ന്യൂഡൽഹി:
എത്യോപ്യയിലെ വിമാനാപകടത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി രൂപമെടുക്കുന്നു. വിവിധ രാജ്യങ്ങളിലായി ഏകദേശം 400ഓളം ബോയിങ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്നു പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് വ്യോമഗതാഗത രംഗത്ത് ഗുരുതരമായ പ്രശ്നം സൃഷ്ടിക്കില്ലെങ്കിലും, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാവും. ഇത് വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. വലിയ എയര്‍ലൈന്‍ കമ്പനികള്‍ മറ്റു വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ ഏറ്റവും പുതിയ മോഡൽ 737 മാക്സ് 8 വൻ പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ്. അമ്പത് രാജ്യങ്ങളിലെ വിമാന കമ്പനികളാണ് ബോയിങ് 737 മാക്സ് 8 വിഭാഗത്തിലുള്ള വിമാന സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് 50 രാജ്യങ്ങളിലെയും വിമാനങ്ങൾ സർവീസിൽ നിന്നു പിൻവലിച്ചത്. ലയൺ എയറിന്റെ ഇതേ വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യയിൽ തകർന്ന് 180 പേർ മരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വിമാനം സർവീസ് നിർത്തിവെക്കാൻ ഉത്തരവിട്ടതോടെ ബോയിങ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. 24 മണിക്കൂറിനിടെ കമ്പനിക്കു നേരിട്ടത് 1.74 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്.
ഗള്‍ഫില്‍ യു.എ.ഇയ്ക്കു പുറമെ ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം കൊണ്ടുവന്നിട്ടുണ്ട്. 15 സര്‍വീസുകള്‍ വരെ ദിവസവും വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്സ് കമ്പനികളാണ് ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. സ്‌പൈസ് ജെറ്റിന്റെ 13 വിമാനങ്ങളും, ജെറ്റ് എയര്‍വേസിന്റെ 5 വിമാനങ്ങളുമാണ് നിശ്ചലമാകുന്നത്. ഇതോടെ 75 വിമാനങ്ങള്‍ സ്വന്തമായുള്ള സ്‌പൈസ് ജെറ്റിന് 62 എണ്ണം മാത്രമേ ഉപയോഗിക്കാനാവൂ.
അതേസമയം, വിമാനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഏപ്രിലിൽ 737 മാക്സ് 8 ന്റ സോഫ്റ്റ്‌വെയർ പരിഷ്കരിക്കുമെന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾക്ക് സുരക്ഷാപ്രശ്നമുണ്ടെന്നും, പരിശോധിച്ചുവരികയാണെന്നും ബോയിങ് വക്താവ് പറഞ്ഞു. അകതേസമയം, ഇതേ മോഡൽ വിമാനം തന്നെ വിവിധ വിമാന കമ്പനികൾ അയ്യായിരത്തോളം ബുക്കിങ് നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.