കൊല്ലം:
ജില്ലയില്‍ വേനല്‍ച്ചൂട് കനക്കുന്നതിനാല്‍, ആനകളെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ എഴുന്നള്ളിക്കുന്നതിനു വിലക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഉത്തരവിറക്കി. എഴുന്നള്ളിപ്പ് സമയം ഇതനുസരിച്ച് പുനഃക്രമീകരിക്കണം. ജില്ലകളില്‍ നാട്ടാന പരിപാലനത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. കണ്‍സര്‍വേറ്റര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൈമാറി.
ഈ സമത്ത് ആനകളെ തുറസ്സായ സ്ഥലത്ത് നിര്‍ത്തുന്നതും, തുറന്ന വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നതും വേനല്‍ കഴിയും വരെ നിരോധിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് ആനകളെ പകല്‍ 11 നും 3.30 നും ഇടയില്‍ എഴുന്നള്ളിക്കരുതെന്നു 2013 മുതല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇത് ഒന്നര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു കൊണ്ടാണ് പുതിയ നിര്‍ദ്ദേശം.
ആന ഉടമസ്ഥര്‍ക്കും, ജില്ലാ മോണിറ്ററിങ് കമ്മിറ്റികള്‍ക്കും, ഉത്സവ ആഘോഷ സമിതികള്‍ക്കും നിര്‍ദ്ദേശം കൈമാറും. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.