Mon. Dec 23rd, 2024
മുംബൈ:

ബോളിവുഡ്‌ താരം ആമിർ ഖാൻ, കടൽ കൊള്ളക്കാരന്റെ വേഷത്തിലെത്തിയ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. എന്നാൽ തന്റെ 54-ാം പിറന്നാൾ ദിനത്തിൽ ആരാധകരുടെ കാത്തിരിപ്പിനു വിരാമം ഇട്ടിരിക്കുകയാണ് ബോളിവുഡിലെ സൂപ്പർ സ്റ്റാർ.

1994 ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് നായകനായ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ ആയിരിക്കും ആമിർ ഖാൻ ഇനി വെള്ളിത്തിരയിൽ എത്തുക. ‘ലാൽ സിംഗ് ചദ്ദ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തന്റെ ജന്മദിനത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ്, ആമിർ ഖാൻ അടുത്ത ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവർഷവും പിറന്നാൾ ദിനത്തിൽ തന്റെ ഭാര്യയും സഹപ്രവർത്തകയുമായ കിരൺ റാവുവിനൊപ്പം മാധ്യമ പ്രവർത്തകരോടൊപ്പമാണ് ആമിർ ഖാൻ പിറന്നാൾ ആഘോഷിക്കാറുള്ളത്.

‘ഫോറസ്റ്റ് ഗമ്പ്’ ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള അവകാശം ഹോളിവുഡ് നിർമ്മാണ കമ്പനിയായ പാരമൗണ്ടിൽ നിന്നും വാങ്ങിച്ചു എന്നും, തന്റെ തന്നെ നിർമ്മാണ കമ്പനി ആയ ആമിർ ഖാൻ പ്രൊഡക്ഷന്സും വയകോം18 മൂവിസും ചേർന്നായിരിക്കും ചിത്രം നിർമ്മിക്കുക എന്നും ആമിർ പറഞ്ഞു. ‘സീക്രട്ട് സൂപ്പർ സ്റ്റാർ’ എന്ന ചിത്രത്തിന്റെ സംവിധായകനും ‘താരേ സമീൻ പർ’, ‘ധോബി ഘാട്ട്’ എന്നീ ചിത്രങ്ങളിൽ സഹ സംവിധായകനുമായിരുന്ന അദ്വൈത് ചന്ദൻ ആയിരിക്കും ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുക.

അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരനിര ഉണ്ടായിട്ടും ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്’ ഉണ്ടായ പരാജയം ആമിർ ഖാനെ അടുത്ത സിനിമ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവാക്കിയിരുന്നു. ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ’ പരാജയത്തിനു ശേഷം ആമിർ ഖാൻ തന്റെ ആരാധകരെ നിരാശപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, ആമിർ ഖാൻ ശ്രീകൃഷ്ണന്റെ വേഷത്തിലെത്തുന്ന ‘മഹാഭാരത്’ എന്ന ചിത്രത്തെക്കുറിച്ചും വാർത്തകൾ വന്നിരുന്നെങ്കിലും, പിന്നീട് ഇതേക്കുറിച്ചു ഒന്നും കേട്ടിരുന്നില്ല. ഹോളിവുഡ് ചിത്രമായ ‘ഫോറസ്റ്റ് ഗമ്പ്’ ആമിർ ഖാൻ ഹിന്ദിയിൽ ചെയ്യുന്നു എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഈ അഭ്യൂഹത്തിനാണ് ഇപ്പോൾ വിരാമം ആയിരിക്കുന്നത്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും, അതിനു മുൻപായി ആറുമാസത്തെ തയ്യാറെടുപ്പുകൾ ഉണ്ടാവുമെന്നും ആമിർ ഖാൻ അറിയിച്ചു.

‘ഫോറസ്റ്റ് ഗമ്പ്’ എന്ന പേരിൽ 1986 ൽ ഇറങ്ങിയ വിൻസ്റ്റൺ ഗ്രൂം രചിച്ച നോവലാണ് 1994 ൽ അതേപേരിൽ ചലച്ചിത്രമാവുന്നത്. റോബർട്ട് സെമിക്ക്സ് ആണ് ചലച്ചിത്രം സംവിധാനം ചെയ്തത്. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ഉണ്ടായ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുകയും, അവയെ സ്വാധീനിക്കുകയും ചെയ്ത ഫോറസ്റ്റ് ഗമ്പ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് ചിത്രം പറയുന്നത്. ഫോറസ്റ്റ് ഗമ്പിന് മികച്ച ചിത്രത്തിനും, മികച്ച നടനും (ടോം ഹാങ്ക്സ്) മികച്ച സംവിധായകനും, മികച്ച വിഷ്വൽ എഫക്റ്റ്സിനും, മികച്ച അവലംബിത തിരക്കഥക്കും, മികച്ച ചിത്രസന്നിവേശത്തിനും ഉള്ള 67മത് ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. ‘ഫോറസ്റ്റ് ഗമ്പ്’ ചിത്രത്തിന്റെ ഇന്ത്യൻ ആരാധകരിൽ പലരും ആമിർ ഖാൻ ‘ഫോറസ്റ്റ് ഗമ്പ്’ ഹിന്ദിയിൽ ചെയ്യുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നേരത്തെ വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *