Sun. Dec 22nd, 2024
ദില്ലി:

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേയും, മഹാരാഷ്ട്രയിലെ 5 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളുടെ പേരാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. മുതിര്‍ന്ന നേതാവ് രാജ് ബബ്ബര്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലും, മുന്‍ കേന്ദ്രമന്ത്രി ജയ്സ്വാള്‍ കാണ്‍പൂരിലും മത്സരിക്കും. സുശീല്‍ കുമാര്‍ ഷിന്‍ഡെ സോളാപൂരില്‍ നിന്നും, നടന്‍ സുനില്‍ ദത്തിന്‍റെ മകള്‍ പ്രിയാ ദത്ത് മുംബൈ നോര്‍ത്തില്‍ നിന്നും ജനവിധി തേടും.

നാഗ്പൂരില്‍ നിതിന്‍ ഗഡ്ക്കരിക്കെതിരെ കിസാന്‍ കോണ്‍ഗ്രസ് നേതാവ് നാനാ പടോളിനെയാണ് ഇറക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്ര മുംബൈ സൗത്തില്‍ നിന്നും മത്സരിക്കും. ബി.ജെ.പി. വിട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെത്തിയ സാവിത്രി ഫുലെയും പട്ടികയിലുണ്ട്.

രണ്ടാം പട്ടികയോടെ ഉത്തര്‍പ്രദേശിലെ 27 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിരുന്നു. 15 സ്ഥാനാര്‍ത്ഥികളുളള പട്ടികയായിരുന്നു ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പുറത്തു വിട്ടത്. സോണിയാ ഗാന്ധി റായ്ബറേലിയില്‍ നിന്നും, രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും മത്സരിക്കും. ഉത്തര്‍പ്രദേശിലടക്കം ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയത്. അതേസമയം കേരളടമടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇപ്പോഴും പ്രതിസന്ധിയിലാണ്.

കർണാടകയിൽ, ജെ.ഡി.എസ് കോൺഗ്രസ് സീറ്റ് വിഭജനത്തിൽ ധാരണയായി. ഇരുപതു സീറ്റുകളിൽ കോൺഗ്രസ്സും, എട്ടു സീറ്റുകളിൽ ദളും മത്സരിക്കും. തർക്കം നിലനിന്നിരുന്ന മാണ്ഡ്യ സീറ്റ് ജനതാദളിനാണ്. ഏറെ നാൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് കോൺഗ്രസും ദളും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായത്. 10 സീറ്റുകൾ വേണമെന്ന വാശിയിൽ ദൾ ഉറച്ചു നിന്നെങ്കിലും, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കൊടുവിലാണ് സമവായമായത്.

ഉത്തര കന്നഡ, ചിക്കമംഗ്ലൂരു, ഷിമോഗ, തുമകൂരു, ഹാസൻ, മാണ്ഡ്യ, ബെംഗളൂരു നോർത്ത്, വിജയാപുര എന്നീ സീറ്റുകളാണ് ദള്ളിന്. കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പതിനാറിനു തന്നെ  പ്രഖ്യാപിക്കുമെന്ന് കർണാടക പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *