പത്തനംതിട്ട:
പമ്പയിലെ മണൽ വില്‍ക്കാനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഇ-ലേലം പരാജയം. പ്രളയത്തെത്തുടര്‍ന്ന് പമ്പയിലടഞ്ഞ മണലാണ് വില്പനയ്ക്കായി ലേലം നടത്തിയത്.
ഏകദേശം ഒരുലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് പമ്പയില്‍ അടിഞ്ഞത്. ഇതില്‍ 55,000 ക്യുബിക് മീറ്റര്‍ മണല്‍, പമ്പ ഹില്‍ടോപ്പ്, ചക്കുപ്പാലം എന്നിവിടങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ഈ മണലാണ് ലേലത്തിന് വെച്ചത്.
ഉത്സവപൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നതിനാല്‍ മണല്‍ നീക്കം ചെയ്യാത്തത് തീര്‍ത്ഥാടകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പമ്പയാറ്റില്‍ മണലും ചെളിയും അടിഞ്ഞുകൂടി ഉറവകള്‍ മൂടിയനിലയിലാണിപ്പോള്‍. ഇതുമൂലം പമ്പയില്‍ തീര്‍ത്ഥാടകര്‍ക്കു പുണ്യസ്‌നാനത്തിനും ബുദ്ധിമുട്ടു നേരിടുന്നുണ്ട്.
നിലവില്‍, കാലു നനയ്ക്കാനുള്ള വെള്ളംപോലും പമ്പയിലില്ല. മണലിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള ആശങ്കയാണ് പലരും ലേലത്തില്‍നിന്നു വിട്ടുനിന്നതിന്റെ കാരണമെന്നാണ് വനംവകുപ്പു പറയുന്നത്. പ്രളയത്തില്‍ മണ്ണും ചെളിയും ഒരേപോലെയാണ് പമ്പയിലേക്ക് ഒലിച്ചുവന്നത്. ഇതില്‍നിന്നു മണല്‍ മാത്രമായി വേര്‍തിരിക്കുന്നതിലെ ബുദ്ധിമുട്ടും. മണല്‍ വില്‍പനക്കായി 20-ന് വീണ്ടും ലേലം നടത്താണ് തീരുമാനം.