ന്യൂസിലാൻഡ്:
ന്യൂസിലാൻഡിലെ രണ്ടു മുസ്ലീംപള്ളികളിൽ ഭീകരാക്രമണം നടത്തിയ അക്രമി പോയന്റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനാകാതെ ഫേസ്ബുക്കും ട്വിറ്ററും നട്ടം തിരിയുന്നു. ഇപ്പോൾ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിക്കപ്പെടുമ്പോൾ, കാണുന്ന ലിങ്കുകളെല്ലാം നീക്കം ചെയ്യുകയല്ലാതെ, തുടർച്ചയായി അപ്‍ലോഡ് ചെയ്യപ്പെടുന്നത് തടയാൻ സാമൂഹ്യമാധ്യമങ്ങൾക്ക് കഴിയുന്നില്ല. ദയവുചെയ്ത് ഇത്തരം വീഡിയോകൾ അപ്‍ലോഡ് ചെയ്യരുതെന്ന് ന്യൂസിലാൻഡ് സർക്കാർ പൗരൻമാരോടും പുറത്തുള്ളവരോടും അഭ്യർത്ഥിക്കുകയാണ്.
ഗോപ്രോ ക്യാമറ തന്റെ തൊപ്പിയിൽ സ്ഥാപിച്ചാണ് ഇയാൾ വെടിവയ്പ്പു നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. മുസ്‌ലിം പള്ളിയിലേക്ക് സാവധാനം എത്തി തോക്കുമായി ഉള്ളിലേക്കു കടന്ന ഇയാൾ, മുന്നിലെത്തിയ എല്ലാവരെയും വെടിവച്ചുവീഴ്ത്തുകയായിരുന്നു. മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് വെളിയിലെത്തിയ ഇയാള്‍ വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിയെ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് കാര്‍ വഴിയില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയുടെ മുകളിലൂടെയാണ് ഓടിച്ചുപോകുന്നത്. കാര്‍ ഓടിക്കുന്നതിനിടെ വഴിയരികില്‍ കണ്ട എല്ലാവര്‍ക്കും നേരെ ഇയാള്‍ വെടിയുതിര്‍ത്തു. ഈ വിഡിയോ ഫെയ്സ്ബുക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയവയിൽ പ്രചരിച്ചു. 17 മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം.
ഫേസ്ബുക്ക്, വീഡിയോ നീക്കം ചെയ്തെങ്കിലും, പ്രക്ഷേപണം ചെയ്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഫേസ്ബുക്ക് പോലുള്ള ഒരു സാമൂഹികമാധ്യമത്തിൽ പോസ്റ്റു ചെയ്യപ്പെട്ട വീഡിയോ കുട്ടികളടക്കം ഒട്ടേറെപ്പേർ കണ്ടിരിക്കാമെന്ന് പറയുന്നു. ഇത്തരമൊരു വീഡിയോ പോസ്റ്റു ചെയ്യപ്പെട്ടത് ഫേസ്ബുക്ക് അറിയാൻ വൈകിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വീഡിയോ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്തെങ്കിലും യൂട്യൂബിൽ ഇപ്പോഴുമുണ്ട്. ട്വിറ്ററിലും, അക്രമി, ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു. അതും തടയാനായില്ല.
അക്രമോത്സുകമായ ഉള്ളടക്കം തടയുന്നതിൽ സാമൂഹികമാധ്യമങ്ങൾക്കുള്ള ഉത്തരവാദിത്തമില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ടെക്നോളജി രംഗത്തെ വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടും മുപ്പതിനായിരം പേർ, 20 ഓഫീസുകളിലായി ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. എന്നാൽ പോയന്റ് ബ്ലാങ്കിൽ ആളുകളെ വെടിവെച്ചിടുന്ന ദൃശ്യം 17 മിനിറ്റ് നേരം ലൈവായി നൽകപ്പെട്ടിട്ടും, ഇത് നിരവധിപ്പേർ ഷെയർ ചെയ്യപ്പെട്ടിട്ടും പൊലീസ് അറിയിച്ച ശേഷം മാത്രമാണ് ഫേസ്ബുക്കിനു വിവരം കിട്ടിയത്. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സാമൂഹികമാധ്യമങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദയനീയമായി പരാജയപ്പെടുന്നതാണ് കാണുന്നത്. 2017 ഏപ്രിലിലും സമാനമായ സംഭവം ആവർത്തിച്ചിരുന്നു. തന്റെ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊല്ലുന്നത് തത്സമയം കാണിച്ച അച്ഛന്റെ അക്കൗണ്ട് ഇടപെട്ട് പൂട്ടിക്കാൻ ഫേസ്ബുക്കിന് കഴിഞ്ഞിരുന്നില്ല. സ്ത്രീകളെ അപമാനിക്കുന്ന തരം ഉള്ളടക്കം നിയന്ത്രിക്കാനും, അത് പ്രാദേശികഭാഷകളിലാണെങ്കിൽ തിരിച്ചറിയാൻ പോലും ഫേസ്ബുക്കിനാകില്ലെന്നും ആരോപണമുയരുന്നുണ്ട്.
അതിനിടെ ഫേസ്ബുക്കിനോടുള്ള ജനങ്ങളുടെ പ്രിയം കുത്തനെ കുറയുന്നു എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം പതിനേഴു മണിക്കൂറോളം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് സേവനങ്ങൾ തടസപ്പെട്ടപ്പോൾ 24 മണിക്കൂർ കൊണ്ട് 30 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ടെലിഗ്രാമിന് കിട്ടിയത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടപ്പോൾ ആളുകൾ സമാനമായ ഫീച്ചറുകൾ നൽകുന്ന ടെലിഗ്രാമിലേക്ക് തിരിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്.