ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ, മുംബൈ സിറ്റി എഫ് സിയോട് 1-0ത്തിന് തോറ്റെങ്കിലും എഫ് സി ഗോവ ഫൈനലിൽ കടന്നു. മുംബൈയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ നേടിയ 5-1ന്റെ കൂറ്റൻ വിജയത്തിന്റെ തണലിലാണ്, ഗോവയുടെ മുന്നേറ്റം. ഇരുപാദത്തിലുമായി 5-2 ഗോൾ ശരാശരിയിൽ, ഗോവ ഫൈനൽ ബർത്ത് ഉറപ്പിക്കുകയായിരുന്നു.
ആറാം മിനിറ്റിൽ ബ്രസീലിയൻ താരം റഫേല്‍ ബസ്റ്റോസാണ്, മുംബൈ സിറ്റിയുടെ രണ്ടാം പാദത്തിലെ വിജയ ഗോള്‍ നേടിയത്. ഇസ്സോക്കോയുടെ പാസിൽ നിന്നാണ് ബാസ്റ്റോസ് ഗോൾ നേടിയത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ ഗോവൻ പ്രതിരോധം കാണിച്ച പിഴവാണ്, ഗോളിൽ കലാശിച്ചത്. ആദ്യ പാദത്തിലും മുംബൈയുടെ ഗോൾ നേടിയത് ബാസ്റ്റോസായിരുന്നു.
ഞായറാഴ്ച മുംബൈ ഫുട്ബാൾ അരീനയിൽ നടക്കുന്ന ഫൈനലിൽ, ബെംഗളൂരു എഫ് സിയാണ് ഗോവയുടെ എതിരാളികൾ. കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തിൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4–2ന് പിന്തള്ളിയാണ്, ബെംഗളൂരു ഫൈനലിൽ കടന്നത്. ആദ്യ പാദം 1–2നു തോറ്റ ബെംഗളൂരു, സ്വന്തം മൈതാനത്ത് 3–0ന്റെ വിജയം നേടിയാണ് നോർത്ത് ഈസ്റ്റിന്റെ വെല്ലുവിളി മറികടന്നത്. ബംഗളൂരും ഗോവയും രണ്ടാം തവണയാണ് ഐ.എസ്.എൽ ഫൈനലിൽ പ്രവേശിക്കുന്നത്.