Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 18 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥികളുടെ മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചത്. പുറത്തുവിട്ട പട്ടിക പ്രകാരം, മേഘാലയയിലെ മുന്‍ മുഖ്യമന്ത്രി മുകുള്‍ സംഗ്മ, തുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേയ്ക്കും, മഹാരാഷ്ട്രയിലെ അഞ്ചു സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബുധനാഴ്ച പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച മൂന്നാം ഘട്ട പട്ടിക പുറത്തുവിട്ടത്. പുതിയ ലിസ്റ്റു പ്രകാരം, അഞ്ചുപേര്‍ അസമില്‍ നിന്നും രണ്ടുപേര്‍ മേഘാലയയില്‍ നിന്നുമാണ് മത്സരത്തിനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശ്‌,സിക്കിം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും, തെലുങ്കാനയില്‍ നിന്ന് എട്ടു പേരും, ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

സിറ്റിംഗ് എം.പി മാരായ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ്, സിൽ‌ച്ചർ ലോക്സഭ മണ്ഡലത്തില്‍ നിന്നും, ഗൌരവ് ഗൊഗോയ്, അസമിലെ കലിയബോര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. നേരത്തെ പുറത്തുവിട്ട ലിസ്റ്റു പ്രകാരം, മുന്‍ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സോലാപുരില്‍നിന്നും, മുതിര്‍ന്ന നേതാവ് രാജ് ബബ്ബര്‍ മൊറാദാബാദില്‍നിന്നും മത്സരിക്കും. നടന്‍ സുനില്‍  ദത്തിന്റെ മകള്‍ പ്രിയ ദത്ത്, മുംബൈ നോര്‍ത്ത് സെന്‍ട്രലിലും ജനവിധി തേടും.

ഉത്തര്‍പ്രദേശിലടക്കം ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന്, ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ ജെ.ഡി.എസ്സുമായും, ബീഹാറില്‍ ആര്‍.ജെ. ഡിയുമായും, ജമ്മുകാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായും, കോണ്‍ഗ്രസ്, സഖ്യത്തില്‍ എത്തിയിരുന്നു. അതേസമയം, കേരളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഇന്ന് പുറത്ത് വരും എന്നാണു ലഭിക്കുന്ന വിവരം.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടികയ്ക്ക് അന്തിമ രൂപം നൽകുന്നത്. രണ്ടു മണിക്കൂർ നീണ്ട സ്ക്രീനിംഗ് കമ്മിറ്റി യോഗമാണ് ഇന്നലെ ചേർന്നത്. ശേഷം എ.ഐ.സി.സി. സെക്രട്ടറി മുകുൾ വാസ്നിക്കുമായും, കേരള നേതാക്കളുമായി മണിക്കൂറുകൾ നീണ്ട അനൗപചാരിക ചര്‍ച്ചകള്‍ നടന്നു. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തിരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു.

രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച ചെയ്തു. എന്നിട്ടും 16 സീറ്റിലും ഒരു പേര് എന്ന നിലയിലേക്കെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒന്നിലധികം പേരുകളുള്ളിടത്ത് തീരുമാനം എടുക്കുക തെരഞ്ഞെടുപ്പ് സമിതി ആയിരിക്കും. ആലപ്പുഴ, ഇടുക്കി, ചാലക്കുടി, വടകര, വയനാട്, എറണാകുളം സീറ്റുകളിൽ ആണ് ഒന്നിലധികം പേരുകൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *