Wed. Apr 24th, 2024
ചെന്നൈ:

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ, പ്രശസ്ത നടൻ കമൽ ഹാസൻ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാൻ ബാറ്ററി ടോർച്ചിന്റെ പ്രതീകം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു കൊടുത്തിരുന്നു. തുടർന്ന് കമൽ ഹാസന്റെ പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന തിരക്കിലേക്ക് കടന്നിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള കമൽ ഹാസൻ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് രാഷ്ട്രീയ പ്രവർത്തനത്തിലും സ്വീകരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ (എം.എൻ.എം) സ്ഥാനാർത്ഥികളായി മത്സരിക്കാൻ വ്യക്തികളിൽ നിന്നും പാർട്ടി അപേക്ഷ ക്ഷണിച്ചിരുന്നു. എം.എൻ.എം. അംഗങ്ങൾ അല്ലാത്തവരിൽ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നു. 1300 അപേക്ഷകളാണ് ഇതുവരെയും ലഭിച്ചത്.

ഈ അപേക്ഷകളിൽ നിന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന്റെ ആദ്യ പടിയായി, അപേക്ഷകരെ അഭിമുഖം നടത്തുന്ന തിരക്കിലാണ് കമൽ ഹാസനും മറ്റു പാർട്ടി നേതാക്കളും. കമൽ ഹാസനെ കൂടാതെ പാർട്ടി അംഗങ്ങളായ നടി കോവൈ സരള, കാർട്ടൂണിസ്റ്റ് മധൻ, ജനറൽ സെക്രട്ടറി അരുണാചലം, സെലക്ഷൻ പാനൽ തലവൻ ഡോക്ടർ മഹേന്ദ്രൻ എന്നിവരാണ് അഭിമുഖം നടത്തുന്നത്.

അപേക്ഷകർ അവരുടെ നിയോജക മണ്ഡലത്തിൽ ചെയ്തിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾ, മത്സരിക്കുകയാണെങ്കിൽ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്ന തന്ത്രങ്ങൾ തുടങ്ങിയവയായിരിക്കും അടിസ്ഥാന ചോദ്യങ്ങൾ. ഈ അഭിമുഖത്തിൽ നിന്നും ഓരോ നിയോജക മണ്ഡലത്തിലേക്ക് മൂന്നുപേരെ വീതം തിരഞ്ഞെടുക്കുന്നതാണ് അടുത്തപടി. തുടർന്ന് ഇവരെ നിയോജകമണ്ഡലത്തിലെ ജനങ്ങളുമായി ആശയ വിനിമയം നടത്താനുള്ള അവസരം ഉണ്ടാക്കുകയും തുടർന്ന് പൊതുജനാഭിപ്രായം അനുസരിച്ച്‌ മൂന്നുപേരിൽ നിന്നും ഒരാളെ അന്തിമ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുക എന്നതുമാണ് എം.എൻ.എംന്റെ പദ്ധതി. പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുക എന്നതാണ് കമൽ ഹാസന്റെയും പാർട്ടിയുടെയും ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *