Mon. Dec 23rd, 2024
ദുബായ്:

സന്ദർശകരുടെ എണ്ണം വർദ്ധിച്ചതിനാൽ “ദുബായ് ഗ്ലോബൽ വില്ലേജ്” ഒരാഴ്ച കൂടി നീട്ടാൻ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ 13 ആണ് ഗ്ലോബൽ വില്ലേജ് സീസൺ-23 അവസാനിക്കേണ്ട ദിവസം. നേരത്തെ, ഗ്ലോബൽ വില്ലേജ് കാലാവധി നീട്ടേണ്ടതുണ്ടോ എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാഞ്ഞിരുന്നു. ഒന്നര ലക്ഷം പേർ നീട്ടണം എന്ന് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആണ് പുതിയ തീരുമാനം.

ഇന്ത്യയുടേതടക്കം ആകെ 27 പവലിയനുകളാണ് ഗ്ലോബൽ വില്ലേജിൽ പ്രവർത്തിക്കുന്നത്. ആകെ ഔട്‌ലറ്റുകളുടെ എണ്ണം 160. വിവിധ ഉത്പന്നങ്ങളുടെ വിൽപന കൂടാതെ, 78 വ്യത്യസ്ത പാചകക്കാരുടെ രുചിയേറും പരമ്പാരഗത ഭക്ഷണവും ഇവിടെ ലഭ്യമാണ്.
ഈ മാസം 20 ന് രാജ്യാന്തര സന്തോഷദിനം, 21 ന് മാതൃദിനം, 22 ന് വർണങ്ങളുടെ ദിനം എന്നിവയാണ് ഗ്ലോബൽ വില്ലേജിലെ അടുത്ത ആഘോഷ പരിപാടികളെന്ന് സി.ഇ.ഒ. ബദർ അൻവാഹി പറഞ്ഞു.

ശനി മുതൽ ബുധൻ വരെ, വൈകീട്ട് നാലു മുതൽ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും, വൈകീട്ട് നാലു മുതൽ പുലർച്ചെ ഒന്നുവരെയുമാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ചകൾ വനിതകൾക്കും കുടുംബങ്ങൾക്കും മാത്രമാണ്.

നഗരത്തിൽ ദുബായ് ലാൻഡ് എന്ന പ്രദേശത്ത് സംഘടിപ്പിക്കുന്ന വിനോദ കച്ചവട പ്രദർശനമാണ് ദുബായ് ഗ്ലോബൽ വില്ലേജ്, എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനമാണെന്ന് അവകാശപ്പെടുന്ന ഈ പ്രദർശനത്തിനായി അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് കച്ചവടക്കാരും കലാകാരന്മാരും വിനോദസഞ്ചാരികളും വരുന്നുണ്ട്. വർഷത്തിൽ 50 ലക്ഷത്തിലധികം സന്ദർശകർ വരുന്ന പ്രദർശനശാല 17,200,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വ്യാപിച്ച് കിടക്കുന്നു.

1996-ൽ കുറച്ച് വില്പന ശാലകളുമായി ദുബായ് നഗരസഭയുടെ എതിർവശത്ത് ദുബായ് ക്രീക്കിൽ ആരംഭിച്ചതാണ്. പിന്നീട് അഞ്ചു വർഷക്കാലത്തോളം വാഫി സിറ്റിയിലെ ഊദ് മേത്ത പ്രദേശത്തായിരുന്നു ഗ്ലോബൽ വില്ലേജ്. ഇപ്പോൾ ദുബായ് ലാൻഡ് എന്ന പ്രദർശന സമുച്ചയത്തിൽ നടക്കുന്നു. 17,000 കാറുകൾ പാർക്കു ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇതിലും കൂടുതൽ വാഹനങ്ങൾ വരുകയാണെങ്കിൽ, വേറെയും പാർക്കിംഗ് സ്പേസ് ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് സൗജന്യമായി ബസ്സിൽ, വില്ലേജിലേക്കും തിരിച്ചും സന്ദർശകരെ എത്തിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *