പട്‌ന:
ബീഹാറില്‍ സീറ്റ് ചര്‍ച്ചയില്‍ അന്തിമ രൂപമാകാതെ പ്രതിപക്ഷ സഖ്യം. ഭരണകക്ഷിയായ ജെ.ഡി.യു-ബി.ജെ.പി. സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടന്നിട്ടും കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുമാസം പോലുമില്ലാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനം ഇനിയും വൈകിയാല്‍ തനിച്ചു മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബീഹാർ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് തീരുമാനം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ് മാതൃകയില്‍, വേണ്ടി വന്നാല്‍ തനിച്ച് മത്സരിക്കാമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഇന്ന് അന്തിമ ചര്‍ച്ച ദില്ലിയില്‍ നടക്കുകയാണ്. ഇതില്‍ തീരുമാനമായിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് കടുത്ത തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ഹമായ സീറ്റുകള്‍ തങ്ങള്‍ക്കു കിട്ടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ആര്‍.ജെ.ഡി. വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടുമില്ല. പ്രതിപക്ഷ സഖ്യത്തില്‍ ഒട്ടേറെ കക്ഷികളാണുള്ളത്. ആകെയുള്ളത് 40 ലോക്‌സഭാ മണ്ഡലങ്ങളും. 12 സീറ്റ് ലഭിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തനിച്ചു മത്സരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ് പറഞ്ഞത്. ഇക്കാര്യം ബീഹാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെയും അറിയിച്ചിട്ടുണ്ട്.
ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി, വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ലോക്തന്ത്രിക് ജനതാദള്‍, ഇടതുകക്ഷികള്‍ എന്നിവരാണ് പ്രതിപക്ഷ മുന്നണിയിലുള്ളത്. ഇത്രയും പാര്‍ട്ടികള്‍ക്ക് 40 സീറ്റുകള്‍ വീതംവെക്കുന്നതാണ് പ്രധാന വെല്ലുവിളി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ദില്ലിയില്‍ നിര്‍ണായക യോഗം ചേരും. ഈ യോഗത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്. അതുണ്ടായില്ലെങ്കില്‍, സഖ്യം പൊളിഞ്ഞേക്കുമെന്നാണ് സൂചന.ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി, ആര്‍.എല്‍.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹ, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സഹാനി എന്നിവര്‍ ദില്ലിയിലെത്തി. ഇന്നത്തെ ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകുമെന്ന് നേതാക്കള്‍ പ്രതികരിച്ചു.
2014 ല്‍ കോണ്‍ഗ്രസ് 12 സീറ്റുകളിലാണ് മല്‍സരിച്ചത്. സമാനമായ സീറ്റുകള്‍ ഇത്തവണയും കിട്ടണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. എന്നാല്‍ അത് ശരിയാകില്ലെന്ന് ആര്‍.ജെ.ഡി. പറയുന്നു. ആര്‍.ജെ.ഡി. 18 സീറ്റിലും, കോണ്‍ഗ്രസ് 12 സീറ്റിലും മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം. ബാക്കി വരുന്ന 10 സീറ്റുകള്‍ വിഭജിക്കാം. ആര്‍.എല്‍.എസ്.പിയ്ക്കു മൂന്നു സീറ്റുകള്‍, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ഒന്ന്, ശരത് യാദവിന്റെ പാര്‍ട്ടിക്ക് ഒന്ന്, ബാക്കി അഞ്ചു സീറ്റുകള്‍ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്കും ഇടതു പാര്‍ട്ടികള്‍ക്കുമായി വീതിക്കാമെന്നുമാണ് ചര്‍ച്ച. എന്നാല്‍ തങ്ങള്‍ക്ക് 22 സീറ്റ് കിട്ടണമെന്നാണ് ആര്‍.ജെ.ഡിയുടെ ആവശ്യം. കോണ്‍ഗ്രസിന് 11 സീറ്റ് നല്‍കുമെന്നും അവര്‍ പറയുന്നു.
സീറ്റ് വിഭജനത്തില്‍ മാത്രമല്ല സഖ്യത്തില്‍ തര്‍ക്കമുള്ളത്. ചില സീറ്റുകളിലും തര്‍ക്കമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്ന സീറ്റില്‍ ഇടതുപാര്‍ട്ടികളും ആവശ്യമുന്നയിക്കുന്നുണ്ട്. ഈ സീറ്റുകളില്‍ ഒരുപക്ഷേ സൗഹൃദ മത്സരം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.