Wed. Jan 22nd, 2025
തൃശൂര്‍:

കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്തിയാല്‍, മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മത്സ്യത്തൊഴിലാളികളുടെയും അഹിംസാപരമായ ആയുധമായിരിക്കും മന്ത്രാലയമെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി, തൃശൂരിലെ തൃപ്രയാറില്‍ നടക്കുന്ന ഫിഷർമെൻ പാർലമെന്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ കപട വാഗ്ദാനം നല്‍കുന്നയാളല്ല താനെന്നും, ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ച ശേഷമാണ് താന്‍ ഒരു കാര്യം പറയുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളടക്കം സാധാരണ ജനങ്ങളുടെ ശബ്ദം മോദി കേള്‍ക്കുന്നില്ല. എന്നാല്‍, അംബാനിക്കും, നീരവ് മോദിക്കും മോദിയോട് കാര്യങ്ങള്‍ പറയണമെങ്കില്‍ അതു പത്തു സെക്കന്റില്‍ സാധ്യമാകുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കേന്ദ്രത്തെയും മോദിയെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ അദ്ദേഹം, കോണ്‍ഗ്രസ് പാര്‍ട്ടിക്കും തനിക്കും മത്സ്യത്തൊഴിലാളികളോടുള്ള ഉറപ്പാണ് മന്ത്രാലയമെന്നും വ്യക്തമാക്കി. ശ്രീലങ്കന്‍ നേവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ട്രോളിംഗുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവ ദില്ലിയിലെത്തിക്കാന്‍ ഇത് മത്സ്യത്തൊഴിലാളികളെ സഹായിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദിയുടെ വിദേശനയം പരാജയമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ, ചൈന വീണ്ടും യു.എന്‍ സുരക്ഷാ സമിതിയില്‍ എതിര്‍ത്ത വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുകയും ദല്‍ഹിയില്‍ കെട്ടിപ്പിടിക്കുകയും ചൈനയില്‍ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുല്‍ പരിഹസിച്ചു.

ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിന് ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യു.എന്‍. രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരിഹാസം. നേരത്തെ ചെന്നൈയിലെ സ്റ്റെല്ല മേരിസ് കോളേജിലെ പരിപാടിയിൽ പങ്കെടുത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വലിയ രീതിയില്‍ കയ്യടി നേടിയിരുന്നു. അതേ രീതിയിലുള്ള കയ്യടിയും സ്വീകാര്യതയുമാണ് തൃശൂരിലും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *