ന്യൂഡല്‍ഹി:
കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍ നിന്നും വയനാട് യാത്ര ഒഴിവാക്കി. വൈത്തിരിയിലെ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, സുരക്ഷ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടതോടെയാണ് യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ഒരാഴ്ച മുമ്പാണ് സി.പി. ജലീൽ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രാഹുലിന്റെ വയനാട് യാത്രയ്ക്ക് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ചതെന്നാണ് വിവരം. കർണാടക അതിർത്തിയായ മംഗലാപുരത്തു നിന്നും റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തുന്ന രാഹുല്‍, പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും, പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ വീടും സന്ദര്‍ശിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതു കൂടാതെ, കോഴിക്കോട് കടപ്പുറത്ത് ഒരു പൊതുറാലി സംഘടിപ്പിക്കാനും പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ട്.
പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച വി.വി. വസന്തകുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് 14-ന് രാഹുൽ വയനാട്ടില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ സമീപത്താണ് വസന്തകുമാറിന്റെ വീട്. ഏറ്റുമുട്ടലുണ്ടായ ലക്കിടിയിൽനിന്ന് വെറ്ററിനറി സർവകലാശാല പരിസരത്തേക്ക് ഏകദേശം മൂന്നുകിലോമീറ്ററോളം ദൂരമേയുള്ളൂ. പരിസരത്തെ വനമേഖലയിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതാണ്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ യാത്ര ഒഴിവാക്കിയത്. ലക്കിടിയിലെ വീട്ടിലെത്തുന്നതിനു പകരം, തൃക്കൈപ്പറ്റയിലെ തറവാട്ടു വീട്ടിലേക്ക് സന്ദർശനം മാറ്റണമെന്ന നിർദ്ദേശം പോലീസ് മുന്നോട്ടുവെക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.
നേരത്തെ ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പോലീസ് വെടിവെപ്പില്‍ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ അതീവസുരക്ഷ പ്രഖ്യാപിച്ചിരുന്നു. വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, മേപ്പാടി, പുല്പള്ളി, കേണിച്ചിറ, തൊണ്ടർനാട് പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോവാദി നേതാക്കളാണ് കൊല്ലപ്പെട്ടത്. നേതാക്കൾ നഷ്ടമായെങ്കിലും, സംഘടനയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ മാവോവാദികൾ ആക്രമണത്തിനു മുതിരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നത്.
മലപ്പുറം, പാലക്കാട് ജില്ലകളിൽ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിയിരുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിനു ശേഷം മാവോവാദികൾ പിൻവലിഞ്ഞിട്ടുണ്ടെങ്കിലും, ഏതുനിമിഷവും അവരുടെ ഭാഗത്തുനിന്ന്, തിരിച്ചടി പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. മാവോവാദികൾ എതുതരത്തിൽ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോലീസ്. മാവോവാദി സംഘങ്ങൾ ജില്ലയുടെ പലഭാഗങ്ങളിലായി തമ്പടിച്ചിട്ടുള്ളതിനാൽ ജില്ലയിലുടനീളം പോലീസ് നിരീക്ഷണം ശക്തമാണ്.
അതേസമയം പോലീസ് വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മാവോവാദി ഭീഷണിയെത്തുടർന്ന് നീലഗിരി ജില്ലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലും ചെക്ക്‌പോസ്റ്റുകളിലുമാണ് സുരക്ഷ വർദ്ധിപ്പിച്ചത്. ചെക്ക് പോസ്റ്റുകളിൽ ഒരു ഇൻസ്പെക്ടർ, നാലു സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്, മൂന്നു പോലീസുകാർ എന്നിവരുൾപ്പെടെ എട്ടു പേരെയാണ് അധികമായി നിയമിച്ചിട്ടുള്ളത്.