Fri. Apr 26th, 2024
ന്യൂഡൽഹി:

ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ, കൊളോണിയൽ കാലം തൊട്ടുള്ള “ക്രൂരമായ” രാജ്യദ്രോഹ നിയമം പിൻവലിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് ഉദ്ദേശിക്കുന്നതായി സൂചന. ബി.ജെ.പി യുടെ കീഴിലുള്ള നരേന്ദ്ര മോദി സർക്കാർ, ഭിന്നാഭിപ്രായം ഉയർത്തുന്ന പൗരന്മാരെ ദ്രോഹിക്കാൻ ഏറെ ദുരുപയോഗം ചെയ്ത രാജ്യദ്രോഹ നിയമം പിൻവലിക്കാനുള്ള നിർദ്ദേശം കോൺഗ്രസിന്റെ പ്രകടന പത്രികയുടെ കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി പേരു വെളിപ്പെടുത്താത്ത മുതിർന്ന കോൺഗ്രസ് നേതാവിനെ അധികരിച്ച് ‘ദി പ്രിന്റ്’ ആണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഇതോടൊപ്പം വ്യക്തിഗത വിവരങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുന്നതിനുള്ള വാഗ്ദാനവും പ്രകടനപത്രികയിൽ ഉൾപ്പെടും എന്നാണ് സൂചന. വിവരങ്ങളുടെ ഉപയോഗവും ഇതുമായി ബന്ധപ്പെട്ട സ്വകാര്യതയുടെ സംരക്ഷണത്തിനുമായി നിലവിൽ വ്യക്തമായ നിയമം ഇല്ലാത്തതും, ഫേസ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങൾ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലുമാണ് ഇത്. 2018 ൽ വ്യക്തിഗത വിവര സംരക്ഷണ ബില്ല് എന്ന ആശയവുമായി ബി.ജെ.പി സർക്കാർ മുന്നോട്ടു വന്നിരുന്നെങ്കിലും പിന്നീടതിൽ നടപടികളൊന്നും ഉണ്ടായില്ല.

രാജ്യദ്രോഹ നിയമം പിൻവലിക്കാനുള്ള വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യു.സി) ആയിരിക്കും. അടുത്ത 10 ദിവസത്തിനുള്ളിൽ കോൺഗ്രസ്സിന്റെ പ്രകടനപത്രിക വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജ്യദ്രോഹ നിയമത്തിന്റെ ദുരുപയോഗം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ഏറെ വിമർശനങ്ങൾ ഉണ്ടാക്കികൊടുത്തിട്ടുണ്ട്. 2016 ഫെബ്രവരിയിൽ മുൻ ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനും, മറ്റു വിദ്യാർത്ഥി നേതാക്കൾക്കും എതിരെ രാജ്യദ്രോഹ കേസെടുത്തത് മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നുമുള്ള കടുത്ത വിമർശനങ്ങളും നിലവിലെ സർക്കാരിന് നേരിടേണ്ടി വന്നിരുന്നു.
സെക്ഷൻ 124 എ, ഐ.പി.സി. പ്രകാരമുള്ള രാജ്യദ്രോഹ നിയമം പിൻവലിക്കണമെന്നും, ഈ നിയമം കൊളോണിയൽ ഭരണത്തിന്റെ ശേഷിപ്പാണെന്നും, കോൺഗ്രസ് നേതാവ് കപിൽ സിബൽ ഏതാനും മാസങ്ങൾക്ക് മുൻപ് അഭിപ്രായപ്പെട്ടിരുന്നു. അധികാര ദുർവിനയോഗം നടത്തുന്ന സ്ഥാപനങ്ങളും, അക്രമത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സമാധാനവും സുരക്ഷിതത്വവും തകർക്കുന്നവരുമാണ് യഥാർത്ഥ രാജ്യ ദ്രോഹികളെന്നും, ഇത്തരക്കാരെ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ശിക്ഷിക്കുകയാണു വേണ്ടതെന്നും കപിൽ സിബൽ ട്വിറ്ററിൽ അഭിപ്രായപ്പെട്ടിരുന്നു.

പാർട്ടിയുടെ പ്രകടനപത്രിക സമിതിയുടെ അധ്യക്ഷനായ, മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും രാജ്യദ്രോഹ നിയമത്തെ പിൻവലിക്കുന്നതിനായി അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. എന്നാൽ ബി.ജെ.പി 2014 ൽ അധികാരത്തിൽ വരുന്നതിന് മുമ്പുള്ള നീണ്ട കാലത്തെ കോൺഗ്രസ് ഭരണത്തിൻ കീഴിൽ രാജ്യദ്രോഹ നിയമം പിൻവലിക്കാഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യവും കോൺഗ്രസ്സിനു നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *