Thu. Jan 23rd, 2025
ടൂറിൻ:

ഫുട്ബോൾ കളത്തിൽ ചരിത്രം കുറിച്ച മറ്റൊരു തിരിച്ചുവരവിൽ, അത്‍ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി യുവെന്റസ് എഫ് സി, ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം മൈതാനത്തു നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുവെയുടെ വിജയം.ആദ്യപാദത്തില്‍ 2-0ന് തോറ്റ യുവെന്റസിനു മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള ജയമെങ്കിലും നേടിയാലെ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ടായിരുന്നുള്ളു. ഇരു പാദങ്ങളിലുമായി അത്‌ലറ്റിക്കോ മാഡ്രിനെ 3-2 ന് തോൽപ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. തകർപ്പൻ ഹാട്രിക്കുമായി മുന്നിൽനിന്നു പടനയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവെന്റസിന്റെ വിജയശിൽപി. 27, 49 , 86 മിനിറ്റുകളിലായിരുന്നു റോണോയുടെ ഗോളുകൾ. ചാംപ്യൻസ് ലീഗിൽ താരത്തിന്റെ എട്ടാം ഹാട്രിക്കാണിത്.ആദ്യ പാദത്തിലെ തോൽവിക്കുശേഷം മൈതാനത്തുനിന്നു മടങ്ങവെ റൊണാൾഡോയെ അനാവശ്യമായി പ്രകോപിപ്പിച്ച അത്‌ലറ്റിക്കോ ആരാധകർക്കുള്ള മറുപടി കൂടിയായി താരത്തിന്റെ ഹാട്രിക്കും യുവെന്റസിന്റെ വിജയവും.

കളം നിറഞ്ഞു കളിച്ചു യുവന്റസ്, പന്തടക്കത്തിലും പാസിംഗിലും ഒരുപോലെ മികവുകാട്ടിയപ്പോള്‍ ആദ്യപാദത്തില്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിക്കാന്‍ അത്‌ലറ്റിക്കോക്ക് ആയില്ല. കളിയുടെ 27-ാം മിനുറ്റിൽ യൂറോപ്യൻ ഫുട്ബോളിലെ കരുത്തുറ്റ പ്രതിരോധക്കോട്ടയെ തലകൊണ്ട് കീറി മുറിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ നാലാമത്തെ മിനിറ്റിൽ ജാവോ കാൻസലോ ഉയർത്തി നൽകിയ പന്തിൽ റൊണാൾഡോയുടെ ഹെഡർ അത്‍ലറ്റിക്കോ ഗോൾകീപ്പർ ഒബ്ലാക് തടുത്തിട്ടെങ്കിലും പന്ത് ഗോൾ ലൈൻ കടന്നിരുന്നു. യുവന്റസിന്റെ രണ്ടാം ഗോൾ.

മത്സരം അധിക സമയത്തേക്കു നീളുമെന്ന് ഉറപ്പിച്ചിരിക്കെ തകർപ്പനൊരു സോളോ മുന്നേറ്റവുമായി അത്‍ലറ്റിക്കോ ബോക്സിലേക്കെത്തിയ ബെർനാർഡേഷിയെ സന്ദർശക താരം കൊറെയ വീഴ്ത്തി. കൂടുതലൊന്നും ആലോചിക്കാതെ റഫറി പെനൽറ്റി സ്പോട്ടിലേക്കു വിരൽ ചൂണ്ടി. കിക്കെടുത്ത റൊണാൾഡോയ്ക്കു പിഴച്ചില്ല. വലത്തേക്കു ഡൈവു ചെയ്ത ഒബ്ലാക്കിനെ കബളിപ്പിച്ച റോണോയുടെ കിക്ക് നേരെ ഇടതു മൂലയിലേക്ക്. ചരിത്രം കുറിച്ച തിരിച്ചുവരവിൽ യുവെന്റസ് ക്വാർട്ടറിലേക്കും മാർച്ച് ചെയ്തു.

മറ്റൊരു പ്രീ ക്വാട്ടറില്‍‌ ഷാ‍‍ല്‍ക്കയെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാർട്ടറിൽ കടന്നു. രണ്ടാം പാദത്തില്‍ എതിരില്ലാത്ത എഴ് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. സെർജിയോ അഗ്യൂറോയുടെ ഇരട്ടഗോളും (35 – പെനൽറ്റി, 38), ലിറോയ് സാനെ (42), റഹിം സ്റ്റെർലിങ് (56), ബെർനാർഡോ സിൽവ (71), ഫിൽ ഫോഡൻ (78), ഗബ്രിയേൽ ജീസസ് (84) എന്നിവരുടെ വകയാണ് സിറ്റിയുടെ ഗോളുകൾ. ഇതോടെ ഇരുപാദങ്ങളിലുമായി 10–2ന്റെ കൂറ്റൻ ലീഡു നേടിയാണ് സിറ്റിയുടെ മുന്നേറ്റം. ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് സിറ്റിയുടേത്.

Leave a Reply

Your email address will not be published. Required fields are marked *