കൊല്‍ക്കത്ത:
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പോലീസ് കുറ്റപത്രം. ഭാര്യ നൽകിയ സ്ത്രീധന-ലൈംഗിക പീഡന പരാതിയിൽ കൊൽക്കത്ത പോലീസാണ് ഷമിക്കെതിരെ അലിപുർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 488 എ, 354 എ എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.സി.സി. ലോകകപ്പ് ജൂണിൽ തുടങ്ങാനിരിക്കെ, കുറ്റപത്രം ചുമത്തിയതു ഷമിക്കും ഇന്ത്യൻ ടീമിനും വൻ തിരിച്ചടിയാകും. ഇന്ത്യൻ ടീമിൽ ഉൾപ്പെടുമെന്ന് ഉറപ്പുള്ള പേസ് ബൗളർമാരിൽ ഒരാളാണ് ഷമി.
ഷമിക്കെതിരേ ഗാർഹിക പീഡനം ഉൾപ്പടെ നിരവധി പരാതികൾ ആരോപിച്ച് ഭാര്യ ഹസിൻ ജഹാൻ നേരത്തെ, അലിപുർ കോടതിയിൽ പരാതി നൽകിയിരുന്നു. പരസ്ത്രീ ബന്ധവും, ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിൻ ജഹാൻ ഉന്നയിച്ചിരുന്നു. കൂടാതെ ഏതാനും സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കുടുംബത്തിന്റെ സംരക്ഷണത്തിനായി ഏഴു ലക്ഷം രൂപ വീതം മാസംതോറും ഷമിയിൽനിന്നു വാങ്ങി നൽകണമെന്ന് ഹസിൻ ആവശ്യപെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച കോടതി 80,000 രൂപ വീതം മകൾക്കു നൽകാൻ വിധിച്ചിരുന്നു.
എന്നാൽ, ഒത്തുകളി ആരോപണം അന്വേഷിച്ച ബി.സി.സി.ഐ ഷമിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഐ.പി.എല്ലും, ലോകകപ്പും തുടങ്ങാനിരിക്കെ, താരത്തെയും ഇന്ത്യൻ ടീമിനെയും സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് പോലീസിന്റെ ഈ നടപടി.
ഒരു ഘട്ടത്തില്‍ ആരോപണങ്ങള്‍ തുടരെത്തുടരെ തളര്‍ത്തിയ ഇന്ത്യന്‍ പേസര്‍, ഒരിടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണു നടത്തിയത്. ഓസ്ട്രേലിയയിലേയും, ന്യൂസിലാന്‍ഡിലേയും മികച്ച ബൗളിംഗ പ്രകടനത്തോടെ ഷമി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഷമിക്കെതിരെ നിലനില്‍ക്കുന്ന കേസില്‍ കൊല്‍ക്കത്ത പോലീസ് പുതിയൊരു കുരുക്കുമായി വന്നത്.