Mon. Dec 23rd, 2024
കൊച്ചി:

വരുന്ന പൊതുതിരഞ്ഞെടുപ്പിൽ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ, സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിക്കാൻ സാധ്യതയുണ്ടെന്ന് ഐ.ടി വ്യവസായ പ്രമുഖൻ ടി.വി. മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു,
വിജയത്തിനുള്ള സാധ്യത നേരിയ മാർജിനിൽ ഉള്ള മണ്ഡലങ്ങളിൽ, സാമൂഹിക മാധ്യമങ്ങൾ ഒരു പ്രധാന ഘടകം ആയേക്കാം എന്നും ടി.വി. മോഹൻദാസ് പൈ പറഞ്ഞു. പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻദാസ് പൈ ഇങ്ങനെ പറഞ്ഞത്.

നാൽപതു മുതൽ അമ്പതു ശതമാനം വരെ ഉള്ള കന്നി വോട്ടുകാരായ ചെറുപ്പക്കാർ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരാണ്. അവരുടെ വിവര ശേഖരണത്തിന്റെ പ്രധാന സ്രോതസ്സ് സാമൂഹിക മാധ്യമങ്ങളാണ്. അതിനാൽത്തന്നെ, ഇത് വോട്ടിങ്ങിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇൻഫോസിസിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ടി.വി മോഹൻദാസ് അഭിപ്രായപ്പെട്ടു.

യുവാക്കൾ ടിവി കാണുന്നത് കുറവാണെന്നും, അവർ വീഡിയോകൾ കാണുന്നത് യൂട്യൂബിലൂടെയും മറ്റുമാണെന്നും, പത്രം വായിക്കുന്നതിനേക്കാൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനാണ് ചെറുപ്പക്കാർക്ക് താൽപര്യമെന്നും അതിനാൽ തന്നെ വരുന്ന ഇലക്ഷനിൽ സാമൂഹിക മാധ്യമങ്ങൾക്കുള്ള സ്വാധീന ശക്തി കൂടുതലാണെന്നും മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു.

യുവ വോട്ടർമാരെ സ്വാധീനിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് പ്രചോദിപ്പിക്കുന്നതെന്ന് രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ വികാരങ്ങൾ എന്താണെന്നും, അവർക്ക് ഇഷ്ടമുള്ളത് എന്താണെന്നും, അവർ എന്ത് ഇഷ്‌ടപ്പെടുന്നു, അവരുടെ പ്രതീക്ഷകൾ എന്താണ് എന്നും മറ്റും രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കണമെന്നും മോഹൻദാസ് പൈ പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ളവരാണ് യുവാക്കൾ. അതിനാൽ, ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ എന്താണ്, അതിനായി സർക്കാർ എന്തെല്ലാം ചെയ്തു എന്നിവയെക്കുറിച്ചുള്ള കഥകൾ പ്രചരിപ്പിക്കുന്നത് നല്ലതായിരിക്കും എന്നും വലതുപക്ഷ ചായ്‌വ്‌ ഉള്ള മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *