് ഫാക്ടറി വീണ്ടും പ്രവര്‍ത്തിക്കാമെന്ന രാഷ്ട്രപതിയുടെ അംഗീകാരം. ഫെബ്രുവരിയില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും, ഇതു വരെ ഫാക്ടറി ഏറ്റെടുക്കാനുള്ള നടപടികളായിട്ടില്ല.
2009 ഫെബ്രുവരി ഒന്നിന് ഫാക്ടറി പൂട്ടുമ്പോള്‍ 287 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. 180 പേര്‍ മാനേജ്മെന്റ് തീരുമാനിച്ച വ്യവസ്ഥകളനുസരിച്ച് ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോയി. ബാക്കി 107 പേരാണ് ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് അന്നുമുതല്‍ സമരം ചെയ്യുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം വന്നപ്പോഴേക്കും ഇതില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
2009-ല്‍ അടച്ചു പൂട്ടിയ സ്ഥാപനം അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും, അടച്ചിട്ട സമയത്തെ മുഴുവന്‍ വേതനത്തിനും ആനുകൂല്യങ്ങള്‍ക്കും തൊഴിലാളികള്‍ അര്‍ഹരാണെന്നും 2017-ല്‍ വ്യവസായ ട്രൈബ്യൂണല്‍ വിധി വന്നിരുന്നു. കോംട്രസ്റ്റ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കേന്ദ്ര-കേരള പുരാവസ്തു വകുപ്പ് നേരത്തെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം കാറ്റില്‍ പറത്തി, കമ്പനി ആസ്തികള്‍ കൈവശപ്പെടുത്തിയ ഭൂമാഫിയകള്‍ ഇതെല്ലാം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
യോഗത്തില്‍ ചെയര്‍മാന്‍ കെ.ഗംഗാധരന്‍ അധ്യക്ഷനായി. കെ.സി. രാമചന്ദ്രന്‍, ഇ.സി. സതീശന്‍, പി. ശിവപ്രകാശ്, ടി. മനോഹരന്‍, എം.കെ. രജീന്ദ്രന്‍, സി. മണി എന്നിവര്‍ സംസാരിച്ചു.