Sun. Dec 29th, 2024
ന്യൂഡൽഹി:

വാതുവയ്പ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടെന്ന് സുപ്രീംകോടതി. ഹർജി ഭാഗികമായി അനുവദിച്ചു. മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം. മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബി.സി.സി.ഐയോട് കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക് തുടരുന്ന ബി.സി.സി.ഐ നടപടി അനീതിയും ക്രൂരവുമാണെന്നാണ് ശ്രീശാന്തിന്റെ വാദം. എന്നാൽ ആരോപണങ്ങളിൽ ബി.സി.സി.സി. ഇതുവരെ ശ്രീശാന്തിന് ക്ളീൻ ചിറ്റ് നൽകിയിട്ടില്ല.

ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത്. മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബി.സി.സി.ഐ, വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു. ആറു വർഷമായി താൻ വിലക്ക് അനുഭവിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറുമാസമായി പരിശീലനം നടത്തുന്നുണ്ട്. സുപ്രീം കോടതി വിധി നല്‍കുന്നത് വലിയ ആശ്വാസമാണ്. സ്പോര്‍ട്സുമായി ബന്ധപ്പെട്ടുതന്നെ നില്‍ക്കാനാണ് താത്പര്യം. ബി.ജെ.പി. നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. രാഷ്ട്രീയത്തേക്കാള്‍ താല്‍പര്യം സ്പോര്‍ട്സിനോടാണെന്നും ശ്രീശാന്ത് പറഞ്ഞു. ഇത്രയും കാലം കാത്തുനിന്നില്ലേ, ഇനിയും കാത്ത് നില്‍ക്കാന്‍ തയ്യാറാണെന്ന് ശ്രീശാന്ത് ദില്ലിയില്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐ.പി.എല്ലില്‍, ചെന്നൈയുടേയും, രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും, ബി.സി.സി.ഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല. മേയ് ഒൻപതിനു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു ശ്രീശാന്തിന്റെ വാഗ്ദാനം.

തുടര്‍ന്ന് മേയ് 16നു ഐ.പി.എല്‍. ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു. തൊട്ടുപിന്നാലെ മൂവരേയും ബി.സി.സി.ഐ. സസ്പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപ്പറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.

തുടർന്ന് ശ്രീശാന്തിന് ജാമ്യം കിട്ടുന്നവരെ തിഹാർ ജയിലിൽ കിടക്കേണ്ടി വന്നു. 2013 ജൂലൈയിൽ ശ്രീശാന്തിനെ 12ാം പ്രതിയാക്കി, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരടക്കം 39 പേരെ പ്രതിചേർത്ത് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, 2015 ൽ ശ്രീശാന്ത് അടക്കം അറസ്‌റ്റിലായവർ ഒത്തുകളി നടത്തിയതിനു പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്നു ഡൽഹി പട്യാല ഹൗസ് കോടതി അഡീഷനൽ സെഷൻസ് ജഡ്‌ജി വിധിച്ചു. തുടർന്ന് ബി.സി.സി.ഐ വിലക്ക് നീക്കിക്കിട്ടാൻ, ശ്രീശാന്ത്, ഹൈക്കോടതിയിലും തുടർന്ന് സുപ്രീം കോടതിയിലും നടത്തിയ നിയമപോരാട്ടങ്ങളുടെ അന്ത്യത്തിലാണ് കളിക്കാനുള്ള ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *