ടോക്കിയോ:
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി 116 വയസ്സുകാരി കെയിൻ ടനാക്ക ഗിന്നസ് ബുക്കിൽ. ഇതിനു മുൻപ് ലോക മുത്തശ്ശി പദവിയിലിരുന്ന 2 പേരും ജപ്പാൻകാർ ആയിരുന്നു. ഇതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച വനിതയെന്ന റെക്കോർഡ് ഫ്രഞ്ച് മുത്തശ്ശി ജെന്നെ ലൂയിസ് കാൽമെറ്റിന്റെ (122) പേരിലാണ്.
ഗണിതം പഠിച്ചും, ബോര്‍ഡ് ഗെയിമുകള്‍ കളിച്ചും, നൂറ്റി പതിനാറാം വയസ്സിലും ജീവിതം ആസ്വദിക്കുകയാണ് ജപ്പാനീസ് മുത്തശ്ശി കെയിൻ ടനാക്ക. പടിഞ്ഞാറന്‍ ജപ്പാനിലെ ഫുകുവോക്കയിലെ ഒരു നഴ്‌സിങ് ഹോമിലാണ് മുത്തശ്ശി കഴിയുന്നത്. ഗിന്നസ് നേട്ടം ഇവിടെ മുത്തശ്ശി ആഘോഷിച്ചു. ബന്ധുക്കളും നഴ്‌സിങ് ഹോം ജീവനക്കാരും പ്രാദേശിക ഭരണ നേതാക്കളും പങ്കെടുത്ത ആഘോഷച്ചടങ്ങളില്‍ കേക്കു മുറിച്ചും പാട്ടിനൊത്ത് താളം പിടിച്ചുമാണ് ടനാക്ക മുത്തശ്ശി ലോക റെക്കോര്‍ഡ് നേട്ടം ആഘോഷിച്ചത്.
ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷമേതായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോള്‍ എന്നായിരുന്നു അവരുടെ മറുപടി. 1922-ല്‍ വിവാഹിതയായ ടനാക്കക്കു നാലു മക്കളും ദത്തെടുത്ത മറ്റൊരു കുട്ടിയുമുണ്ട്. ദിവസവും വെളുപ്പിന് ആറു മണിക്ക് എഴുന്നേറ്റ് ദിനചര്യകള്‍ തുടങ്ങുന്ന മുത്തശ്ശി ഗണിതം പഠിച്ചും കയ്യെഴുത്തുകല അഭ്യസിച്ചുമാണ് സമയം നീക്കുന്നത്. ലോകത്ത് ഏറ്റവും പ്രായമേറിയവരുടെ റെക്കോര്‍ഡ് സ്വന്തമാക്കിയവരില്‍ ജപ്പാൻകാർ പലരുമുണ്ട്. ലോകത്ത് ആയുര്‍ദൈഘ്യ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ചോറും മീനും പച്ചക്കറികളും പ്രധാന ആഹാരമാക്കിയ ജപ്പാൻകാർ 80 വയസ്സിലും ആരോഗ്യത്തോടെ ജോലി ചെയ്യുന്നവരാണ്. ജപ്പാനിലെ വടക്കു കിഴക്കൻ ദ്വീപായ ഹൊക്കെയ്ഡോ സ്വദേശിയായ മസാസോ നൊനാക്കയുടെ (113) മരണത്തോടെ ലോക മുത്തശ്ശനെ തിരയുന്ന തിരക്കിലാണ് ഗിന്നസ് അധികൃതർ.