Fri. Nov 22nd, 2024
മുംബൈ:

കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും, പ്രതിസന്ധികളില്‍ തളരാതെ വിജയം വരെ പിടിച്ചു നിൽക്കാനുള്ള നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ, ജീവിതത്തില്‍ നേടാനാവാത്തതായി ഒന്നുമില്ല എന്ന ലളിതമായ പാഠം തന്റെ ജീവിതത്തിലൂടെ നമുക്ക് പകര്‍ന്നു നല്‍കുകയാണ് മുംബൈയിലെ ഒരു ദോശാവാലയായ പ്രേം ഗണപതി.
150 രൂപയിൽ നിന്നു തുടങ്ങി ഇന്ന് 30 കോടിയിലേറെ മാസവരുമാനമുണ്ട് തൂത്തുക്കുടി സ്വദേശിയായ പ്രേം ഗണപതിയ്ക്ക്. വീടിന്റെ മുഴുവൻ ഭാരവും തന്റെ ചുമലിലേക്കു വന്നപ്പോൾ, പതറാതെ പണം സമ്പാദിക്കണമെന്നു സ്വപ്നങ്ങൾ കണ്ടതും, അതിനായി മുന്നിട്ടിറങ്ങിയതുമൊക്കെയാണ് പ്രേമിനെ ഇന്നത്തെ ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യത്തിന്റെ അധിപനാക്കിയത്. ഭാഷ പോലും അറിയാത്ത നാട്ടിൽ വന്ന പ്രേം ഗണപതി, ജോലിക്കായി അലഞ്ഞു നടന്നതിന്റെയും, വിയർപ്പൊഴുക്കിയതിന്റെയും, ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം കഠിന പ്രയത്നത്താൽ വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയതിന്റെയും കഥകൾ ഏതൊരു നവസംരംഭകനും ഒരു പാഠപുസ്തകമായിരിക്കും.

തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ നാഗാലപുരം എന്ന കൊച്ചുഗ്രാമത്തിൽ പാവപ്പെട്ട കുടുംബത്തിലാണ് പ്രേം ജനിച്ചത്. യോഗാ അധ്യാപകനായിരുന്നു പ്രേമിന്റെ അച്ഛൻ. അഞ്ചു സഹോദരന്മാരും ഒരു സഹോദരിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രേം പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കൃഷിയിൽ നഷ്ടം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ അച്ഛന്റെ സമ്പാദ്യമെല്ലാം നഷ്ടമാകുന്നത്. അങ്ങനെ വീടിന്റെ ഭാരം മുഴുവൻ പ്രേമിന്റെ ചുമലിലായി. മറ്റൊരു വഴിയും മുന്നിൽ കാണാതായതോടെ, എങ്ങനെയും പണം സമ്പാദിക്കുക എന്ന ലക്ഷ്യവുമായി 17ാമത്തെ വയസ്സിൽ, പ്രേം മുംബൈയിലേക്കു വണ്ടി കയറി.

കയ്യിൽ വെറും 200 രൂപയുമായാണ് മുബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിൽ പ്രേം ഇറങ്ങിയത്. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് ആകെയുള്ള സമ്പാദ്യമടങ്ങിയ പേഴ്‌സ് ആരോ തട്ടിയെടുത്തു. അപരിചിതമായ നഗരം. ഹിന്ദി തീരെ വശമില്ല. പരിചയക്കാരായി ഒരാളുപോലുമില്ല. എന്തു ചെയ്യണമെന്നറിയാതെ പേടിച്ചരണ്ടു നിന്ന പയ്യന്റെ ദയനീയാവസ്ഥ കണ്ട മറ്റൊരു തമിഴ്‌നാട്ടുകാരന്‍, അവനെയും കൂട്ടി തൊട്ടടുത്ത ക്ഷേത്രത്തിലേക്കു പോയി. നാട്ടിലേക്ക് തിരികെ പോവാനുള്ള പണം ഭക്തരില്‍ നിന്ന് സംഘടിപ്പിച്ചു നല്‍കി. എന്നാൽ, നാട്ടിലേക്കു തിരിച്ചു പോകാതെ മുംബൈ മഹാനഗരത്തിൽ പിടിച്ചു നിൽക്കാനായിരുന്നു പ്രേമിന്റെ തീരുമാനം.

തമിഴ് മാത്രം വശമുണ്ടായിരുന്ന പ്രേം തുടക്കത്തിൽ ഭാഷയു‌ടെ പേരിലാണ് പ്രശ്നങ്ങൾ നേരിട്ടത്. ജോലി തേടി നാളുകൾ അലഞ്ഞതിനൊടുവിൽ ഒരു ബേക്കറിയിൽ ജോലിക്കായി ആളെ തിരയുന്നുണ്ടെന്നു കേട്ടു. അവിടുത്തെ പാത്രങ്ങൾ കഴുകുകയായിരുന്നു പ്രധാനജോലി. മാസം 150 രൂപയായിരുന്നു വരുമാനം. ബേക്കറിയിൽ തന്നെ താമസവും. പ്രേം ജോലി ചെയ്യുന്ന ഹോട്ടലിനു സമീപം വേറൊരാൾ ദോശ റെസ്‌റ്റോറന്റ് തുടങ്ങിയത് വഴിത്തിരിവായി. പാത്രം കഴുകുന്ന പണിക്കു പകരം ടീ ബോയ് ആയി ജോലിനല്‍കാമെന്ന് പുതിയ മുതലാളി പറഞ്ഞു. ബിസിനസ് രംഗത്തേക്കുള്ള വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്.

ഗണപതിയുടെ മാന്യവും സ്‌നേഹസമ്പന്നവുമായ പെരുമാറ്റവും ചായവില്‍ക്കുന്ന രീതിയും ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രദേശവാസികളുടെ പ്രിയങ്കരനായി മാറിയ പ്രേമിന്റെ ചായക്കച്ചവടം പൊടിപൊടിച്ചു. മറ്റുള്ളവർ വില്‍ക്കുന്നതിന്റെ മൂന്നിരട്ടി ചായ അവന്‍ വിറ്റു. ദിവസം ആയിരത്തിലേറെ രൂപയുടെ ചായയാണ് പുതിയ മുതലാളിക്കു വേണ്ടി പ്രേം വില്‍പ്പന നടത്തിയത്.

ഗണപതിയുടെ ബിസിനസ് മിടുക്ക് തിരിച്ചറിഞ്ഞ ഒരു കസ്റ്റമര്‍, ഒരു ആശയം മുന്നോട്ടുവച്ചു. മുംബൈയിലെ വാഷിയിൽ ഒരു പുതിയ ടീ ഷോപ്പ് തുടങ്ങാം. മുതല്‍മുടക്ക് അയാള്‍ വഹിക്കും. ഷോപ്പ് ഗണപതി നടത്തണം. ലാഭം 50-50 അനുപാതത്തില്‍ വീതിച്ചെടുക്കാം. പ്രതീക്ഷിച്ച പോലെ കച്ചവടം പൊടിപൊടിച്ചു. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ മുതലാളിക്ക് അത്യാഗ്രഹം മൂത്തു. ലാഭത്തിന്റെ പകുതി ഗണപതി സ്വന്തമാക്കുന്നത് അയാള്‍ക്ക് സഹിച്ചില്ല. പകരം വേറൊരാളെ വെച്ച് ഗണപതിയെ അയാള്‍ കടയില്‍ നിന്ന് പറഞ്ഞുവിട്ടു.

അങ്ങനെ പല റെസ്റ്റോറന്റുകളിൽ ജോലി ചെയ്ത് തന്നെക്കൊണ്ടു കഴിയുംവിധം പ്രേം സമ്പാദിച്ചു തുടങ്ങി. ഇതിനിടയിൽ പിസാ ഡെലിവറി ബോയ് ആയും നവി മുംബൈയിലെ മറ്റൊരു റെസ്റ്ററന്റിൽ പാത്രം കഴുകുന്ന ജോലിയുമൊക്കെ ഏറ്റെടുത്തു. എങ്ങനെയും കാശുണ്ടാക്കുകയായിരുന്നു ലക്ഷ്യം, അതിനായി സ്വയംമറന്ന് അധ്വാനിക്കാനുള്ള മനസ്സും പ്രേമിനുണ്ടായിരുന്നു.കിട്ടുന്ന ഓരോ ചില്ലിക്കാശും സൂക്ഷിച്ചുവച്ചു. 1992 ലാണ് സ്വന്തമായി ഒരു ഉന്തുവണ്ടി വാങ്ങി വാഷി സ്റ്റേഷനു പുറത്ത് തട്ടുകട തുടങ്ങിയത്. 150 രൂപയ്ക്ക് ഒരു കൈവണ്ടിയും 1000 രൂപയ്ക്ക് പാത്രങ്ങളും മറ്റു സാധനങ്ങളും. നാട്ടിൽ നിന്ന് തന്റെ ഇളയ രണ്ട് സഹോദരങ്ങളേയും പ്രേം വിളിച്ചുവരുത്തി.

ദോശയും ഇഡ്ഡലിയും ആയിരുന്നു പ്രധാന ഐറ്റം. എന്നാല്‍ ആളുകളെ അവിടേക്ക് ആകര്‍ഷിച്ചത് അവിടത്തെ വൃത്തിയും വെടിപ്പുമായിരുന്നു. മറ്റു തട്ടുകടകളില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ശുചിത്വം, നിരവധി ഉപഭോക്താക്കളെ ഗണപതിക്ക് നല്‍കി. കോളേജ് കുട്ടികളായിരുന്നു ഉപഭോക്താക്കളിലേറെയും. തനി തമിഴ് നാടൻ ദോശയ്ക്കും സാമ്പാറിനുമൊപ്പം വിദ്യാർത്ഥിസുഹൃത്തുക്കളുടെ സഹായത്തോടെ ഇന്റർനെറ്റിൽനിന്ന് ലഭിച്ച വ്യത്യസ്ത ദോശകളുടെ പാചകവിധിയും പ്രേം പരീക്ഷിച്ചുനോക്കി.

അങ്ങനെ, പലതരം ദോശ ലഭിക്കുന്ന വഴിയോര കേന്ദ്രമായി പ്രേമിന്റെ തട്ടുകട മാറി. മാസം 20,000 രൂപ വരുമാനം ലഭിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. എന്നാല്‍, പോലീസായിരുന്നു വലിയ തലവേദന. റോഡരികിലെ ഉന്തുവണ്ടി ഇടയ്ക്കിടെ പോലീസ് പിടിച്ചുടുത്തു കൊണ്ടുപോയി. അതു തിരിച്ചെടുക്കാന്‍ വലിയ പിഴ നല്‍കുകയല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ, അഞ്ചു വര്‍ഷം ഉന്തുവണ്ടിയിലെ ദോശക്കട തുടര്‍ന്നു.

മുനിസിപ്പാലിറ്റി അധികൃതർ തന്റെ വണ്ടി മിക്കവാറും പിടിച്ചുവെക്കുന്നതിൽ മനംമടുത്താണ് ഒരു ചെറിയ മുറിയിൽ കച്ചവടം ആരംഭിക്കാൻ പ്രേം തീരുമാനിക്കുന്നത്. 1997 ൽ ചെറിയൊരു മുറിയും സ്ഥലവും പാട്ടത്തിനെടുത്ത് തന്റെ ദോശവിൽപന അങ്ങോട്ടേക്കു മാറ്റി. അങ്ങനെ പ്രേം സാഗർ ദോശ പ്ലാസ എന്ന പേരിൽ അവി‌ടെ ദോശ വിൽപനയും ആരംഭിച്ചു. രണ്ടു ജോലിക്കാരെയും പ്രേം കൂടെവച്ചു, അന്ന് ആ സ്ഥലത്തിനു മാത്രം കൊടുക്കേണ്ടിയിരുന്ന വാടക അയ്യായിരമായിരുന്നു. “ദോശ പ്ലാസ” എന്ന പേരു നൽകിയതിനു പിന്നിലും ഒരു കാരണമുണ്ട്. കാരണം മറ്റെങ്ങും കിട്ടാത്ത വിധത്തിലുള്ള ഇരുപത്തിയാറോളം വ്യത്യസ്ത വിധത്തിലുള്ള ദോശകളാണ് പ്രേം ഒരുക്കിയിരുന്നത്. ഷെസ്‌‌വാൻ ദോശ, പനീര്‍ ചില്ലി, സ്പ്രിങ് റോൾ ദോശ എന്നിങ്ങനെ അതിന്റെ പട്ടികയും നീളും. അങ്ങനെ പ്രേമിന്റെ ദോശവിൽപന പ്രചാരമേറി തുടങ്ങി. ആയിരവും പതിനായിരവും കടന്ന് മാസവരുമാനം ലക്ഷത്തിലേക്കെത്തി.

ബിസിനസ് കൂടിയതോടെ കൂടുതല്‍ തൊഴിലാളികളെ ജോലിക്കു വച്ചു. അതിനിടെ ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകരിലൊരാളാണ് നവി മുംബൈയിലെ “സെന്റര്‍ വണ്‍” ഷോപ്പിംഗ് മാളിലെ ഫുഡ്‌കോര്‍ട്ടില്‍ ദോശ പ്ലാസയുടെ ശാഖ തുടങ്ങിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്. വളര്‍ച്ചയുടെ രണ്ടാം ഘട്ടമായിരുന്നു അത്. അതും വലിയ ഹിറ്റായി. ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇതും വളര്‍ന്നു. ക്രമേണ പരസ്യ ഏജന്‍സിയെ സമീപിച്ച് ദോശ പ്ലാസക്ക് ഒരു ലോഗോയും മെനു കാര്‍ഡും ഡിസൈന്‍ ചെയ്തു. വെയിറ്റര്‍മാര്‍ക്ക് പ്രത്യേക ഡ്രസ് കോഡും ഏര്‍പ്പെടുത്തി. 2002 ആയപ്പോഴേക്ക് ദോശകളുടെ വൈവിധ്യം 105 ലേക്ക് ഉയർന്നു.

ദോശ പ്ലാസയുടെ പ്രശസ്തി നാടെങ്ങും പരന്നതോടെ അതിന്റെ ഫ്രാഞ്ചൈസികള്‍ തുടങ്ങാനായി നിരവധി പേര്‍ താല്‍പര്യവുമായെത്തി. പിന്നീട് പ്രേം ഗണപതിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാജ്യത്തിനകത്തും പുറത്തും നിരവധി ശാഖകളുള്ള ഹോട്ടല്‍ ശൃംഖലയായി ദോശ പ്ലാസ വളര്‍ന്നു പന്തലിച്ചു. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലും ഒമാന്‍, ദുബായ്, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലും ദോശ പ്ലാസയ്ക്ക് ബ്രാഞ്ചുകളുണ്ട്. അഞ്ചു പൈസ പോലും കൈവശമില്ലാതെ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനു പുറത്ത് നിസ്സഹായനായി നിന്ന ഗണപതി മുപ്പതിലേറെ കോടി ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉമടയാണിപ്പോള്‍. യു.എസ്സും യൂറോപ്പുമാണ് ഗണപതിയുടെ പുതിയ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *