Thu. Mar 28th, 2024

കോഴിക്കോട്:

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗില്‍ നിന്ന്, 2002-ല്‍ പിരിച്ചുവിട്ട 50 ശതമാനം വൈകല്യമുള്ള സ്ത്രീക്ക് നല്‍കാനുള്ള കുടിശ്ശിക ശമ്പളം, ഒരു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. 17 വര്‍ഷമായി ശമ്പളം നല്‍കാത്തത് കടുത്ത അനീതിയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 35,957 രൂപയാണ് നല്‍കാനുള്ളത്.

2002 സെപ്റ്റംബര്‍ 6 നാണ് തിരുവമ്പാടി സ്വദേശിനി ശാന്തി ജോസഫിനെ പിരിച്ചുവിട്ടത്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ശാന്തിജോസഫ്, മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്‍ സി ആപ്റ്റില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 1993 മുതല്‍ 2001 വരെ സ്ഥാപനത്തില്‍ സ്ഥിരം നിയമനം നടത്തിയിരുന്നെന്നും, എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥാപനം നഷ്ടത്തിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശമ്പളത്തിനുള്ള ഗ്രാന്റ് സര്‍ക്കാര്‍ നല്‍കുന്നില്ല. 416 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവര്‍ക്കു കുടിശ്ശിക ശമ്പളം നല്‍കാന്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചിട്ടില്ല. കോടതികളില്‍ നിന്നും മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും ലഭിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ചില ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം നല്‍കിയിട്ടുണ്ട്. ഒരു കോടിയിലധികം രൂപ ശമ്പള കുടിശ്ശികയായി കൊടുത്തു തീര്‍ക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 62 കേസുകള്‍ പരിഗണിച്ചു. 11 എണ്ണം ഉത്തരവുകള്‍ക്കായി മാറ്റി. 4 പുതിയ പരാതികള്‍ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *