Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

ഏഴു ഘട്ടങ്ങളിലായി രാജ്യം പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും, മോദിയെ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സും, തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി കഴിഞ്ഞു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു മൂന്നാം ദിവസം മോദിയുടെ ജന്‍മനാട്ടില്‍ നിന്നാണ്, കോണ്‍ഗ്രസ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. 58 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തക സമിതി ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരുന്നത്. പ്രധാനമന്ത്രി മോദിയുടേയും, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും തട്ടകമായ അഹമ്മദാബാദില്‍ വെച്ച് തന്നെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതി യോഗം നടത്തി പുലിയെ അതിന്റെ മടയില്‍ച്ചെന്ന് ആക്രമിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഗാന്ധിനഗറില്‍ നിന്നുള്ള റാലിയോടെയാണ് മോദിയുടെ ജന്‍മനാട്ടില്‍ കോണ്‍ഗ്രസിന്‍റെ അങ്കം കുറിക്കല്‍. ഗുജറാത്തിലെ മണ്ണില്‍ പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുയോഗം കൂടിയാണിത്.

ഫിബ്രവരി 28 നായിരുന്നു പ്രവര്‍ത്തക സമിതി യോഗം നടത്താന്‍ തിരുമാനിച്ചിരുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണവും കാശ്മീരിലെ തുടര്‍ സംഭവങ്ങളും കാരണം യോഗം നീട്ടിവെയ്ക്കുകയായിരുന്നു. കിഴക്കന്‍ യു.പിയുടെ സംഘടനാച്ചുമതല ഏറ്റെടുത്ത് ഒരു മാസം കഴിയുമ്പോഴാണ് ഗുജറാത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ വരവ്. യു.പിയ്ക്കൊപ്പം തന്നെ മറ്റു സംസ്ഥാനങ്ങളിലും പ്രിയങ്ക പ്രചരണത്തിനെത്തുമെന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ മുന്നേറ്റത്തിന് പ്രിയങ്കയുടെ വരവ് സഹായകമാകും എന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സോണിയാ ഗാന്ധിയും പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പി. വിരുദ്ധ തരംഗം

തൊഴിലില്ലായ്മ, സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍, വിലക്കയറ്റം, റഫാൽ അഴിമതി, ജി.എസ്. ടി. തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കി ബി.ജെ.പിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് നോട്ട് നിരോധിച്ചതെന്ന, വിവരാവകാശ രേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടെ മോദിക്കെതിരെ ആയുധമാക്കും. തൊഴിലില്ലായ്മയില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മിനിമം വേതനമെന്ന പ്രഖ്യാപനം കോണ്‍ഗ്രസ്സ് പ്രചാരണത്തിന് ശക്തി പകരും.

2014 ല്‍ നേടിയ തിളക്കമാര്‍ന്ന വിജയം ബി.ജെ.പിയ്ക്കു ഇത്തവണ ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ് അടുത്തിടെ പുറത്തുവന്ന സര്‍വെ ഫലങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. സി വോട്ടര്‍ സര്‍വെയില്‍ പറയുന്നത് എന്‍.ഡി.എയ്ക്ക് 265 സീറ്റ് ലഭിക്കുമെന്നാണ്. ഇന്ത്യ ടിവി സര്‍വെയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ഇന്ത്യ ടുഡെ നടത്തിയ സര്‍വെയില്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് 52 ശതമാനം ആളുകള്‍ ആവശ്യപ്പെട്ടുവെന്നു വ്യക്തമാക്കുന്നുണ്ട്.

പുല്‍വാമ ആക്രമണവും, അതിനെത്തുടര്‍ന്നുണ്ടായ ബാലാക്കോട്ട് തിരിച്ചടിയും, ബി.ജെ.പിക്ക് അനുകൂലമായ തരംഗമുണ്ടാക്കുമെന്ന് എല്ലാ സര്‍വെകളും ഒരുപോലെ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, എല്ലാ സര്‍വെകളും ഒരു പോലെ പറയുന്ന മറ്റൊരു കാര്യം, മൂന്നു ഘടകങ്ങള്‍ ബി.ജെ.പിക്കെതിരെ ശക്തമായി നിലനില്‍ക്കുന്നുവെന്നാണ്. രാജ്യത്തുടനീളമുള്ള ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പി. വിരുദ്ധ തരംഗം നിലനില്‍ക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ എസ്പി-ബിഎസ്പി-ആര്‍.എല്‍.ഡി സഖ്യം, ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിയെ കയ്യൊഴിയുകയാണ്. ഈ മൂന്നു കാര്യങ്ങളാണ് ബി.ജെ.പിക്ക് തിരിച്ചടിയാകുകയെന്ന് സര്‍വെകള്‍ പറയുന്നത്.

ഈ മൂന്നു ഘടകങ്ങള്‍ മോദിക്കും, ബി.ജെ.പിക്കും തരണം ചെയ്യാന്‍ സാധിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മികച്ച വിജയം നേടും. എന്നാല്‍ ഈ മൂന്നു ഘടകങ്ങളും ശക്തിയാര്‍ജ്ജിച്ചു വരുന്നതായാണ് കണക്കുകള്‍ നിരത്തി ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. മോദി പ്രധാനമന്ത്രിയാകേണ്ട എന്നു പറഞ്ഞതില്‍ ദളിതരും ന്യൂനപക്ഷങ്ങളുമാണ് കൂടുതല്‍. ഉയര്‍ന്ന ജാതിക്കാരില്‍ ബി.ജെ.പിയോട് മമതയുള്ളവര്‍ വര്‍ദ്ധിച്ചുവെന്നു ഇന്ത്യ ടുഡെ സര്‍വെ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മോദി സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികളാണ് ഇവരെ ബി.ജെ.പിക്ക് അനുകൂലമാക്കിയത്. എന്നാല്‍, ദളിതര്‍, മോദിയെയും ബി.ജെ.പിയെയും കൈവിടുകയാണ്.

പുല്‍വാമ ആക്രമണശേഷം, ഉയര്‍ന്ന ജാതിക്കാരുടെയും മധ്യവര്‍ഗത്തിന്റെയും ഇടയില്‍ മോദിക്ക് അനുകൂലമായ ചിന്ത വര്‍ദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും, ബി.ജെ.പിക്ക് ഗുണമായി. എന്നാല്‍, ദളിതര്‍ക്കും മുസ്ലീങ്ങൾക്കുമിടയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മുസ്ലിം വോട്ടര്‍മാരില്‍ 61 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് ആവശ്യപ്പെട്ടത്. മോദിയെ പിന്തുണച്ച മുസ്ലീങ്ങൾ 18 ശതമാനം മാത്രമാണ്.

ബി.ജെ.പിക്ക് തിരിച്ചടി നല്‍കി ഹിന്ദി ഹൃദയഭൂമി

2014 ല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പിക്ക്, പിന്നാലെയെത്തിയ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. 2017 എത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ രാജ്യത്തെ 19 സംസ്ഥാനങ്ങളും ബി.ജെ.പി. ഭരണത്തിനു കീഴിലായി. എന്നാല്‍, നിലവില്‍‌ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി വരികയാണ്. ഹിന്ദി ഹൃദയഭൂമി കൈവിട്ടതോടെ 15 സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ഒറ്റയ്ക്കോ എന്‍.ഡി.എ. മുന്നണിയോ ഭരണം നടത്തുന്നത്. 2014 ല്‍ 7 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ബി.ജെ.പി ഭരിച്ചിരുന്നത്. 15 സംസ്ഥാനങ്ങളില്‍ അഞ്ചിടത്ത് മാത്രമാണ് ബി.ജെ.പി ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപികരിച്ചിരിക്കുന്നത്. 10 സംസ്ഥാനങ്ങളില്‍ സഖ്യസര്‍ക്കാരാണ് അധികാരത്തിലുള്ളത്.

മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സാകട്ടെ, 4 സംസ്ഥാനങ്ങളാണ് ഒറ്റയ്ക്കു ഭരിക്കുന്നത്. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പിനു മുന്‍പ് 14 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഒറ്റയ്ക്കോ സഖ്യത്തിലോ ഭരണത്തില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ആറായി ഇത് ചുരുങ്ങുകയായിരുന്നു. രാജസ്ഥാനിലും, ഛത്തീസ്‌ഗഢിലും, മധ്യപ്രദേശിലും നേടിയ വിജയം കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന 6 സംസ്ഥാനങ്ങളില്‍ നിന്നായി 107 എം.പിമാരെയാണ് ലോക്സഭയിലേക്ക് അയക്കുന്നത്. എന്‍.ഡി.എ ഭരണത്തിനു കീഴിലുള്ള 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 എം.പിമാരാണ് ആകെയുളളത്.

ഏറ്റവും ഒടുവിലായി മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഞ്ചില്‍ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സാണ് വിജയം നേടിയത്. ബി.ജെ.പി ഭരണത്തിനു കീഴിലായിരുന്ന സംസ്ഥാനങ്ങളായിരുന്നു ഇതു മൂന്നും. ഈ മൂന്നു സംസ്ഥാനങ്ങളിലും കൂടി ആകെ 65 ലോക്സഭാ സീറ്റുകളാണുള്ളത്. 2018 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ നേരിടേണ്ടി വന്ന തിരിച്ചടിയും ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്‌പൂരിലും, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സീറ്റായിരുന്ന അലഹബാദിലെ ഫുല്‍പ്പൂരിലും ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ബി.എസ്പി- എസ്പി സഖ്യമാണ് മറ്റൊരു വെല്ലുവിളി.

ബി.ജെ.പി വിജയിച്ച നാല്‍പ്പത്തിയൊന്നോളം സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി.എസ്പിയുടെയും വോട്ട് വിഹിതം ഒന്നിച്ചു നിര്‍ത്തിയാല്‍ അത് ബി.ജെ.പിയുടേതിനേക്കാള്‍ മുകളിലാണ്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശ് രാജ്യം ഭരിക്കാന്‍ നിര്‍ണായകമാണ്. 2014 ലെ ആന്ധ്രാ വിഭജനത്തിനു ശേഷം 175 നിയമസഭാ സീറ്റുകള്‍ ആന്ധ്രാപ്രദേശിനും 119 സീറ്റുകള്‍ തെലങ്കാനയ്ക്കും ലഭിച്ചു. 2014 ലെ ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി 103 സീറ്റുകള്‍ സ്വന്തമാക്കി. തുടക്കത്തില്‍ ടി.ഡി.പി, ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നെങ്കിലും ആന്ധ്രാ പ്രദേശിനു പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ 2018 മാര്‍ച്ചില്‍ ടി.ഡി.പി. സഖ്യം ഉപേക്ഷിച്ചു. നിലവില്‍ 2 എം.പിമാരാണ് ആന്ധ്രയില്‍ ബി.ജെ.പിക്കുള്ളത്.

ജമ്മു കശ്മീരിലെ 87 അംഗ സഭയില്‍ 28 സീറ്റുകള്‍ നേടിയ പി.ഡി.പിയും 25 സീറ്റുകള്‍ നേടിയ പി.ഡി.പിയും സഖ്യം രൂപീകരിക്കുകയും അധികാരത്തില്‍ എത്തുകയുമായിരുന്നു. എന്നാല്‍ മൂന്നര വര്‍ഷത്തെ ഭരണത്തിനു ശേഷം 2018ല്‍ സഖ്യം വഴിപിരിഞ്ഞു. നിലവില്‍, രാഷ്ട്രപതി ഭരണത്തിനു കീഴിലാണ് സംസ്ഥാനം. കോണ്‍ഗ്രസ്സും, നാഷണല്‍ കോണ്‍ഗ്രസ്സും, ഇക്കുറി കനത്ത വെല്ലുവിളിയാണ് ജമ്മുവില്‍ ബി.ജെ.പിക്കു നേരെ ഉയര്‍ത്തുന്നത്. 2017 വരെ പഞ്ചാബില്‍ ശിരോമണി അകാലി ദളിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിന്റെ ഭാഗമായിരുന്നു ബി.ജെ.പിയും. എന്നാല്‍, പിന്നീടു വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, സഖ്യം കോണ്‍ഗ്രസിനോട് പരാജയപ്പെട്ടു. 117 അംഗ സഭയില്‍ 77 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കുകയായിരുന്നു.

40 ലോക്സഭാ സീറ്റുകളാണ് ബീഹാറിലുള്ളത്. 243 നിയമസഭാ സീറ്റുകളും. തിരഞ്ഞെടുപ്പിനു ശേഷം നിതീഷ് കുമാറിന്റെ ജെ.ഡി.യു, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി തെറ്റിപ്പിരിയുകയായിരുന്നു. ബി.ജെ.പി പിന്തുണയോടുകൂടി സര്‍ക്കാര്‍ രൂപികരിച്ചു. നിലവില്‍, ബീഹാര്‍ സര്‍ക്കാരില്‍ ജെ.ഡി.യു-70, ബി.ജെ.പി-53, എല്‍.ജെ.പി- 2, സ്വതന്ത്രന്മാര്‍-4 എന്നിങ്ങനെയാണ് എന്‍.ഡി.എയുടെ സീറ്റു നില.

2014 മുതല്‍ 30 ലോക്സഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കൈവശം ഉണ്ടായിരുന്ന 15 സീറ്റുകളില്‍ 9 സീറ്റുകളും ബി.ജെ.പിക്ക് നഷ്ടമായി. സിറ്റിംഗ് സീറ്റുകള്‍കു പുറമെ പുതിയതായി ഒരു സീറ്റു പോലും നേടാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. കോണ്‍ഗ്രസ്സാകട്ടെ ഒന്നില്‍ നിന്നും ആറിലേക്ക് സീറ്റു നില ഉയര്‍ത്തി. പ്രാദേശിക പാര്‍ട്ടികളാണ് 18 സീറ്റുകളിലും നേട്ടമുണ്ടാക്കിയത്. സിറ്റിംഗ് സീറ്റായിരുന്ന അമൃത്‌സറിനു പുറമെ, 5 സീറ്റുകള്‍ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ഗുരുദാസ്‌പുർ, ആല്‍വാര്‍, ഫുല്‍പുര്‍, ഗോരഖ്‌പുർ, കൈരാന, അജ്മേര്‍ തുടങ്ങിയ ഇടങ്ങളിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിയെ കൈവിടും

പുല്‍വാമ ആക്രമണവും ദേശസുരക്ഷയുടെ പേരില്‍ പിന്നീടുണ്ടായ സംഭവങ്ങളും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും, മോദി അനുകൂലമാക്കുമെന്ന പ്രചാരണം ഫലംകണ്ടില്ലെന്നാണ് പിന്നീടു വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത്. സംസ്ഥാന തലത്തില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന പിന്തുണയും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ യു.പിയില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സൂചനയുള്ളത്. മഹാരാഷ്ട്രയിലും, തമിഴ്‌നാട്ടിലും, ബി.ജെ.പിക്ക് നേട്ടമുണ്ടാകാനാണ് സാധ്യത. ശിവസേനയുമായി സഖ്യമുണ്ടാക്കിയത് മഹാരാഷ്ട്രയില്‍ ഗുണം ചെയ്യാനുള്ള സാധ്യതയുള്ളപ്പോള്‍, തമിഴ്‌നാട്ടില്‍ എ.ഐ.എഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചതും, ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍. ബീഹാറില്‍ എന്‍.ഡി.എയ്ക്ക് നേരിയ മുന്‍തൂക്കത്തിനും സാധ്യതയുണ്ട്.

എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിയെ കൈവിടുമെന്നാണ് വ്യക്തമാകുന്നത്. മേഘാലയയിലും നാഗാലാന്റിലും ബി.ജെ.പി തകര്‍ന്നടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസമില്‍ ബി.ജെ.പിക്കുള്ള ജനകീയത കുത്തനെ ഇടിഞ്ഞുവെന്നും, പൗരത്വബിൽ വിവാദമാണ് ഇവിടെ ബി.ജെ.പിക്ക് തിരിച്ചടിയായതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബംഗാളിലും ഒഡീഷയിലും ബി.ജെ.പിക്ക് നേരിയ ശതമാനം വോട്ടുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും, കോണ്‍ഗ്രസ് ആധിപത്യം തുടരാനാണ് സാധ്യതയെന്നും സര്‍വെകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നതെന്നും സര്‍വെകള്‍ പറയുന്നു.

ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേട്ടം കൊയ്യാന്‍ ബി.ജെ.പി. ശ്രമം നടത്തിയിരുന്നു. 2014 ല്‍ അധികാരത്തില്‍ എത്തിയതു മുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുന്നേറ്റം നടത്താന്‍ ബി.ജെ.പിയ്ക്കു കഴിഞ്ഞിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് ശ്രദ്ധ കൊടുക്കാറുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ രണ്ട് ടേമുകളിലുമായി 38 തവണയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ഇതിനോടകം തന്നെ 30 തവണ സന്ദര്‍ശനം പൂര്‍ത്തിയാക്കി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി ആകെ 25 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍, എട്ടില്‍ ആറ് സംസ്ഥാനങ്ങളിലും, ഒറ്റയ്ക്കോ, സഖ്യം രൂപീകരിച്ചോ ബി.ജെ.പി അധികാരത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഇവിടുത്തെ രാഷ്ട്രീയ സാഹചര്യവും മാറി മറിഞ്ഞിട്ടുണ്ട്. പശുവിന്റെ പേരിലുള്ള പ്രശ്നങ്ങളും, ആള്‍ക്കൂട്ടകൊലപാതകങ്ങളും, കലാപങ്ങളും തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകും. എല്ലാത്തിനും ഉപരിയായി പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.

ഗുജറാത്തില്‍ ബി.ജെ.പിയെ വിറപ്പിച്ച് പട്ടേല്‍, ദളിത് പ്രക്ഷോഭങ്ങള്‍

മൂന്നു പതിറ്റാണ്ടിലേറെ കാലമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്ക്, അടുത്ത കാലത്തായി സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളും ദളിതരും ഉള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പട്ടേല്‍, ദളിത് പ്രക്ഷോഭങ്ങള്‍ ബി.ജെ.പിയെ വിറപ്പിച്ചു. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും ഭയക്കുന്ന നേതാക്കളായി
ഹാര്‍ദിക് പട്ടേലും, ജിഗ്നേഷ് മേവാനിയും അടക്കമുളളവര്‍ മാറി. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിൽ ചേര്‍ന്നതാണ് സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച മഹാറാലിയിലാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍, ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ജാംനഗര്‍ മണ്ഡലത്തില്‍ ഹാര്‍ദിക് മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഹാര്‍ദിക് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെ, ബി.ജെ.പിയുടെ വോട്ട് ബാങ്കായ പട്ടീദാര്‍ സമുദായത്തില്‍ ഇത്തവണ വന്‍ വോട്ടു ചോര്‍ച്ചയുണ്ടാകും എന്ന് ബി.ജെ.പി. ഭയക്കുന്നുണ്ട്. മാത്രമല്ല, ഹാര്‍ദിക് കോണ്‍ഗ്രസ്സിൽ എത്തുന്നതോടെ ദളിത്, മുസ്ലീം, ക്ഷത്രിയ വോട്ടുകളും കോണ്‍ഗ്രസ്സിലേക്കു പോകുമെന്നും ബി.ജെ.പി ഭയക്കുന്നു. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിനു പിന്നാലെ ബി.ജെ.പിക്കെതിരെ വലിയൊരു വെളിപ്പെടുത്തലും, ഹാര്‍ദിക് പട്ടേല്‍ നടത്തി. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഹാർദിക്കിന്റെ നേതൃത്വത്തില്‍ സമരം നടക്കുമ്പോള്‍ ബി.ജെ.പി, കോടികള്‍ വാഗ്ദാനം ചെയ്ത് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് വെളിപ്പെടുത്തല്‍.

1200 കോടി രൂപയാണ് ബി.ജെ.പി. തനിക്കു വാഗ്ദാനം ചെയ്തത് എന്നാണ് ഹാര്‍ദിക് പട്ടേല്‍ പറയുന്നത്. 2016 ലാണ് ഇത്. പണത്തിനൊപ്പം യുവമോര്‍ച്ച അധ്യക്ഷ പദവിയും സംവരണ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് വേണ്ടി ബി.ജെ.പി തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഹാര്‍ദിക് പറയുന്നു. താന്‍ സൂറത്ത് ജില്ലാ ജയിലില്‍ ആയിരുന്നപ്പോഴാണ് ബി.ജെ.പി സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഗുജറാത്തില്‍, നരേന്ദ്ര മോദിയുടെ ചീഫ് സെക്രട്ടറി ആയിരുന്ന കെ. കൈലാശ് നാഥനാണ് ജയിലില്‍ വന്നു തന്നെ കണ്ടത് എന്നും ഹാര്‍ദിക് പട്ടേല്‍ വെളിപ്പെടുത്തിയതായി ഡെക്കാണ്‍ ഹെറാള്‍ഡ് വാര്‍ത്തയില്‍ പറയുന്നു. കൈലാശ് നാഥന്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചതിനു തെളിവായി ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. ഇതു സര്‍ക്കാര്‍ പുറത്തു വിടണമെന്നും ഹാർദിക് ആവശ്യപ്പെട്ടു.

റണ്ണറപ്പ് മണ്ഡലങ്ങള്‍ പിടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പല സീറ്റിലും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതു തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ, 2014 ല്‍ തോറ്റ മണ്ഡലങ്ങളുടെ കണക്കെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.  മഹാസഖ്യത്തിന്റെ സാധ്യതകളും രാഹുല്‍ പുനഃപരിശോധിക്കുന്നുണ്ടെങ്കിലും, മഹാസഖ്യത്തെ മാത്രം കേന്ദ്രീകരിച്ച് വിജയിക്കില്ലെന്ന് മനസ്സിലാക്കിയ രാഹുല്‍ സ്വന്തം പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി പഴുതയടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുജന പ്രശ്‌നങ്ങളില്‍ നിന്നു വിട്ടു നില്‍ക്കരുതെന്നാണ് രാഹുലിന്റെ പ്രധാന നിര്‍ദേശം.

2014 ലോ അതിന് മുമ്പോ കോണ്‍ഗ്രസ് തോറ്റ മണ്ഡലങ്ങളുടെ കണക്കാണ് രാഹുലിന്റെ ഡാറ്റാ അനലിറ്റിക്‌സ് ടീം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 210 മണ്ഡലങ്ങളില്‍ ബി.ജെ.പിയും, കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ 210 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 2014 ല്‍ റണ്ണറപ്പ് ആയിരുന്നു. ഇപ്പോഴും വന്‍ ശക്തിയാണെന്ന് കോണ്‍ഗ്രസിന്റെ സര്‍വേയില്‍ പറയുന്നു. ഇവിടെ ജാതി സമവാക്യം അനുസരിച്ചുള്ള സ്ഥാനാര്‍ത്ഥികളെയാണ് രാഹുല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഗുജറാത്ത്, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നിവ അടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ 224 സീറ്റുകളുണ്ട്. ഇതില്‍ 183 സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണ്. 16 ചെറുനഗരങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 28 സീറ്റുണ്ട്. ഇതില്‍ 27 സീറ്റിലും, കോണ്‍ഗ്രസ് തന്നെയാണ് രണ്ടാമതെത്തിയത്. അതുകൊണ്ട് ആഞ്ഞ് പിടിച്ചാല്‍ ഈ സീറ്റുകളില്‍ വലിയ മാറ്റമുണ്ടാക്കാനാകും എന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സഖ്യത്തിനായി കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കുന്നുണ്ട്. ബീഹാറിനാണ് പ്രഥമ പരിഗണന. 2014ല്‍ കോണ്‍ഗ്രസ് 268 മണ്ഡലങ്ങളില്‍ വിജയികളോ റണ്ണറപ്പുകളോ ആയെന്നാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. 44 സീറ്റുകഗള്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 224 സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. ഇതൊന്നും പരമ്പരാഗതമായി ബി.ജെ.പി കോട്ടകളല്ലെന്ന്, രാഹുലിന്റെ ടെക്‌നിക്കല്‍ ടീം പറയുന്നു.

10 സംസ്ഥാനങ്ങളാണ് രാഹുല്‍ പ്രവര്‍ത്തിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന് ശക്തമായ സാധ്യതകളുള്ള സംസ്ഥാനങ്ങളും മണ്ഡലങ്ങളുമാണിത്. അസം, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ 224 സീറ്റുകളുണ്ട്. വെറും 29 സീറ്റാണ് 2014ല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ബാക്കിയുള്ള 154 സീറ്റില്‍ രണ്ടാം സ്ഥാനത്താണ്. ഇതില്‍ ഭൂരിഭാഗവും ഇത്തവണ വിജയിക്കാനുള്ള മാസ്റ്റര്‍ പ്ലാനും രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്.

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയിരുന്നു. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം നേടുമെന്നാണ് സംസ്ഥാന സമിതിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള സഖ്യം 30 സീറ്റില്‍ കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്നു. നോര്‍ത്ത് ഈസ്റ്റില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റാണ് ലഭിച്ചത്. 22 എണ്ണത്തില്‍ രണ്ടാം സ്ഥാനമായിരുന്നു. ഈ മണ്ഡലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് രാഹുലിന്റെ നിര്‍ദേശം.

റണ്ണറപ്പ് മണ്ഡലങ്ങള്‍ സ്ഥിരമായി ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കാത്തവയാണ്. കൃത്യമായ കാര്യപരിപാടികളും, പ്രശ്‌നപരിഹാരങ്ങളും നിര്‍ദേശിച്ചാല്‍, ഇവര്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് ടെക്നിക്കല്‍ ടീം പറയുന്നു. ഇതിനു പുറമേ രാഹുലിന് ഈ മണ്ഡലങ്ങളില്‍ വന്‍ ജനപ്രീതിയാണ് ഉള്ളതെന്ന് കോണ്‍ഗ്രസ്സ് ഡാറ്റാ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയര്‍മാനായ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. ഈ സീറ്റുകളില്‍ 50 ശതമാനം കാര്‍ഷിക മേഖലകളാണ്. 2014നെ അപേക്ഷിച്ച് കോണ്‍ഗ്രസിനെ കൂടുതല്‍ വിശ്വാസത്തില്‍ എടുക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. അത് വോട്ടുകളാക്കി മാറ്റാനാണ് രാഹുല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

15 സഖ്യകക്ഷികളാണ് എന്‍.ഡി.എ. മുന്നണി വിട്ട് പുറത്ത് പോയിട്ടുള്ളത്. നിലവില്‍ 40 പ്രദേശിക പാര്‍ട്ടികളുടെ പിന്തുണ ബിജെപിക്കുണ്ട്. യുപിഎയ്ക്കാകട്ടെ 20 പ്രദേശിക പാര്‍ട്ടികളാണ് പിന്തുണ നല്‍കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ബിജെപി വിരുദ്ധ ചേരിയുടെ മഹാസഖ്യ രൂപികരണത്തിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ബി.ജെ.പിക്കെതിരെ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

9 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. പ്രധാനമായും ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ വമ്പന്‍ സംസ്ഥാനങ്ങളാണ് ഇതില്‍ ഉള്ളത്. 291 സീറ്റുകള്‍ ഈ 9 സംസ്ഥാനങ്ങളുണ്ട്. 10 എണ്ണത്തില്‍ ജയവും 48 മണ്ഡലങ്ങളില്‍ റണ്ണറപ്പുമാണ് കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളില്‍. ഇതില്‍ യു.പിയില്‍ പ്രിയങ്കയുടെ വരവോടെ കുറച്ച് നേട്ടം സ്വപ്‌നം കാണുന്നുണ്ട് രാഹുല്‍. ബീഹാറില്‍ ആര്‍.ജെ.ഡിയും പശ്ചിമ ബംഗാളില്‍ സി.പി.എമ്മുമായും കോണ്‍ഗ്രസിന് സഖ്യമുണ്ട്. ഈ 9 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എങ്ങനെ മികവുണ്ടാക്കും എന്നതിനെ ആശ്രയിച്ചാണ് രാഹുല്‍ പ്രധാനമന്ത്രിയാവുമോ എന്ന് വ്യക്തമാകുക.

രാഹുലിനെ നയിക്കുന്നത് ഡാറ്റ അനലിറ്റിക്‌സ് ടീം

ബി.ജെ.പിയെ വീഴ്ത്താന്‍, ഏറ്റവും സാധാരണക്കാരിലേക്കെത്തുന്ന നിര്‍ദ്ദേശങ്ങളാണ് കോണ്‍ഗ്രസ്സ് തയ്യാറാക്കുന്നത്. പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതു വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ടീമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ ടീമിനെ നയിക്കുന്നതാകട്ടെ പ്രവീണ്‍ ചക്രവര്‍ത്തിയെന്ന ചാണക്യനും. രാഹുലിനെ മുന്നോട്ടു നയിക്കുന്നത് അദ്ദേഹത്തിന്റെ പദ്ധതികളാണ്.

ഒരിക്കല്‍ ബി.ജെ.പി. സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ശ്രമിച്ച പ്രവീണ്‍ ചക്രവര്‍ത്തി, ഇന്നു കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനാണ് തിരികൊളുത്തിയിരിക്കുന്നത്. അമിത് ഷായെയും നരേന്ദ്ര മോദിയെയും വീഴ്ത്താന്‍ അഞ്ച് നിര്‍ദേശങ്ങളാണ് പ്രവീണ്‍, രാഹുലിനു മുന്നില്‍ നിര്‍ത്തിയത്. ഇതില്‍ ആദ്യത്തെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സാങ്കേതിക മേഖലയില്‍ ഇന്ത്യയില്‍ മികവുറ്റ പ്രവര്‍ത്തകനാണ് പ്രവീണ്‍ ചക്രവര്‍ത്തി. ഐ.ബി.എമ്മിലും മൈക്രോസോഫ്റ്റിലുമായി കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലയിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹം രാഷ്ട്രീയ വിശകലനത്തിലേക്ക് കടന്നത്. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്സിലേക്കു കൊണ്ടുവരികയായിരുന്നു.

നിലവില്‍, പാര്‍ട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയര്‍മാനാണ് ചക്രവര്‍ത്തി. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനത്തിന്റെ നട്ടെല്ലായ ശക്തി ആപ്പ് വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. രാഹുലിന്റെ ശൈലി എന്തായിരിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങളാണ് ഇന്ന് മോദിക്ക് ബദലായി രാഹുലിനെ മാറ്റിയത്. ബി.ജെ.പിയുടെ ദൗര്‍ബല്യങ്ങളെ കേന്ദ്രീകരിച്ചാണ് ഡാറ്റ അനലിറ്റിക്‌സ് ടീം പ്രവര്‍ത്തിക്കുന്നത്. ഓരോ മൂന്നു ദിവസം കൂടുമ്പോഴും രാഹുല്‍ തന്റെ ശൈലി മാറ്റുന്നത് ഇവരില്‍നിന്നു കിട്ടുന്ന റിപ്പോര്‍ട്ട് കൊണ്ടാണ്. അതുകൊണ്ട് ബി.ജെ.പിക്ക് ഇതിനെ പ്രതിരോധിക്കാനുമാകില്ല.

എ.ഐ.സി.സിയുടെ ‘ശക്തി’ പദ്ധതി മദ്ധ്യപ്രദേശ്, ചത്തീസ്‌ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയത് എ.ഐ.സി.സി ഡാറ്റാ അനാലിറ്റിക്സ് വിഭാഗമാണ്‌. ഇതാണ് പിന്നീട് ബി.ജെ.പിയുടെ പ്രതീക്ഷകളെ ആകെ തകര്‍ക്കുന്ന രീതിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പടര്‍ന്നു കയറിയത്. പുതുതലമുറയെ ആകര്‍ഷിക്കാന്‍ ശക്തി പോലുള്ള പദ്ധതികള്‍ കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷ ഒരു പരിധി വരെ ശരിയായിരുന്നു എന്നതിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ മിന്നുന്ന വിജയം.

രാജസ്ഥാനില്‍ മാത്രം, ജീവിച്ചിരിപ്പില്ലാത്ത 60 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന തെളിവുകളാണ് എ.ഐ.സി.സി ഡാറ്റാ അനാലിറ്റിക്സ് വിഭാഗം പുറത്തുവിട്ടത്. മദ്ധ്യപ്രദേശില്‍ 41 ലക്ഷം ഇരട്ടവോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയതും ഇതേ സംഘമായിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലും ഇവര്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. രാജസ്ഥാനില്‍ ഡാറ്റാ അനാലിറ്റിക്സ് വിഭാഗം നിര്‍ദ്ദേശിച്ച 39 പുതുമുഖ സ്ഥാനാര്‍ത്ഥികളും വിജയിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തില്‍ നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് വിജയം നേടികൊടുക്കാന്‍ മാത്രം സുശക്തമായ വിവര സാങ്കേതിക രംഗത്ത് വൈദഗ്ദ്യം തെളിയിച്ച ഒരു ഡാറ്റാ അനാലിറ്റിക്സ് വിഭാഗം കോൺഗ്രസ്സിനുള്ളത് പാര്‍ലിമെന്റ് ഇലക്ഷനില്‍ കോണ്ഗ്രസ്സിന്റെ പ്രതീക്ഷകളെ ഉറപ്പിക്കുന്നുണ്ട്.

നരേന്ദ്ര മോദിക്ക് ബദലാകുമെന്ന് പ്രതീക്ഷിക്കാവുന്ന  യുവനേതാവ് എന്ന നിലയിലേക്ക് രാഹുല്‍ ഗാന്ധിയെ വളര്‍ത്തിയത് എ.ഐ.സി.സി ഡാറ്റാ അനാലിറ്റിക്സ് വിഭാഗത്തിന്റെ കഠിനാധ്വാനം കൊണ്ട് കൂടിയാണെന്നു പറയേണ്ടി വരും. സ്‌കൂളില്‍ സദാസമയവും കളിച്ചു നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥി മാത്രമായിരുന്ന രാഹുല്‍ സ്‌പോര്‍ട്‌സില്‍ സജീവമായിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. കൌമാരകാലത്ത്, ഷൂട്ടിങ്ങില്‍ എട്ടു മെഡലുകളും ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 32-ാം സ്ഥാനവും നേടിയ രാഹുലിന് നിര്‍ണ്ണായകമായ പാര്‍ലിമെന്റ് ഇലക്ഷനില്‍ ലക്‌ഷ്യം പിഴക്കില്ല എന്ന് തന്നെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും ഡാറ്റാ അനാലിറ്റിക്സ് വിഭാഗത്തിന്റെയും പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *