Mon. Dec 23rd, 2024

ഡൽഹി:

പുൽവാമ ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യ-പാകിസ്താൻ സംഘർഷവും പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി യെ പരാജയപ്പെടുത്തുമെന്ന് 56 % ജനങ്ങൾ കരുതുന്നതായി ആം ആദ്‌മി പാർട്ടി നടത്തിയ സർവെ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ബി.ജെ.പി കൈകാര്യം ചെയ്ത രീതിയിൽ ജനങ്ങൾക്കിടയിൽ ബി.ജെ.പിക്കെതിരെ പ്രതികൂല വികാരമാണ് സൃഷ്ടിച്ചതെന്നും ആം ആദ്‌മി പാർട്ടി നടത്തിയ സർവെ പ്രകാരം കെജ്രിവാൾ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, സർവെ നടത്തിയ രീതിയെക്കുറിച്ചോ, മറ്റു വിശദാംശങ്ങളെക്കുറിച്ചോ വെളിപ്പെടുത്താൻ കെജ്രിവാൾ തയ്യാറായില്ല. മാർച്ച് 5 നും 6 നും ഇടയിൽ ഡൽഹിയിലെ 5,00,000 പേരുമായി ഫോണിലൂടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർവെ തയ്യാറാക്കിയിരിക്കുന്നതെന്നും ഒന്നിലധികം സ്വകാര്യ സ്ഥാപനങ്ങൾക്ക് ഫോൺ വിളിക്കാനുള്ള ചുമതല ഏൽപ്പിക്കുകയായിരുന്നു എന്നും സൂചനകളുണ്ട്.

പുൽവാമ ആക്രമണത്തെത്തുടർന്നുണ്ടായ നടപടികൾ ബി.ജെ.പിയെ പരാജയപ്പെടുത്തും എന്നാണ് ഡൽഹിയിൽ നിന്നും സർവെയിൽ പങ്കെടുത്തവരിൽ 56 % വരുന്ന ജനങ്ങളും കരുതുന്നതെന്ന് കെജ്രിവാൾ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. പുൽവാമയെ തുടർന്നുള്ള ഇന്ത്യ-പാക് സംഘർഷം ബി.ജെ.പിക്കു ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്നതാണ് പ്രധാന ചോദ്യമെന്നും ഒരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി കെജ്രിവാൾ കുറിച്ചു.

ഡൽഹിയിലെ മുസ്ലീങ്ങൾ ആം ആദ്‌മി പാർട്ടിക്ക് വോട്ടു ചെയ്യാനാണ് താല്പര്യപ്പെടുന്നതെന്നും സർവേയെ മുൻനിർത്തി കെജ്രിവാൾ പറഞ്ഞു. ഹിന്ദുക്കൾ തീർച്ചയായും കോൺഗ്രസ്സിനു വോട്ടു ചെയ്യില്ലെന്നും, തുടക്കത്തിൽ, മുസ്ലീങ്ങൾ ആശയക്കുഴപ്പത്തിലായിരുന്നെന്നും, എന്നാൽ, ഇപ്പോൾ അവർ ആം ആദ്‌മി പാർട്ടിക്ക് അനുകൂലമാണെന്നും കെജ്രിവാൾ പറഞ്ഞു.

അതേസമയം പുൽവാമ ഭീകര ആക്രമണത്തിന് പ്രതികാരമായി ബാലാകോട്ടിൽ വ്യോമസേന നടത്തിയ ആക്രമണം, കെജ്രിവാളിന് രാഷ്ട്രീയമാണെന്നും, എന്നാൽ അതിനെ രാജ്യത്തിന്റെ യശസ്സ് ആയിട്ടാണ് ബി.ജെ.പി കാണുന്നതെന്നും ബി.ജെ.പി എം.എൽ.എ വിജേന്ദർ ഗുപ്ത പ്രതികരിച്ചു. രാജ്യത്തെ പട്ടാളക്കാരുടെ വീരോചിതമായ പ്രവർത്തനത്തെ “ലാഭ നഷ്ട” കണക്കുകൾ വച്ച് അളക്കുന്ന കെജ്രിവാളിന്റെ വാക്കുകൾ ലജ്ജാവഹമാണെന്നും വിജേന്ദർ പറഞ്ഞു . കെജ്രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജേന്ദർ ആരോപിച്ചു. ഡൽഹിയിലെ കോൺഗ്രസിന്റെ വക്താവ് ജിതേന്ദർ കൊച്ചാർ ആം ആദ്‌മിയുടെ സർവെ അസംബന്ധമാണെന്നാണ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *