Sat. Apr 20th, 2024
ബംഗളൂരു:

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം സീറ്റു ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റുവിഭജനത്തില്‍ ധാരണയായത്‌. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ ദേവഗൗഡയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം സീറ്റ്  ധാരണയിലെത്തിയത്.

10 സീറ്റുകള്‍ വേണമെന്ന വാശിയില്‍ ജെ.ഡി.എസ്. ഉറച്ചു നിന്നെങ്കിലും, ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ 20 സീറ്റുകളില്‍ കോണ്‍ഗ്രസ്സും, 8 സീറ്റുകളില്‍ ജെ.ഡി.എസും മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത്, വിജയപുര എന്നീ സീറ്റുകളില്‍ ജെ.ഡി.എസ്. മത്സരിക്കും. സീറ്റു വിഭജനത്തില്‍ തര്‍ക്കം നിലനിന്നിരുന്ന മാണ്ഡ്യ സീറ്റില്‍ ജെ.ഡി.എസ്. മത്സരിക്കും. തുടക്കത്തില്‍ 12 സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ച ജെ.ഡി.എസ്. ഒടുക്കം 8 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. 
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക 16 ന് തന്നെ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക പി.സി.സി. അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ദേവഗൗഡയുടെ ചെറുമകന്‍ നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യ സീറ്റില്‍ മത്സരിക്കുക. ഈ മണ്ഡലത്തില്‍ നടി സുമലത സ്വതന്ത്രയായി മത്സരിക്കുമെന്ന് വെളിപ്പെടുത്തല്‍ കൂടി പുറത്തു വന്നതോടെ ശക്തമായ ത്രികോണ മത്സരം ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നു പ്രതീക്ഷയുണ്ടെന്നും, അല്ലാത്തപക്ഷം സ്വതന്ത്രയായി മത്സരിക്കുമെന്നും സുമലത നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ബീഹാറില്‍ മഹാസഖ്യത്തിന്‍റെ ഭാഗമാകാനുള്ള ആര്‍.ജെ.ഡിയുടെ ക്ഷണം നിരസിച്ച് ബി.എസ്.പി രംഗത്ത് വന്നു. ബീഹാറിലെ 40 സീറ്റുകളിലും തനിച്ച് മത്സരിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ആര്‍.ജെ.ഡിയുമായി സഖ്യം വേണ്ടെന്ന നിലപാടില്‍ ബി.എസ്.പി എത്തിയത്. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു.

ബീഹാറില്‍ ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍ ദല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചയിലാണ് സീറ്റൂ വിഭജനത്തില്‍ ധാരണയായത്. സീറ്റ് ധാരണ ചര്‍ച്ച ചെയ്‌തെന്നും ഒന്നിലും ആശങ്കയില്ലെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *