Fri. Jan 24th, 2025

മലയാള സിനിമയിലെ ആദ്യ നായികയും ദളിത് സ്ത്രീയുമായിരുന്ന പി.കെ.റോസിക്ക് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന യാതനകളുടെയും അവഹേളനങ്ങളുടെയും കഥ പറഞ്ഞ നോവലാണ് വിനു എബ്രഹാമിന്റെ ‘നഷ്ടനായിക.’ ആദ്യ മലയാള സിനിമ ‘വിഗത കുമാരൻ’ എന്ന ചിത്രത്തിന്റെ പിറവിയുടെയും, അതിന്റെ സംവിധായകനും മലയാളസിനിമയുടെ പിതാവുമായ ജെ.സി ഡാനിയേലിന്റെയും കൂടി കഥയായ ഈ നോവൽ പിന്നീട് പൃഥ്വിരാജ് അഭിനയിച്ച് കമൽ സംവിധാനം ചെയ്ത ‘സെല്ലുലോയ്‌ഡ്’ എന്ന ചിത്രമായി അനുകല്പനം ചെയ്യപ്പെട്ടിരുന്നു.

മലയാളത്തിന്റെ അതുല്യ നടൻ സത്യൻ അഥവാ സത്യൻ മാഷിന്റെ സംഭവബഹുലമായ ജീവിതകഥ സിനിമയാക്കുക എന്നതും വിനു അബ്രഹാമിന്റെ വലിയ സ്വപ്നമായിരുന്നു. എന്നാൽ ആ സ്വപ്നത്തിന് ഏറ്റ തിരിച്ചടിയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വിനു എബ്രഹാം. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആ നഷ്ട സ്വപ്നത്തെകുറിച്ച് വിനു എബ്രഹാം പറഞ്ഞത്.

വിനു എബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ട കൂട്ടുകാരേ, ഇവിടെ പലപ്പോഴും എന്റെ കലാജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും ആണ് ഞാൻ പങ്കു വയ്ക്കാറുള്ളത്.എന്നാൽ ഇത് ആദ്യമായി എന്റെ കലാജീവിതത്തിലെ ഒരു ചരിത്ര നഷ്ടത്തിന്റെ കഥ ഇവിടെ പങ്കു വയ്ക്കുന്നു.

ഓർമ്മ വച്ച നാൾ മുതൽ മലയാള സിനിമയും അതിലെ നടന്മാരും എന്റെ കൂടെ ഉണ്ടായിരുന്നു.സത്യൻ,നസിർ, മധു,ഷീല,ജയഭാരതി,ശാരദ,വിജയശ്രീ..അങ്ങനെ.അന്നേ സിനിമനോട്ടീസുകൾ ശേഖരിക്കുന്ന ശീലത്തിലൂടെ മലയാള സിനിമയുടെ ചരിത്രവും എനിക്കൊപ്പം ഉണ്ടായിരുന്നു.അങ്ങനെയാവണം ഞാൻ നഷ്ടനായിക നോവൽ എഴുതിയതും അത് സെല്ലുലോയ്ഡ് സിനിമയാകുന്നതും ഒക്കെ.

പിന്നെപ്പോഴോ സത്യൻ മാഷിന്റെ ജീവിതവും സിനിമകളും ഒക്കെ സൂക്ഷ്മം ആയി പഠിക്കാൻ തുടങ്ങിയപ്പോഴാണ്, അതെന്നെ വല്ലാതെ അമ്പരപ്പിച്ചത്. ഒന്നല്ല ആ ജീവിതം 5 സിനിമകൾ കൊണ്ടും പറഞ്ഞു തീർക്കാൻ പറ്റാത്തതാണ് എന്നു മനസ്സിലായത്. എന്തായാലും എന്നെങ്കിലും സത്യന്റെ ജീവിതകഥ എനിക്ക് സിനിമ ആക്കേണ്ടതാണ് എന്നു ഏറെ ആഗ്രഹിച്ചു. അതിലേക്കു അദ്ദേഹത്തെക്കുറിച്ചു കിട്ടാവുന്ന ധാരാളം വിവരങ്ങൾ ശേഖരിച്ചു.

അങ്ങനെ ഇരിക്കയെയാണ് നാലഞ്ചു മാസങ്ങൾക്കു അപ്പുറം, മലയാളസിനിമയിൽ ഇന്ന് ഏറ്റവും സജീവമായി മുൻനിരയിൽ നിൽക്കുന്നവരിൽ ഒരാളും മികച്ച സിനിമ കളുടെ ഒരു വൻനിര തന്നെ സ്വന്തം ആയി ഉള്ളയാളും ആയ ഒരു സംവിധായക സുഹൃത്ത് സത്യൻ മാഷിനെ കുറിച്ചുള്ള ഒരു സിനിമക്കു എഴുതാമോ എന്നു എന്നോട് ആരായുന്നത്. ഒരു സുവർണ്ണ നിമിഷം. പിന്നീട് അങ്ങോട്ടു കാര്യങ്ങൾ വേഗത്തിൽ ആയിരുന്നു. അനായാസം തിരക്കഥയുടെ ഒരു വിശദമായ വന്ലൈൻ ഞാൻ തയാറാക്കി.ഓസ്കാർ,കാൻ വേദികളിൽ മത്സരിക്കാൻ തക്ക നിലവാരത്തിലുള്ള ഒരു മഹത്തായ സിനിമയാണ് ഞങ്ങൾ സ്വപ്നം കണ്ടത്. ഏകദേശം 10 കോടി രൂപ ബഡ്ജറ്റ് വരുന്ന ഒരു പ്രോജക്ട്. ഇന്നത്തെ നിലയിൽ അത്ര വലുത് അല്ലാത്ത ഒന്നു. മലയാളത്തിലെ ഒരു പ്രഗത്ഭ മുൻ നിര യുവ നടനെയാണ് സത്യന്റെ വേഷം ചെയ്യാൻ ആയി കണ്ടത്.

അടുത്ത പടി സത്യൻ മാഷിന്റെ ജീവിത കഥയുടെ റൈറ് അദ്ദേഹത്തിന്റെ അവകാശികളിൽ നിന്നു കരസ്ഥമാക്കുക എന്നതായിരുന്നു. അതിനായി അവകാശിയുമായി വളരെ സന്തോഷകരം ആയ ആദ്യ ചർച്ച നടന്നു. തുടർന്ന് ഒരു നിര്മാണകമ്പനിയും എത്തിയതോടെ ഇതാ സിനിമ വേഗം തുടങ്ങും എന്ന അവസ്ഥ ആയി.

എന്നാൽ സത്യൻ മരിച്ചു 40 വർഷങ്ങൾ ആയി ആരും ശ്രമിക്കാത്ത ഈ പ്രോജക്ട് ചെയ്യാൻ അതോടെ വേറെ പലരും അവകാശികളെ സമീപിച്ചു തുടങ്ങി. ഇത്രയും ആയതോടെ റൈറ് തുക ഒരു തർക്കവിഷയം ആയി മാറുകയായിരുന്നു.കൂടുതൽ തുക ആര് പറയുന്നോ അവർക്ക് റൈറ്റ് പോകുന്ന അവസ്ഥ ആയി. ഒടുവിൽ അങ്ങനെ തന്നെ കഴിഞ്ഞ ദിവസം സംഭവിച്ചു. ഞങ്ങളുടെ സ്വപ്ന സിനിമ മലയാളത്തിലെ ഒരു നിർമാതാവ് കരസ്ഥമാക്കി എന്നു അറിയുന്നു.

അറിയാം സിനിമയിൽ ഇതൊക്കെ സാധാരണം ആണ്. ആരേയും കുറ്റപ്പെടുത്താനും ഇല്ല. പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്. മലയാള സിനിമയുടെ ചരിത്രം എന്നത് എത്ര മാത്രം എന്റെ ഒരു വികാരം ആണെന്നത് നഷ്ടനായിക നോവലിലും സെല്ലുലോയ്ഡ് സിനിമയിലും നിങ്ങൾ കണ്ടത് ആണ്. ആ നിലക്ക് അതിന്റയൊക്കെ എത്രയോ മടങ് ആണ് സത്യൻ സിനിമയിൽ ഞാനും സംവിധായക സുഹൃത്തും സ്വപ്നം കണ്ടതും അത് സഫലീകരിക്കാൻ ശ്രമിക്കുകയും ചെയ്യും എന്ന കാര്യം നിങ്ങൾ ശരി വക്കും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. അതിനാൽ ആ സ്വപ്നത്തിന്റെ തകർച്ചയുടെ കനത്ത സങ്കടം ഇവിടെ പങ്കു വക്കുന്നു എന്നു മാത്രം…

Leave a Reply

Your email address will not be published. Required fields are marked *