Mon. Dec 23rd, 2024

ആദ്യപാദത്തിലെ മങ്ങിയ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്ത്, ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. ബാഴ്‌സ ഹോംഗ്രൗണ്ടായ നൗകാംപില്‍ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു വീഴ്ത്തിയപ്പോൾ, കരുത്തരായ ബയൺ മ്യൂനിക്കിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു വീഴ്ത്തിയാണ് ലിവർപൂളിന്റെ മുന്നേറ്റം. ബാഴ്‌സക്കായി ലയണ‍ൽ മെസ്സിയും, ലിവർപൂളിനായി സാദിയോ മാനെയും രണ്ടു ഗോളുകൾ വീതം നേടി. പ്രീക്വാർട്ടറിന്റെ ആദ്യ പാദം ഗോൾരഹിതമായിരുന്നതിനാൽ ഇന്നലെ നേടിയ വിജയത്തിന്റെ കരുത്തിലാണ് ഇരു ടീമുകളുടെയും മുന്നേറ്റം.

ചാംപ്യന്‍സ് ലീഗില്‍ തോല്‍വി അറിയാത്ത ടീമുകളായിരുന്നു ബാഴ്‌സലോണയും ഫ്രഞ്ച് ക്ലബായ ലിയോണും. എന്നാൽ, സ്വന്തം തട്ടകത്തിൽ ബാഴ്‌സ വിശ്വരൂപം പുറത്തെടുത്തപ്പോൾ കാഴ്ചക്കാരായി നിൽക്കാനേ ഫ്രഞ്ച് ടീമിനു കഴിഞ്ഞുള്ളു. ഡെംബാലയെ ബെഞ്ചിലിരുത്തിയാണ് ബാഴ്സലോണ കളത്തിലിറങ്ങിയത്. സൂപ്പർതാരം ലയണൽ മെസ്സിയുെട ഇരട്ടഗോൾ മികവിലാണ് ബാർസ ഒളിംപിക് ലിയോണിനെ വീഴ്ത്തിയത്. 17–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഗോളടി തുടങ്ങിയ മെസ്സി, 78–ാം മിനിറ്റിലാണ് രണ്ടാം ഗോൾ നേടിയത്. പിന്നീട് രണ്ടു ഗോളുകൾക്ക് മെസ്സി വഴിയൊരുക്കുകയും ചെയ്തു. ഫിലിപ്പെ കുടീഞ്ഞോ (31), ജെറാർഡ് പിക്വെ (81), ഔസ്മാൻ ഡെംബലെ (86) എന്നിവരാണ് ബാർസയുടെ മറ്റു ഗോൾവേട്ടക്കാർ. ലയോണിന്റെ ഏക ഗോൾ ലൂക്കാസ് ടൗസാർട്ട് (58) നേടി. സ്​​കോ​ർ ചെ​യ്​​തി​ല്ലെ​ങ്കി​ലും ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ ച​ര​ടു​വ​ലി​ച്ചും പെ​നാ​ൽ​റ്റി നേ​ടി​യും ലൂ​യി സു​വാ​റ​സും മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ചു. ക്വാർട്ടറിൽ ഇടം പിടിച്ച ഏക സ്പാനിഷ് ടീമാണ് ബാഴ്‌സലോണ. തു​ട​ർ​ച്ച​യാ​യ 12ാം ത​വ​ണ​യും ബാ​ഴ്​​സ​ലോ​ണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തുന്നത്. ഹോം ​ഗ്രൗ​ണ്ടി​ൽ അ​വ​സാ​ന 30 ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി അ​റി​യാ​തെ​യാ​ണ്​ ബാ​ഴ്​​സ​യു​ടെ കു​തി​പ്പ്.

മുൻ ചാമ്പ്യന്മാരായ ബയണിന്റെ തട്ടകത്തിൽ രണ്ടാം പാദത്തിനിറങ്ങിയ ലിവർപൂൾ എഫ് സി ആധികാരിക പ്രകടനത്തോടെയാണ് അവസാന എട്ടിലേക്ക് കുതിച്ചെത്തിയത്. ആദ്യപാദത്തില്‍ സമനിലയില്‍ പിടിച്ച ബയേണിനെ, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മറികടന്നത്. 26ആം മിനിട്ടില്‍ സാഡിയോ മാനേയുടെ ഗോളിലൂടെ മുന്നിലെത്തിയ ലിവര്‍പൂളിനെ 39ാം മിനിട്ടില്‍ ജോയൽ മാറ്റിപ് വഴങ്ങിയ സെൽഫ് ഗോളിലൂടെ ബയേൺ ഒപ്പമെത്തിയെങ്കിലും അതു മുതലാക്കാൻ അവർക്കായില്ല. 69ാം മിനിട്ടില്‍ വാൻഡിജിക്ക് ലിവർപൂളിന്റെ ലീഡുയര്‍ത്തി. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഗോള്‍ നേടിയ മാനെ ഇംഗ്ലീഷ് ചെമ്പടയെ രാജകീയമായി ക്വാർട്ടർ ഫൈനലിൽ എത്തിച്ചു.

ലിവർപൂളിന്റെ വിജയത്തോടെ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടറിൽ നാല് ഇംഗ്ലീഷ് ടീമുകളായി. നേരത്തേ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ടീമുകളും ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചിരുന്നു.
യുവേഫ ആ​സ്​​ഥാ​ന​ത്ത്​ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ളു​ടെ മത്സരക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.

Leave a Reply

Your email address will not be published. Required fields are marked *