Fri. Mar 29th, 2024
ന്യൂഡല്‍ഹി:

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസ്സിന്റെ വേദനിപ്പിച്ചെന്നുമാണ് ഇക്കാര്യത്തില്‍ ടോം വടക്കന്റെ വിശദീകരണം. എ.ഐ.സി.സി. മുന്‍ വക്താവായ ടോം വടക്കന്‍, കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ്സില്‍ കുടുംബ വാഴ്ചയാണെന്നാണ് ടോം വടക്കന്‍ പറഞ്ഞത്.

നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ടോം വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍പ്പോലും ടോം വടക്കനെ പരിഗണിച്ചിരുന്നില്ല. ഇതാണ് ടോം വടക്കനെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേരളത്തില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വാര്‍ത്തയില്‍, പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച്, ഈ ചിത്രം നിരാശപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് തകരരുത് എന്ന് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തത് അംഗീകരിക്കാനായില്ലെന്നും, ദേശസ്‌നേഹം കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നുമായിരുന്നു ഇന്ന് ടോം വടക്കന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനു ശേഷം പ്രസംഗിച്ചത്. എന്നാല്‍, വ്യോമാക്രമണം 22 ലോക്സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ ‘വൃത്തികെട്ട രാഷ്ട്രീയം’ എന്നാണ് ടോം വടക്കന്‍ ഫെബ്രുവരി 28 ലെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നു ചൂണ്ടിക്കാണിക്കുന്ന, ഹിന്ദു പത്രം പുറത്തുവിട്ട രേഖ ടോം വടക്കന്‍ ഫെബ്രുവരി എട്ടിനു ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഫെബ്രുവരി പത്തിന്, റഫേല്‍ ഇടപാടില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിമര്‍ശനമുന്നയിക്കുന്ന വാര്‍ത്തയും, ടോം വടക്കന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതെല്ലാം തന്നെ സൂചിപ്പിക്കുന്നത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും പരിഗണിക്കാത്തത് കാരണമാണ് ടോം വടക്കന്‍ പാര്‍ട്ടി വിട്ടത് എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *