മലപ്പുറം:
പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വെസ്റ്റ് നൈൽ വൈറസ് ബാധ മലപ്പുറത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും ക്യൂലക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകൾ വാഹകരായിട്ടുള്ള വെസ്റ്റ് നൈൽ വൈറസും, ഈ വൈറസ് ബാധയെ തുടർന്നുണ്ടാവുന്ന വെസ്റ്റ് നൈൽ പനിയുമാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. നിപാ വൈറസിന് ശേഷം ഉണ്ടായിരിക്കുന്ന മറ്റൊരു വൈറസ് ഭീഷണിയാണിത്.
നാഡീ സംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 20 ശതമാനത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. രോഗം മൂർച്ഛിച്ചാൽ മസ്തിഷ്ക ജ്വരമോ മരണമോ സംഭവിക്കാം.
അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും വളരെ അപൂർവ്വമായി അവയവദാനത്തിലൂടെയും രക്തദാനത്തിലൂടെയും, നവജാത ശിശുവിന് അമ്മയിൽ നിന്നും ഗർഭാവസ്ഥയിലോ, പ്രസവ സമയത്തോ, മുലപ്പാൽ വഴിയോ വൈറസ് പടരാം .
വെസ്റ്റ് നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. പനിക്കും മറ്റു ലക്ഷണങ്ങൾക്കുമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഏക പ്രതിരോധം കൊതുകു കടി കൊള്ളാതെ നോക്കുക എന്നതാണ്. മനുഷ്യരെ കൂടാതെ, മൃഗങ്ങളിലും ഈ വൈറസ് പടരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലിന ജലം കെട്ടിക്കിടക്കുന്നതും, കൊതുകുകൾ പെരുകുന്ന രീതിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും തടഞ്ഞാൽ, കൊതുകുകളുടെ പെരുപ്പം ഇല്ലാതാക്കാൻ സാധിക്കുകയും, അതുവഴി ഇത്തരം വൈറസുകളുടെ വ്യാപനം ഇല്ലാതാവുകയും ചെയ്യും. പരിസര ശുചീകരണം ഇല്ലായ്മ തന്നെയാണ് ഇത്തരം അസുഖങ്ങൾ പടരുന്നതിനുള്ള പ്രധാന കാരണം. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ആശങ്കപ്പെടാതെ എത്രയും പെട്ടന്ന് വിദഗ്ദ്ധ പരിശോധനക്ക് രോഗിയെ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
1937-ല്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. അമേരിക്കയിൽ ആണ് വെസ്റ്റ് നൈൽ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ 1952 ൽ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011-ല്‍ ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈൽ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.