Thu. Apr 25th, 2024
തിരുവനന്തപുരം:

ഈ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിൽ ആയിരിക്കും. വിശ്വ പൗരനായി അറിയപ്പെടുന്ന ശശി തരൂർ മത്സരിക്കുന്നതുകൊണ്ടും, ബി.ജെ.പിക്കു കേരളത്തിൽ ഏറ്റവും സാധ്യതയുള്ള മണ്ഡലം ആയതുകൊണ്ടും ദേശീയ തലത്തിൽത്തന്നെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്ന മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.

കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും, കഴിഞ്ഞ രണ്ടു തവണ വിജയിച്ച ശശി തരൂർ വീണ്ടും ഇറങ്ങുമെന്നു ഉറപ്പാക്കി പാർട്ടി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവയ്പിച്ച് ഗോദയിലിറക്കാന്‍ തീരുമാനിച്ചതോടെ, തരൂരിന്റെ ഹാട്രിക്ക് മോഹം അത്ര എളുപ്പമായിരിക്കില്ല എന്ന വ്യക്തമായ സന്ദേശം കൊടുക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽ.ഡി.എഫ് ആകട്ടെ, ഇത്തവണ പേയ്‌മെന്റ് സീറ്റ് വിവാദങ്ങളൊന്നുമില്ലാതെ സി. ദിവാകരൻ എന്ന മുതിർന്ന നേതാവിനെത്തന്നെ രംഗത്തിറക്കി വ്യക്തമായ രാഷ്ട്രീയ പോരാട്ടത്തിന് അങ്കം കുറിച്ചിരിക്കുകയാണ്. അതോടെ ആരു ജയിച്ചാലും വിജയം ഫോട്ടോഫിനിഷിലൂടെ ആയിരിക്കും എന്ന് ഏകദേശം ഉറപ്പായി.

കേരളത്തിലെ മറ്റു 19 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമായി ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യമാണ് തിരുവന്തപുരത്തു ഇടത്-വലത് മുന്നണികളുടെ ചങ്കിടിപ്പു കൂട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ബി.ജെ.പിയുടെ കേരളത്തിലുള്ള ഒരേയൊരു എം.എൽ.എയും തിരുവനന്തപുരം മണ്ഡലത്തിൽ ഉൾപ്പെടുന്ന നേമത്തു നിന്നാണ്. അതിനാൽത്തന്നെ, ബി.ജെ.പി. അവരുടെ സർവ്വസന്നാഹങ്ങളുമായി ലോകസഭയിൽ, കേരളത്തിൽ നിന്നും അക്കൗണ്ട് തുറക്കാൻ ശ്രമിക്കുമെന്ന് ഉറപ്പാണ്. എന്നാൽ, ശശി തരൂരിന്റെ വ്യക്തി പ്രഭാവത്തിൽ കോൺഗ്രസ്സും, ചിട്ടയായ സംഘടനാ സംവിധാനത്തിൽ ഇടതുപക്ഷവും വിജയ പ്രതീക്ഷ പുലർത്തുന്നു.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയോജകമണ്ഡലങ്ങള്‍ ചേരുന്നതാണ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഗരപരിധിയിലുള്ള തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി ആയിരുന്ന ഒ.രാജഗോപാൽ ആയിരുന്നു ഒന്നാം സ്ഥാനത്തു വന്നത്. പക്ഷെ നഗരത്തിനു പുറത്തുള്ള കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പി. മൂന്നാം സ്ഥാനത്താകുകയും ശശി തരൂരിന് ആ മൂന്നിടത്തും വമ്പൻ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തതുകൊണ്ടാണ് 15470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കാനായത്.

പക്ഷെ, 2016 നിയമസഭ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. ബി.ജെ.പിക്കു നേമത്തു മാത്രമേ വിജയിക്കാനായുള്ളു. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും രണ്ടാമതെത്തിയ ബി.ജെ.പി. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തിന് തൊട്ടടുത്തുണ്ടായിരുന്നു. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കോവളം എന്നീ മൂന്നു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും കഴക്കൂട്ടം, നെയ്യാറ്റിന്‍കര, പാറശ്ശാല മണ്ഡലങ്ങളില്‍ സി.പി.എമ്മും ആയിരുന്നു വിജയിച്ചത്. അതായതു ഒരു കക്ഷിക്കും മേൽക്കൈ അവകാശപ്പെടാൻ സാധിക്കാത്ത വിധം സങ്കീർണ്ണമാണ് തിരുവനന്തപുരത്തിന്റെ മനസ്സ്. ഭൂരിപക്ഷ സമുദായ വോട്ടുകളുടെ കേന്ദ്രീകരണമാണ് തിരുവനന്തപുരത്ത് വിജയികളെ നിശ്ചയിക്കുക. ഇതിനൊപ്പം നാടാർ വോട്ടുകളും നിർണ്ണായകം. തീരമേഖലയിലെ ക്രൈസ്തവ വോട്ടുകൾ കൂടി പെട്ടിയിലാക്കിയാൽ ജയിച്ചു കയറാം.

ഇടതു പ്രതീക്ഷകൾ :

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം അടിസ്ഥാനമാക്കുകയാണെങ്കിൽ, തിരുവനന്തപുരത്തെ ഏഴു നിയോജകമണ്ഡലങ്ങളിലും ഒരുമിച്ച് ഇടതുമുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. സി. ദിവാകരൻ എം.എൽ. എയെത്തന്നെ രംഗത്തിറക്കിയതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കഴിഞ്ഞ തവണ സംഭവിച്ച പാളിച്ച പരിഹരിക്കപ്പെട്ടു കഴിഞ്ഞു എന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍പെട്ട ബെന്നറ്റ് എബ്രഹാമിനെ സി.പി.ഐ. അവതരിപ്പിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നെങ്കിലും വിപരീത ഫലം ആണ് ഉണ്ടായത്. ഇത്തവണ മുൻ മന്ത്രി കൂടിയായ സി. ദിവാകരന്റെ തിരുവന്തപുരത്തുള്ള സ്വാധീനവും, പ്രവർത്തന പരിചയവും എല്ലാത്തിനുമുപരി കിടയറ്റ സംഘടനാ സംവിധാനവും ഉള്ളതുകൊണ്ട് ജയിച്ചു കയറാം എന്നാണ് ഇടതു ക്യാമ്പുകൾ കരുതുന്നത്.

സംസ്ഥാന ഭരണം കയ്യിലുള്ളതും തലസ്ഥാന നഗരിയിലെ വോട്ടുകൾ സ്വാധീനിക്കാൻ നിർണ്ണായകമായ ഘടകമാണ്. 1996 ലും 2004 ലും, പിന്നീട് ഉപതെരെഞ്ഞടുപ്പ് വന്നപ്പോൾ 2005 ലും, ജയിച്ച ചരിത്രം സി.പി.ഐയ്ക്കുണ്ട്. അതിനാൽ തിരുവനന്തപുരം മണ്ഡലം ഒരിക്കലും ഇടതു മുന്നണിക്ക് ഒരു ബാലികേറാ മല ആയിരിക്കില്ല. പോരാത്തതിന് സി.പി.എമ്മുമായി നല്ല ബന്ധമുള്ള വ്യക്തിയാണ് സി.ദിവാകരന്‍. അതുകൊണ്ടുതന്നെ ഇത്തവണ സി.പി.എമ്മും ദിവാകരനുവേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടാകും. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുവെങ്കിലും അതിനു മുന്‍പു നേടിയതിനേക്കാള്‍ വോട്ട് കഴിഞ്ഞ തവണ നേടാനായെന്നത് ഇത്തവണ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. നഗരത്തിനു വെളിയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ മേല്‍ക്കൈ ആവര്‍ത്തിക്കുകയും നഗരത്തിനുള്ളില്‍ ശക്തമായ പ്രവർത്തനങ്ങളിലൂടെ ഒരു തിരിച്ചു വരവ് നടത്തുകയും ചെയ്താല്‍ വിജയം സുനിശ്ചിതമെന്ന് സി.പി.ഐ. കരുതുന്നു.

എന്നിരുന്നാലും, ശബരിമല വിഷയം വോട്ടർമാരിൽ എങ്ങനെ പ്രതിഫലിക്കും എന്നതിൽ ഇടതു മുന്നണിക്ക് ആശങ്കയുണ്ട്. കൊഞ്ചിറവിള ദേവിക്ക് കാണിക്കയർപ്പിച്ചു കൊണ്ട് സി. ദിവാകരനെപ്പോലുള്ള ഒരു കമ്യുണിസ്റ്റ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതൊക്കെ ശബരിമല വിഷയത്തിലെ ഇടതു നിലപാട് വോട്ടർമാരിൽ ഒരു നീരസം ഉണ്ടാക്കാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായി കാണാം. ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തമായ ഇടതുപക്ഷം കേരളത്തിൽ മാത്രമായി ചുരുങ്ങിയതും പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കും. മറ്റു രണ്ടു സ്ഥാനാർത്ഥികളും അവരുടെ മുന്നണി അധികാരത്തിൽ വന്നാൽ മന്ത്രി സ്ഥാനം കിട്ടാൻ യോഗ്യതയുള്ളവരാണെന്ന പ്രചാരണവും ഇടതു മുന്നണിക്ക് തലവേദനയാകും.

ആവേശത്തോടെ ബി.ജെ.പി:

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ പടല പിണക്കങ്ങൾ മൂലം സർവ്വസമ്മതനായ ഒരു സ്ഥാനാർത്ഥിയെ കിട്ടാതായപ്പോൾ ആണ് ആർ.എസ്.എസ് ഇടപെടലിലൂടെ, പത്തുമാസംനീണ്ട ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവയ്പിച്ച് കുമ്മനത്തെ തിരുവനന്തപുരത്തേക്ക് ബി.ജെ.പി. തിരികെ കൊണ്ടുവന്നത്. അതോടെ ബി.ജെ.പി. ക്യാമ്പ് ആവേശത്തിലായിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ രണ്ടാമത്തെത്തിയ കുമ്മനത്തിന് നഗരത്തിലെ മണ്ഡലങ്ങളില്‍ ഈ തെരഞ്ഞെടുപ്പിലും ഭേദപ്പെട്ട വോട്ടു ലഭിക്കാനാണ് സാധ്യത. നഗര പരിധിയിലെ നാലു മണ്ഡലങ്ങളിലും നായര്‍ ഉള്‍പ്പെടെയുള്ള സവര്‍ണ ഹൈന്ദവ വിഭാഗങ്ങള്‍ക്കാണ് മേല്‍ക്കൈ. ബി.ജെ.പി. ഇവിടെ മുന്നിട്ടു നില്‍ക്കുന്നതിന്റെ കാരണവുമിതാണ്.

2009 ല്‍, 84000 വോട്ടു മാത്രം നേടി നാലാം സ്ഥാനത്തായിരുന്നു ബി.ജെ.പിയുടെ പി.കെ. കൃഷ്ണദാസ്. എന്നാൽ 2014 ൽ ബി.ജെ.പിക്കു വേണ്ടി മത്സരിച്ച ഒ.രാജഗോപാൽ നേടിയത് 282336 വോട്ടുകളായിരുന്നു. അതായത്, അഞ്ചു വർഷം കൊണ്ട് 2 ലക്ഷം വോട്ടിന്റെ വർദ്ധനവ്. ഈ കണക്കാണ് ബി.ജെ.പിയെ ഇത്തവണ വിജയം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നത്. ശബരിമല വിഷയം തന്നെയായിരിക്കും ബി ജെ പി യുടെ ഇത്തവണത്തെ പ്രചാരണായുധം. കുമ്മനം രാജശേഖരന്റെ സൗമ്യ സ്വഭാവവും, പാർട്ടി ഫണ്ടിന് ദൗർബല്യം ഇല്ലാത്തതും ബി ജെ പിക്കുള്ള മറ്റു അനുകൂല ഘടകങ്ങൾ ആണ്. കുമ്മനം നിരന്തരമായി സാമൂഹിക മാധ്യമങ്ങളിൽ കൂടി ആവശ്യത്തിനും അനാവശ്യത്തിനും ട്രോൾ ചെയ്യപ്പെടുന്നത് കുറച്ചൊക്കെ സഹതാപ വോട്ടായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം ഒരു സഹതാപം ഒ. രാജഗോപാലിന്റെ നിയമസഭ വിജയത്തിന്റെ പിന്നിലും ഉണ്ടായിരുന്നു.

പക്ഷെ, ഒ.രാജഗോപാലിനുള്ള സ്വാധീനം കുമ്മനം രാജശേഖരനുണ്ടോ എന്നതിൽ സംശയമുണ്ട്. കേന്ദ്രത്തിൽ മോദി പ്രഭാവം മങ്ങിയതും, നോട്ടു നിരോധനം മുതൽ ജി.എസ്.ടി വരെയുള്ള നിരവധി വിഷയങ്ങൾ ബി.ജെ.പിക്കു തിരിച്ചടിയാണ്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു നിയോജകമണ്ഡലങ്ങളിലും ചേര്‍ന്ന് ബി.ജെ.പി. മൂന്നാം സ്ഥാനത്തു മാത്രമാണ് എത്തിയത്. അതായതു കഴിഞ്ഞ തവണ രാജഗോപാൽ നേടിയത് പാർട്ടി വോട്ടുകൾ അല്ലെന്നു വ്യക്തം.

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വോട്ട് 2016 ല്‍ നിയമസഭയിലേക്ക് ബി.ജെ.പിക്ക് ലഭിച്ചത് രാജഗോപാൽ മത്സരിച്ച നേമത്തു മാത്രമാണ്. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും നേരിയ തോതില്‍ വോട്ടു വര്‍ദ്ധിച്ചപ്പോള്‍ തിരുവനന്തപുരം, കോവളം, പാറശ്ശാല എന്നിവിടങ്ങളില്‍ നേരിയ തോതിലും, നെയ്യാറ്റിന്‍കരയില്‍ പകുതിയ്ക്കടുത്തും, ബി.ജെ.പിക്ക് വോട്ടു കുറഞ്ഞു. അതായതു കുറെയൊക്കെ രാജഗോപാലിന് കിട്ടിയ വ്യക്തിപരമായ വോട്ടുകളാണ്.നാടാര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ള മണ്ഡലങ്ങളായ കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല മണ്ഡലങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ പറ്റാത്തതാണ് ബി.ജെ.പിയെ കുഴയ്ക്കുന്ന പ്രശ്നം.

ആത്മവിശ്വാസത്തോടെ കോൺഗ്രസ്സ്:

കഴിഞ്ഞ രണ്ടു തവണയും നേടിയ വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ്സ്. മറ്റു മണ്ഡലങ്ങളിൽ യോജിച്ച സ്ഥാനാർത്ഥികളെ ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും, തിരുവനന്തപുരത്തു ആര് എന്ന് കോൺഗ്രസ്സിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പൂർണ്ണമായും ശശി തരൂരിന്റെ വ്യക്തിപ്രഭാവത്തെ ആശ്രയിക്കുകയാണ് കോൺഗ്രസ്സ്. പതിവിനു വിപരീതമായി ഇത്തവണ വേറൊരു സ്ഥാനാർത്ഥിത്വമോഹിയുടെ പേരു പോലും കോൺഗ്രസ്സിൽ നിന്നും പറഞ്ഞു കേട്ടില്ല.

ശശി തരൂരിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പത്തു വര്‍ഷമായുള്ള മണ്ഡലത്തിലെ സ്വാധീനംതന്നെയാണ് പ്രധാന ഘടകം. നഗരത്തിനുള്ളിലെ മണ്ഡലങ്ങളിലെ വോട്ടില്‍ കാര്യമായ കുറവുണ്ടാകാതിരിക്കുകയും, വെളിയിലെ മണ്ഡലങ്ങളില്‍ നിന്ന് കഴിഞ്ഞ തവണത്തേതുപോലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സാധ്യമാകുകയും ചെയ്താല്‍ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. അതിനെല്ലാം പുറമെ ബി.ജെ.പിയെയും മോദിയെയും ദേശീയ തലത്തിൽ പ്രതിരോധിക്കുന്ന തരൂരിന് പാർട്ടി ഭേതമന്യേ ഇടതു അനുഭാവികളിൽനിന്നു പോലും വോട്ടു കിട്ടുമെന്ന് കോൺഗ്രസ്സ് കരുതുന്നു. കോൺഗ്രസ്സ് ദേശീയ തലത്തിൽ ഒരു തിരിച്ചുവരവിന്റെ പാതയിലാണെന്നതും രാഹുൽ ഗാന്ധിയുടെ പ്രകടനവും വോട്ടർമാരെ സ്വാധീനിക്കും.

2009 ലെ ഒരു ലക്ഷത്തിനടുത്ത ഭൂരിപക്ഷത്തിൽ നിന്നും 2014 ആയപ്പോൾ സംഭവിച്ച വലിയ വോട്ടു ചോർച്ച ആയിരിക്കും കോൺഗ്രസ്സിന്റെ ഉറക്കം കെടുത്തുക. സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതി ചേർത്തിട്ടുള്ള കേസ് ആയിരിക്കും കോൺഗ്രസ്സ് നേരിടാൻ പോകുന്ന മറ്റൊരു വെല്ലുവിളി. ശബരിമല വിഷയത്തിലെ കോൺഗ്രസ്സ് നിലപാടും ചോദ്യം ചെയ്യപ്പെടും. സി.പി.ഐ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയതും കോൺഗ്രസ്സിന് തിരിച്ചടിയാണ്. പ്രവർത്തന ഫണ്ടിന്റെ കുറവും ബി.ജെ.പിയെയും, സി.പി.എമ്മിനെയും വെല്ലുന്ന ഒരു പ്രചാരണം നടത്തുന്നതിൽ നിന്നും കോൺഗ്രസ്സിനെ പിന്നോട്ടടിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *