കോഴിക്കോട്:
പത്താംക്ലാസ് പരീക്ഷയുടെ ഉത്തരപ്പേപ്പർ റോഡരികില്‍ കിടന്ന സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനു സസ്പെന്‍ഷന്‍. കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്പെന്‍ഡു ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും, ഡ്യൂട്ടി ചാര്‍ജ്ജിനെയും പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റി.
കഴിഞ്ഞ ദിവസം നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് വഴിയരികില്‍ നിന്നും നാട്ടുകാര്‍ക്ക് കിട്ടിയത്. ഉടന്‍ നാട്ടുകാര്‍ സ്‌കൂളില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പോസ്റ്റു ചെയ്യുന്നതിനായി ബൈക്കില്‍ കൊണ്ടു പോകുന്നതിനിടെ തലകറങ്ങിയെന്നും, അങ്ങനെയാണ് ഉത്തരക്കടലാസിന്റെ കെട്ട് താഴെപോയതെന്നുമാണ് സിബി പറഞ്ഞത്.
എന്നാല്‍ സംഭവത്തില്‍ ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നത് ബൈക്കില്‍നിന്നും കെട്ടുകള്‍ താഴെവീണിട്ടും കുറച്ചുദൂരം പോയശേഷമാണ് സിബി വിവരം അറിയുന്നതെന്നാണ്. ഉത്തരക്കടലാസുകളുടെ സീലുകള്‍ പൊട്ടിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധിച്ച കോഴിക്കോട് ഡപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.