തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയതിനെത്തുടർന്ന്, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ലേലം നടന്നിരുന്നത്. ഇതിൽ കേരള സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ് പങ്കെടുത്തിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ടെൻഡർ നടപടിയിലുടനീളം കെ.എസ്.ഐ.ഡി.സി, അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നതിനെ എതിർത്തിരുന്നു. വിമാനത്താവളങ്ങൾ ഏറ്റെടുത്തു നടത്തിക്കൊണ്ടു പോകുന്നതിൽ മുൻ പരിചയമില്ലാതെ അദാനി ഗ്രൂപ്പിന് ചുമതല നൽകിയത്, പൂർണമായും നിയമ വിരുദ്ധമാന്നെന്നും, ചട്ട വിരുദ്ധമാണെന്നും കെ.എസ്.ഐ.ഡി.സി. പറയുന്നു.
തിരുവനന്തപുരം എയർ പോർട്ടിനു പുറമെ, മംഗലാപുരം, അഹമ്മദാബാദ്, ജയ്‌പൂർ, ലൿനൌ എന്നീ എയർ പോർട്ടുകളുടെയും കരാർ അദാനി ഗ്രൂപ്പിനാണ് ലഭിച്ചിരിക്കുന്നത്. ലേലത്തിൽ ബി.ജെ.പി നേതാക്കൾ അഴിമതി കാണിച്ചുവെന്നു കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
“ഇന്ത്യയിൽ ലേലത്തിലുണ്ടായ ആറിൽ അഞ്ച് എയർപോർട്ടും, ഈ മേഖലയിൽ യാതൊരു അനുഭവ സമ്പത്തുമില്ലാത്ത ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് കൈവശപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞു. അദാനിയ്ക്കു എയർപോർട്ടുകളെ അറിയില്ലായിരിക്കാം, പക്ഷെ മോദിയെ നന്നായി അറിയുന്നുണ്ടാവണം,” പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ ലേലത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നും, അതുകൊണ്ടാണ് അഞ്ചു വിമാനത്താവളങ്ങളും സ്വന്തമാക്കാൻ അദാനിക്ക് സാധിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൈമാറുന്നതിനോട് ആദ്യമേ എതിർപ്പു പ്രകടിപ്പിച്ച കേരള സർക്കാർ, പിന്നീട് സിയാൽ മാതൃകയിൽ തിരുവനന്തപുരം വിമാനത്താവളം നിലനിർത്താനായി ലേലത്തിൽ പങ്കെടുക്കുകയായിരുന്നു. ഇതിനായി ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും രൂപീകരിച്ചിരുന്നു. എങ്കിലും കെ.എസ്.ഐ.ഡി .സി യുടെ പേരിലാണ് പങ്കെടുത്തത്.